ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് റെയില്‍വേ മാനേജര്‍ വിളിച്ചു; ഗുണ നഗരത്തില്‍ ഒരു വനം വളര്‍ന്നു

ഏഴുവര്‍ഷം മുമ്പ് രണ്ടായിരത്തി പതിനാറിലാണ്. യോഗേന്ദ്രയാദവിനൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ഗുണയിലെ അഭിഭാഷകനായ ഡോ. പുഷ്പരാഗ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. 'തനിക്ക് വനവത്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നുണ്ട്. നടാന്‍ ചെടികള്‍ കൈയ്യിലുണ്ട്. പക്ഷേ, സ്ഥലമാണില്ലാത്തത്. ആരെങ്കിലും സ്ഥലം അനുവദിച്ചുതരുകയാണെങ്കില്‍ അവിടെ ഒരു വനം സൃഷ്ടിക്കാം'.
ഇതുകണ്ട് അന്ന് ഗുണയില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരായിരുന്ന ഋഷി യാദവ് പുഷ്പരാഗിനെ ബന്ധപ്പെട്ടു. 'റെയില്‍വേ പുറമ്പോക്ക് സ്ഥലം ഉപയോഗിക്കാം. അവിടെ ചെടികള്‍ നട്ടുപിടിപ്പിക്കാം'. ഡി.ആര്‍.എം. ഇതിന് രേഖാമൂലവും അനുമതി നല്‍കിയതോടെ അശോക് ദഹിഭാതെ, ജയ്റാം സിങ് വിസേന്‍ തുടങ്ങിയ സുഹൃത്തുക്കളുടെ സഹായത്തോടെ പുഷ്പരാഗ് ചെടികള്‍ നട്ടുതുടങ്ങി.
വനവത്കരണം ജനകീയമാക്കാന്‍ വിദ്യാലയങ്ങളും വിവിധ ക്ലബ്ബുകളും സാമൂഹിക സംഘടനകളും പൗരസമൂഹവുമൊക്കെയായി ബന്ധപ്പെടുത്തി പുതിയൊരു ആശയവും നടപ്പിലാക്കി. ജന്മദിനങ്ങളും വിവാഹ വാര്‍ഷികവും പ്രത്യേക ദിവസങ്ങളും വരുമ്പോള്‍ ആര്‍ക്കും ഈ പ്രദേശത്തെത്തി ചെടികള്‍ നടാം. ആ ചെടി നടുന്ന വ്യക്തിയുടെ ഓര്‍മയ്ക്കായത് പരിപാലിക്കും. അങ്ങനെ ഗുണയില്‍ മെല്ലെ മെല്ലെ സ്മൃതി വനം വളര്‍ന്നു.
വിദ്യാര്‍ഥികളും മുതിര്‍ന്നവരും അവരുടെ ജീവിതത്തിലെ പ്രത്യേക ദിനങ്ങളിലും ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങി പ്രത്യേക ദിനങ്ങളില്‍ സമൃതി വനത്തില്‍ ചെടികള്‍ നട്ടു തുടങ്ങി. വെള്ളമൊഴിക്കാനും പരിപാലിക്കാനും മാസം അയ്യായിരം രൂപ നല്‍കി പുഷ്പരാഗും സമാനചിന്താഗതിക്കാരും ഒരാളെ ഏര്‍പ്പാടാക്കി. വളത്തിനായി മാലിന്യക്കമ്പോസ്റ്റ് സംവിധാനമൊരുക്കി.
മൊട്ടക്കുന്നായിരുന്ന ഗുണയിലെ റെയില്‍വേ പുറമ്പോക്കിപ്പോള്‍ ഇരുപതിനായിരത്തിലധികം ചെടികളുള്ള വനമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്മൃതിവനത്തിന്റെ ഭാഗമായി ഒരു പാര്‍ക്കുമുണ്ട്. വൈകുന്നേരങ്ങളിലും മറ്റും ഇവിടെ ആള്‍ക്കാരെത്തുന്നു. 'റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ അടക്കമുള്ള വികസനം വരുമ്പോള്‍ മാത്രമാവും ചെടികള്‍ വെട്ടിമാറ്റേണ്ടി വരിക. അപ്പോള്‍ വെട്ടുന്നവയുടെ ഇരട്ടി ചെടികള്‍ തൊട്ടടുത്ത റെയില്‍വേ ഭൂമിയില്‍ നട്ടാല്‍ മതിയാകും'-ഇതുസംബന്ധിച്ച ചോദ്യത്തിന് പുഷ്പരാഗ് പറഞ്ഞു.
റെയില്‍വേ പുറമ്പോക്കില്‍ വനം രൂപപ്പെട്ടു തുടങ്ങിയതോടെ തന്നെ നടാനുള്ള ചെടികളും പലരും സൗജന്യമായി നല്‍കിതുടങ്ങിയതായി പുഷ്പരാഗ് പറഞ്ഞു. ഇപ്പോള്‍ ആലും മാവും അശോകവും ഉള്‍പ്പെടെ വൈവിധ്യങ്ങളായ ചെടികള്‍ സ്മൃതി വനത്തിന്റെ ഭാഗമായുണ്ട്. പലരുടെയും ഓര്‍മകളുടെ ഭാഗമായി വളരുന്ന ചെടികള്‍ തങ്ങളുടെ ഓര്‍മയും നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഗുണയിലെ 'ഇന്ത്യ' മുന്നണിയുടെ കണ്‍വീനര്‍ കൂടിയായ പുഷ്പരാഗ്.
Content Highlights: this is how a forest created in guna