ഝാർഖണ്ഡിൽ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാർഥിയെ ഇറക്കി VHPയും ബജ്‌റംഗ് ദളും

റാഞ്ചി: ഝാർഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിക്ക് എതിരെ സംയുക്ത സ്ഥാനാർഥിയെ പ്രഖ്യാപിച്ച് വിഎച്ച്പി, ബജ്‌റംഗ് ദൾ ഉൾപ്പെടെയുള്ള വലതുസംഘടനകൾ. ഒക്നി സ്വദേശിയായ ശശി ഭൂഷൻ കേസരിയെ സംയുക്ത സ്ഥാനാർഥിയായി തിരഞ്ഞെടുത്തതായി ബാരാ അഘാര തലവൻ വിജയാനന്ദ് ദാസ് പറഞ്ഞു.
പുതുതായി രൂപവത്കരിച്ച ഹിന്ദു രാഷ്ട്ര സംഘ് എന്ന സംഘടനയുടെ ബാനറിലാവും സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിക്കുക എന്ന് വിവിധ സംഘടനകൾ വാർത്താകുറിപ്പിൽ അറിയിച്ചു. ഇവിടെയുള്ള ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് മത്സരിക്കാനുള്ള തീരുമാനമെന്നും ഹിന്ദു രാഷ്ട്ര സംഘ് വ്യക്തമാക്കി.
മനീഷ് ജയ്സ്വാൾ ആണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. നരേന്ദ്രമോദി സർക്കാർ വഞ്ചിച്ച യുവാക്കൾക്ക് ജോലി നൽകാനാണ് ഞങ്ങളുടെ പോരാട്ടമെന്നും കഴിഞ്ഞ 10 വർഷമായി ജയ്സ്വാൾ മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നും സ്ഥാനാർഥിയായ ശശി ഭൂഷൻ കേസരി ആരോപിച്ചു.
ബിജെപിയോടും ആർഎസ്എസിനോടും അടുത്തുനിൽക്കുന്ന വിഎച്ച്പി, ബജ്‌റംഗ് ദൾ, ഹിന്ദു മഹാസഭാ ഉൾപ്പെടെയുള്ള വലതു സംഘടനകളുടെ നീക്കം മണ്ഡലത്തിൽ എൻഡിഎയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസുകാരനായ ജയ് പ്രകാശ് ഭായ് പട്ടേലാണ് ഇന്ത്യ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥി. മെയ് 20-നാണ് ഹസരിബാഗ് സീറ്റിൽ തിരഞ്ഞെടുപ്പ്.
Content Highlights: vhp and bajrang dal field joint candidate against bjp