മുപ്പതുകൊല്ലത്തിനു ശേഷം ലോക്‌സഭയിലെത്താന്‍ ദിഗ്‌വിജയ് സിങ്; തുണയ്ക്കുമോ രാജ്ഗഢ്‌

രാജ്ഗഢിലെ ഘിൽച്ചിപൂരിൽ പ്രചാരണത്തിനിടെ ദിഗ്‍വിജയ് സിങ് (മധ്യത്തിൽ)
രാജ്ഗഢിലെ ഘിൽച്ചിപൂരിൽ പ്രചാരണത്തിനിടെ ദിഗ്‍വിജയ് സിങ് (മധ്യത്തിൽ)

രാജ്ഗഢിലെ സാരംഗ്പുരിലുള്ള സന്ദവാദ ഗ്രാമത്തില്‍ ദിഗ്വിജയ് സിങ് പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ഒരു യുവാവ് കടന്നുവന്നു. സിങ്ങിന്റെ കാല്‍തൊട്ടുവന്ദിച്ച ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തി ചിലതൊക്കെ സ്വകാര്യം പറഞ്ഞു. രാജ്ഗഢ് എം.പി. റോഡ്മല്‍ നാഗറും എം.എല്‍.എ. അമര്‍ സിങ് യാദവും തന്നെ സ്വകാര്യഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭീഷണിപ്പെടുത്തുന്നു എന്നാണവന്റെ വാദം. ഇടയ്ക്ക് വിതുമ്പുന്ന യുവാവിനെ സിങ് ആശ്വസിപ്പിക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന് ജനങ്ങളുടെ കരഘോഷത്തിനിടെ പറയുന്നു.

തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണിതെന്നും അതിനാല്‍ തന്നെ ഇക്കുറി ഉറപ്പായും ജയിപ്പിക്കണമെന്നും അഭ്യര്‍ഥിച്ച് 77-കാരനായ സിങ് അടുത്ത യോഗസ്ഥലത്തേക്കുനീങ്ങി. ഇക്കുറി രാജ്ഗഢില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിക്കുമെന്ന് കാറില്‍ കയറുംമുമ്പ് സിങ് പറഞ്ഞു.

മൂന്നുപതിറ്റാണ്ടിനുശേഷമാണ് രാജ്ഗഢില്‍നിന്ന് ലോക്സഭയിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിങ് മത്സരിക്കുന്നത്. 1991-ലാണ് സിങ് അവസാനമായി രാജ്ഗഢിന്റെ എം.പി.യായത്. 1993-ല്‍ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിന് മണ്ഡലം കൈമാറി മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായി. നാലുതവണകൂടി ലക്ഷ്മണ്‍ സിങ് മണ്ഡലത്തില്‍ ജയിച്ചു. അവസാനജയം ബി.ജെ.പി. സ്ഥാനാര്‍ഥിയായി. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തി.

2009-ല്‍ നാരായണ്‍ സിങ്ങിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെങ്കിലും കഴിഞ്ഞ രണ്ടുതവണയായി ബി.ജെ.പി.യുടെ റോഡ്മല്‍ നാഗറാണ് എം.പി. നാലരലക്ഷത്തോളം വോട്ടിനായിരുന്നു 2019-ലെ ജയം. ഇത്രയും വോട്ടുകള്‍ തിരിച്ചെത്തിച്ചുവേണം സിങ്ങിന് ജയിക്കാന്‍.

രാജ്ഗഢ് സിങ്ങിന് വെറുമൊരു മണ്ഡലമല്ല. ദിഗ്ഗി രാജയായി അറിയപ്പെടുന്ന ദിഗ്വിജയ് സിങ്ങിന്റെ അച്ഛന്‍ രാജ്ഗഢിന്റെ ഭാഗമായ രഘോഗഢിലെ രാജാവായിരുന്നു. ബാല്‍ഭദ്ര സിങ് രാജയുടെയും അപര്‍ണാ കുമാരിയുടെയും മകനായി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുംമുമ്പ് 1947 ഫെബ്രുവരി 28-ന് ഇന്ദോറിലായിരുന്നു സിങ്ങിന്റെ ജനനം. ബാല്‍ഭദ്ര രാജ 1951-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ രഘോഗഢില്‍നിന്ന് സ്വതന്ത്ര എം.എല്‍.എ.യായി ജയിച്ചു. പിന്നീട് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു.

ഈ രാഷ്ട്രീയപാരമ്പര്യത്തിന്റെ പിന്‍മുറപറ്റി ദിഗ്വിജയ് സിങ് 1969-ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ രഘോഗഢ് നഗരസഭാ പ്രസിഡന്റായി. 1977-ല്‍ രഘോഗഢില്‍നിന്നുതന്നെ നിയമസഭയിലേക്ക്. 1980-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അര്‍ജുന്‍ സിങ് മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. 1984-ല്‍ രാജ്ഗഢില്‍നിന്ന് പാര്‍ലമെന്റിലേക്കെത്തി. 1989-ല്‍ ബി.ജെ.പി.യിലെ പ്യാരേലാല്‍ ഖണ്ടേല്‍വാളിനോട് തോറ്റെങ്കിലും 1991-ല്‍ മണ്ഡലം തിരിച്ചുപിടിച്ചു.

1993 മുതല്‍ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങാണ് ഏറ്റവും അധികകാലം ആ സ്ഥാനം വഹിച്ച കോണ്‍ഗ്രസുകാരന്‍. 2003-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനമെടുത്തു. പത്തുവര്‍ഷത്തോളംനീണ്ട രാഷ്ട്രീയ വനവാസത്തിനൊടുവില്‍ 2014-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ േഭാപാലില്‍ പ്രഗ്യാസിങ് താക്കൂറിനോടേറ്റുമുട്ടി 3.65 ലക്ഷം വോട്ടിന് കനത്ത തോല്‍വി ഏറ്റുവാങ്ങി.

ഇത്തവണ മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെയും മകനും രഘോഗഢ് എം.എല്‍.എ.യുമായ ജയ്വര്‍ധന്‍ സിങ്ങിന്റെയും ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണ് സിങ്ങിന്. അവസാന തിരഞ്ഞെടുപ്പായതിനാല്‍ വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റില്‍ 163-ഉം ബി.ജെ.പി. നേടിയതോടെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഏറക്കുറെ ചോര്‍ന്നു. രാജ്ഗഢിനുകീഴിലുള്ള എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ ജയവര്‍ധന്‍ സിങ്ങിന്റെ രഘോഗഢിലും സുസ്‌നേറിലുംമാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.

Content Highlights: lok sabha election 2024, Digvijay singh