ഇക്കുറി മുഴുവന്‍സീറ്റും പിടിക്കാന്‍ BJP, നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ്; 'മധ്യരേഖ' കടക്കുന്നതാര്

#പ്രകാശന്‍ പുതിയേട്ടി
ശിവരാജ് സിങ് ചൗഹാന്‍, കമല്‍നാഥ് | Photo: PTI
ശിവരാജ് സിങ് ചൗഹാന്‍, കമല്‍നാഥ് | Photo: PTI

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം പി.സി.സി. അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട നേതാവാണ് കോണ്‍ഗ്രസിലെ കമല്‍നാഥ്. രാജ്യസഭാ സീറ്റുകൂടി നിഷേധിക്കപ്പെട്ടപ്പോള്‍ മകന്‍ നകുല്‍നാഥിനൊപ്പം മറുകണ്ടം ചാടാനിരുന്നതാണ്. ബി.ജെ.പി.ക്കുള്ളില്‍നിന്ന് പഴയ സഹപ്രവര്‍ത്തകന്‍ ജ്യോതിരാദിത്യ സിന്ധ്യയുടേതടക്കം എതിര്‍പ്പുയര്‍ന്നപ്പോഴാണ് തന്ത്രംമാറ്റി രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്രയില്‍ പങ്കാളിയായത്.

കമലും നകുലും, മകന്‍ ജയ്വര്‍ധനനെ നേതൃസ്ഥാനത്ത് വാഴിക്കാന്‍ നടക്കുന്ന പഴയപടക്കുതിര ദിഗ്വിജയ് സിങ്ങും പി.സി.സി. അധ്യക്ഷന്‍ ജിത്തു പട്വാരിയും ചേര്‍ന്നാല്‍ മധ്യപ്രദേശില്‍ ബി.ജെ.പി.യെ തളയ്ക്കാനാവുമോ എന്നതാണ് ചോദ്യം.

രാഷ്ട്രീയമാറ്റങ്ങള്‍

രണ്ടുപതിറ്റാണ്ടായി പ്രധാനതിരഞ്ഞെടുപ്പുകളിലൊന്നിലും ബി.ജെ.പി.യുടെ വോട്ടുശതമാനം കോണ്‍ഗ്രസ് മറികടന്നിട്ടില്ല. 10 വര്‍ഷം അധികാരത്തിലിരുന്ന ദിഗ്വിജയ് സിങ് സര്‍ക്കാരിനെതിരേ വലിയ ഭരണവിരുദ്ധവികാരം നിലനിന്നപ്പോള്‍ 2003-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ വാജ്പേയി സര്‍ക്കാരിലെ മന്ത്രിയും തീപ്പൊരിനേതാവുമായിരുന്ന കാഷായവേഷധാരി ഉമാഭാരതി സംസ്ഥാനത്ത് മത്സരിച്ചു.

ഛത്തീസ്ഗഢ് സംസ്ഥാന രൂപവത്കരണശേഷം 320-ല്‍നിന്ന് കുറഞ്ഞ് 230 മണ്ഡലങ്ങളായതില്‍ 173-ഉം നേടി ബി.ജെ.പി. അധികാരത്തിലെത്തി. കോണ്‍ഗ്രസ് 38-ല്‍ ഒതുങ്ങി. 2004 ഓഗസ്റ്റില്‍ത്തന്നെ ഉമാഭാരതിക്ക് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. ശിവരാജ് സിങ് ചൗഹാനെ കേന്ദ്രനേതൃത്വം പരിഗണിച്ചെങ്കിലും ഉമയുടെ എതിര്‍പ്പുമൂലം ബാബുലാല്‍ ഗൗര്‍ വന്നു. പാര്‍ട്ടിക്കുള്ളില്‍ കലഹം വര്‍ധിച്ചപ്പോള്‍ ബാബുലാലും പുറത്തായി. ശിവരാജ് സിങ് ചൗഹാന്‍ 2005 മുതല്‍ 2018 വരെ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി.

ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും ആഴത്തില്‍ വേരോട്ടമുള്ള, 91 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനത്ത് ബി.ജെ.പി.ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2018-ല്‍ കോണ്‍ഗ്രസ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയെങ്കിലും 15 മാസമെത്തിയപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ 22 എം.എല്‍.എ.മാരുമായി മറുകണ്ടം ചാടിയതിനാല്‍ അതും അവസാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച എം.എല്‍.എ.മാരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും നവംബറില്‍നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് അടിപതറി.

മധ്യപ്രദേശ് ഒറ്റനോട്ടത്തില്‍

  • ആകെ സീറ്റ് 29
  • 2019 ലോക്സഭതിരഞ്ഞെടുപ്പ്
  • കോണ്‍ഗ്രസ് 01
  • ബി.ജെ.പി. 28

ജാതിസമവാക്യവും ക്ഷേമകാര്‍ഡും

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയത് 58 ശതമാനം വോട്ടാണ്. ബി.ജെ.പി. സുനാമിയില്‍ കമല്‍നാഥിന്റെ കുത്തകമണ്ഡലമായ ചിന്ദ്വാരയില്‍ മകന്‍ നകുല്‍നാഥ് മാത്രം കരകയറി. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ടും 163 സീറ്റുകളും ബി.ജെ.പി. റാഞ്ചി. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കെതിരാണ് ബി.ജെ.പി.യെന്ന് കോണ്‍ഗ്രസ് നിരന്തരം പ്രചാരണം ഉയര്‍ത്തിയപ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് മൂന്നുലക്ഷം കോടിയുടെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ബി.ജെ.പി. നേരിട്ടു. ഫലം, 82 എസ്.സി.-എസ്.ടി. സംവരണസീറ്റുകളില്‍ 50-ഉം ബി.ജെ.പി. കീശയിലായി. മുന്‍ തിരഞ്ഞെടുപ്പില്‍ 32 സീറ്റുനേടിയ സ്ഥാനത്താണിത്.

ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള ഡോ. മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയും കോണ്‍ഗ്രസിന്റെ ജാതിസെന്‍സസ് കാര്‍ഡിന് തടയിട്ടു. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുമാറ്റിയ ശിവരാജ് സിങ് ചൗഹാനുള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി. പ്രഖ്യാപിച്ചുകഴിഞ്ഞു.

നിരന്തരം നേതൃത്വത്തിന് തലവേദനസൃഷ്ടിച്ച പ്രഗ്യാ സിങ് താക്കൂറിനെയടക്കം ഒഴിവാക്കിയാണ് ആദ്യപട്ടിക പുറത്തുവിട്ടത്. കഴിഞ്ഞതവണ കൈവിട്ട ചിന്ദ്വാരയില്‍നിന്ന്, കമല്‍നാഥിന്റെ വലംകൈയായിരുന്ന സയ്യിദ് സഫര്‍ അടക്കമുള്ള നേതാക്കളെ ബി.ജെ.പി.യിലെത്തിച്ചുകഴിഞ്ഞു. എന്തുവിലകൊടുത്തും ഇത്തവണ ചിന്ദ്വാരയും നേടുകയാണ് ബി.ജെ.പി. ലക്ഷ്യം. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടിയുമായി കൂട്ടുകൂടി ഇന്ത്യസഖ്യം ശക്തമാക്കിയിട്ടുണ്ട്.


 

Content Highlights: who will win madhya pradesh analysis