ഗുജറാത്ത് ബി.ജെ.പിയില്‍ പാളയത്തില്‍ പട

അഹമ്മദാബാദ്: പാര്‍ലമെന്ററി ബോര്‍ഡ് നിര്‍ദേശിച്ച രണ്ടുസ്ഥാനാര്‍ഥികളെ പ്രവര്‍ത്തകരുടെ എതിര്‍പ്പുമൂലം മാറ്റുന്നു. പുതിയ സ്ഥാനാര്‍ഥികള്‍ക്കുനേരേയും പ്രതിഷേധം. സ്ഥാനാര്‍ഥി കൂടിയായ കേന്ദ്രമന്ത്രിക്കെതിരേ പാര്‍ട്ടിയില്‍ ജാതിതിരിഞ്ഞ് പോരാട്ടം. വാട്സാപ്പ് ഗ്രൂപ്പുകളില്‍ സാധാരണ പ്രവര്‍ത്തകരുടെ രോഷം കാട്ടുതീയാകുന്നു. ഗുജറാത്തിലെ കാവിക്കോട്ടയിലെ രാഷ്ട്രീയ ഭൂചലനങ്ങള്‍ ഭൂകമ്പമാപിനിയില്‍ ഉയര്‍ന്ന അളവ് രേഖപ്പെടുത്തിത്തുടങ്ങി.
വഡോദരയിലെ സ്ഥാനാര്‍ഥി രഞ്ജന ഭട്ടിന് എതിരേയായിരുന്നു ആദ്യം കലാപം. 2014-ല്‍ മോദി വാരാണസിക്കുവേണ്ടി വഡോദര ഒഴിഞ്ഞപ്പോള്‍ ഡെപ്യൂട്ടി മേയര്‍ രഞ്ജനയ്ക്ക് അവസരം ലഭിച്ചു. 2019-ലും വിജയിച്ചു. എന്നാല്‍, പ്രവര്‍ത്തകരുമായുള്ള അകല്‍ച്ച കാരണം ഇത്തവണ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് താഴെത്തട്ടില്‍ ആവശ്യമുയര്‍ന്നു. നേതൃത്വം അത് വകവെച്ചില്ല. മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും മുന്‍ മേയറുമായ ജ്യോതി പാണ്ഡെയെ പരസ്യ പ്രതികരണത്തിന് പുറത്താക്കി. സ്വന്തം വാല് ചതഞ്ഞത് അറിയാത്ത ദിനോസറാണ് ഗുജറാത്തിലെ ബി.ജെ.പി.യെന്ന് ജ്യോതി കുറ്റപ്പെടുത്തി.
സബര്‍ക്കന്ധയിലെ ഭിക്കാജി ഠാക്കൂറിന് എതിരേയും കലാപക്കൊടി ഉയര്‍ന്നു. ജാതിയായിരുന്നു പ്രശ്‌നം. ഭിക്കാജി ഒ.ബി.സി. വിഭാഗമായ ഠാക്കൂര്‍ അല്ലെന്നും പട്ടികജാതിയില്‍പ്പെടുന്ന ഡാ മോര്‍ ആണെന്നും ഒരുവിഭാഗം വാദിച്ചു. എന്തായാലും രണ്ട് സ്ഥാനാര്‍ഥികളെയും പാര്‍ട്ടിക്ക് മാറ്റേണ്ടിവന്നു. എന്നാല്‍, സബര്‍ക്കന്ധയില്‍ അത് പന്തംകൊളുത്തിപ്പടയ്ക്ക് കാരണമായി. പകരംവന്ന ശോഭനാ ബരയയെ ആര്‍ക്കും അറിയില്ല.
2022-ല്‍ കോണ്‍ഗ്രസ് വിട്ടുവന്ന മുന്‍ എം.എല്‍.എ. മഹേന്ദ്ര ബരയയുടെ ഭാര്യയാണ് ഈ സ്‌കൂള്‍ ടീച്ചര്‍. ആരവല്ലി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് ബി.ജെ.പി.ക്കാര്‍ പ്രതിഷേധിച്ചു. കുരുക്കഴിക്കാന്‍ നേതൃത്വം തലപുകച്ചു. വഡോദരയിലെ പുതിയ സ്ഥാനാര്‍ഥി ഹേമാംഗ് ജോഷി താരതമ്യേന പുതുമുഖമാണ്. പഴയ പാര്‍ട്ടി നേതാക്കളുടെ രോഷം പൊട്ടലും ചീറ്റലുമായി പുറത്തുവരുകയാണ്.
രണ്ടാഴ്ചമുമ്പ് വഡോദരയിലെ സാവലി എം.എല്‍.എ. കേതന്‍ ഇനംദാറുടെ രാജിഭീഷണി ചലനമുണ്ടാക്കി. തനിക്കെതിരേ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബി.ജെ.പി.യില്‍ എടുത്തതും പ്രധാന ചുമതല ഏല്‍പ്പിച്ചതുമായിരുന്നു മുഖ്യപ്രകോപനം. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മത്സരിക്കുന്ന പോര്‍ബന്തറിലും ധവല്‍ പട്ടേല്‍ മത്സരിക്കുന്ന വല്‍സാഡിലുമുണ്ട് പ്രാദേശിക എതിര്‍പ്പുകള്‍.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമുള്ള അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ നാലിടത്തും കാലുമാറിയെത്തിയ കോണ്‍ഗ്രസുകാരെയാണ് ബി.ജെ.പി. നിര്‍ത്തുന്നത്. 182 അംഗ സഭയില്‍ ആകെ 13 കോണ്‍ഗ്രസുകാരേ ഇനിയുള്ളൂ. താന്‍ മത്സരത്തിനില്ലെന്ന് മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ എഫ്.ബി. പോസ്റ്റിലായിരുന്നു പഴയനേതാക്കളുടെ അസ്വസ്ഥത ആദ്യം പ്രകടമായത്.
ദേശീയനേതൃത്വം എടുത്തുവെക്കുന്ന കളങ്ങളിലിരിക്കുകയും അതിന്റെ ധര്‍മം നിര്‍വഹിക്കുകയും ചെയ്യുന്ന കരുക്കളാണ് ബി.ജെ.പി.യുടെ ഗുജറാത്ത് നേതാക്കള്‍. ചെറിയ എതിര്‍പ്പിനുപോലും വലിയ വില നല്‍കേണ്ടതുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ സി.ആര്‍. പാട്ടീലിനെ അവഗണിച്ചതാണ് വിജയ് രൂപാണിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയ ഒരു സംഗതി.
ജാതി, പാര്‍ട്ടിയില്‍ വേരുപിടിച്ചു കിടക്കുന്നു. പ്രതാപശാലിയായ കേന്ദ്രമന്ത്രിയും രാജ്കോട്ട് സ്ഥാനാര്‍ഥിയുമായ പര്‍ഷോത്തം രൂപാലയ്ക്ക് അത് മനസ്സിലായി. പഴയ രാജാക്കന്മാരെ കളിയാക്കുന്ന ഒരു പരാമര്‍ശം രജപുത് വിഭാഗക്കാരുടെ രാജിയിലാണ് എത്തിയിരിക്കുന്നത്. രണ്ട് കരങ്ങളും കൂപ്പി പരസ്യമായി മാപ്പിരന്നിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല.
ദേശീയനേതൃത്വം എടുത്തുവെക്കുന്ന കളങ്ങളിലിരിക്കുകയും അതിന്റെ ധര്‍മം നിര്‍വഹിക്കുകയും ചെയ്യുന്ന കരുക്കളാണ് ബി.ജെ.പി.യുടെ ഗുജറാത്ത് നേതാക്കള്‍
Content Highlights: lok sabha election gujarath bjp