'ഇവിഎം എന്റെ അച്ഛന്റേതാണ്'; ബൂത്ത് കൈയ്യേറി ഇൻസ്റ്റഗ്രാം ലൈവ്, BJP നേതാവിന്റെ മകനെതിരെ കേസ്

അഹമ്മദാബാദ്: ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ വിജയ് ഭാഭോറിനെതിരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാതിയുമായി രംഗത്തെത്തിയത്. ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിലിട്ട ലൈവ് പിന്നീട് ഡിലീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റേതടക്കം ഉടമസ്ഥത അവകാശപ്പെടുന്ന വിജയ്, യന്ത്രങ്ങള്‍ തന്റെ പിതാവിന്റേതാണെന്ന് പറയുന്നതായി പുറത്തുവന്ന വീഡിയോയിലുണ്ട്.
വിജയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് ജില്ലാ കളക്ടര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ കര്‍ശനനടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിന് പിന്നാലെ തഹസില്‍ദാര്‍ എഫ്.ഐ.അര്‍. രേഖപ്പെടുത്തി. മഹിസാഗര്‍ ജില്ലാ കളക്ടര്‍ നേഹ കുമാരി അന്വേഷണം ആരംഭിച്ചു.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി മഹിസാഗര്‍ എസ്.പി. ജയദീപ് സിങ് ജഡേജ അറിയിച്ചു. പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. നേതാവിന്റെ മകനെതിരെ പോലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. മനീഷ് ദോഷി ചോദിച്ചു. സംഭവം നടന്ന മഹിസാഗര്‍ ജില്ലയിലെ സന്ത്രംപുര്‍ നിയമസഭാ മണ്ഡലത്തിലെ 220- പര്‍ത്താംപുര്‍ ബൂത്തില്‍ റീ- പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്‍ സിങ് ഡിന്‍ഡോര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് സന്ത്രംപുര്‍.
Content Highlights: BJP MP’s son live-streams hijacking of polling booth