'പാര്‍ട്ടി വഞ്ചിച്ചു'; സൂറത്തില്‍ പത്രിക പിന്‍വലിച്ച് 'മുങ്ങിയ' കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരിച്ചെത്തി

അഹമ്മദാബാദ്: സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ പത്രിക സമര്‍പ്പിക്കുകയും പിന്നീട് തള്ളിപ്പോവുകയും ചെയ്ത നിലേഷ് കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷം തിരിച്ചെത്തി. പാര്‍ട്ടിയാണ് തന്നെ വഞ്ചിച്ചതെന്ന് കുംഭാണി കുറ്റപ്പെടുത്തി.
'ഞാന്‍ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. കാംരേജ് നിയമസഭാ സീറ്റ് അവസാനനിമിഷം നിഷേധിച്ച് പാര്‍ട്ടിയാണ് 2017-ല്‍ എന്നെ ആദ്യമായി വഞ്ചിച്ചത്. കോണ്‍ഗ്രസാണ് ആദ്യം തെറ്റുചെയ്തത്, ഞാനല്ല. പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാര്‍ട്ടി നടത്തിക്കൊണ്ടുപോവുന്നത്. ഇതില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ഇന്ത്യ സഖ്യത്തിലുള്ള എ.എ.പി. നേതാക്കള്‍ക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയ എന്നെ ഈ നേതാക്കള്‍ എതിര്‍ത്തു', കുംഭാണി ആരോപിച്ചു.
പത്രിക തള്ളിയതോടെ കേസ് കൊടുക്കാന്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായിരുന്നു. പക്ഷേ, കോണ്‍ഗ്രസ് നേതാക്കള്‍ തന്റെമേല്‍ കുറ്റം ചാര്‍ത്തിയതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പരേഷ് ധനാണിയോടുള്ള ബഹുമാനംകൊണ്ടാണ് ഇത്രയും ദിവസം പ്രതികരിക്കാതിരുന്നത്. പാര്‍ട്ടി നിര്‍ത്തിയ സ്വതന്ത്രര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ മത്സരം ഉണ്ടാകുമായിരുന്നുവെന്നും കുംഭാണി പറഞ്ഞു.
പത്രിക തള്ളിപ്പോവുകയും ബി.ജെ.പി. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ കുംഭാണിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ ആറുവര്‍ഷത്തേക്ക് പുറത്താക്കി.
Content Highlights: Missing Surat Candidate Nilesh Kumbhani Reappears After 20 Days