കമല്‍നാഥിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് മേയര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മേയര്‍  വിക്രം അഹാകെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍  യാദവിനും ബിജെപി പ്രവര്‍ത്തകര്‍ക്കുമൊപ്പം|ANI
ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മേയര്‍ വിക്രം അഹാകെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനും ബിജെപി പ്രവര്‍ത്തകര്‍ക്കുമൊപ്പം|ANI

ഭോപ്പാല്‍:  മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് നേതാവ്‌ ബി.ജെ.പിയില്‍ ചേര്‍ന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ഒരു കോണ്‍ഗ്രസ് മേയര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

ഭോപ്പാലില്‍ വെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍  യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി അംഗത്വമെടുക്കല്‍. ചിന്ദ്വാര ജില്ലയിലെ അമര്‍വാഡ എം.എല്‍.എ ആയ കമലേഷ് ഷാ യും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസിന്റെ ചിന്ദ്വാര എം.പി യായ നകുല്‍നാഥ് ആദിവാസി വിഭാഗത്തെ അപമാനിച്ചുവെന്നും ഇങ്ങനെയുള്ള പാര്‍ട്ടിയോടൊപ്പം നിലനില്‍ക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് വിക്രം അഹാകെ കോണ്‍ഗ്രസ് വിട്ടതെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രതികരിച്ചു.

കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ നിന്നുള്ള ഏക എം.പിയാണ്‌ ചിന്ദ്വാരയില്‍ നിന്നുള്ള നകുല്‍നാഥ്. ഇവിടെ ഏഴ് തവണയാണ് പിതാവ് കമല്‍നാഥ് പ്രതിനിധീകരിച്ചത്. ഇത്തവണയും നകുല്‍നാഥ് തന്നെയാണ്‌ ചിന്ദ്വാരയില്‍ മത്സരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 19 നാണ് ചിന്ദ്വാര അടക്കമുള്ള മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlights: after Congress MLA, partys mayor from kamal naths home turf Joins BJP