'അച്ഛനെ കഷണങ്ങളായാണ് ഞാന്‍ ഏറ്റുവാങ്ങിയത്'; മോദിയോട് പ്രിയങ്ക

ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെതിരായ സമ്പത്ത് പുനര്‍വിതരണ വാഗ്ദാന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. തന്റെ പിതാവും മുത്തശ്ശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍, ജനങ്ങളോട് ഇതുപോലെ നുണപറയുന്ന രാജ്യത്തെ ആദ്യപ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദിയെന്നും അവര്‍ പറഞ്ഞു. ഗുജറാത്ത് വല്‍സദിലെ ധരംപുരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
'എന്റെ കുടുംബത്തില്‍നിന്നുള്ളവര്‍ മാത്രമല്ല, ഒത്തിരി പ്രധാനമന്ത്രിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി അവരില്‍ ഒരാളായിരുന്നു. രാജ്യത്തിന് വേണ്ടി അവര്‍ ജീവന്‍ ത്യജിച്ചു. രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. കഷണങ്ങളായാണ് ഞാന്‍ അദ്ദേഹത്തെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ നല്‍കിയത്', പ്രിയങ്ക ഗാന്ധി പറഞ്ഞു.
'മന്‍മോഹന്‍സിങ് രാജ്യത്ത് വിപ്ലവംകൊണ്ടുവന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് അല്ലാതെ നോക്കിയാല്‍, അടല്‍ ബിഹാരി വാജ്‌പേയി ഉണ്ടായിരുന്നു. കുറഞ്ഞപക്ഷം അദ്ദേഹമൊരു സംസ്‌കാരമുള്ള മനുഷ്യനായിരുന്നു. ജനങ്ങളോട് ഇങ്ങനെ കള്ളം പറയുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി മോദിയായിരിക്കുമെന്ന് എനിക്ക് ഉറച്ച ബോധ്യത്തോടെ പറയാന്‍ കഴിയും. താന്‍ ജനങ്ങളുടെ മുമ്പിലാണ് സംസാരിക്കുന്നതെന്നും സത്യം പറയണമെന്ന് ചിന്തിക്കുകപോലും ചെയ്യാത്തൊരാള്‍', അവര്‍ കുറ്റപ്പെടുത്തി.
Content Highlights: I Brought My Father Home In Pieces: Priyanka Gandhi At Poll Rally