ഇന്ത്യൻ മുസ്ലിങ്ങളുടെ പേടിസ്വപ്നം അവസാനിച്ചു, മോദി RSS-ല്‍ ചേര്‍ന്നതുമുതൽ മുസ്‍ലിം വിരോധി- കട്‍ജു

1. നരേന്ദ്രമോദി, 2. ജസ്റ്റിസ് മാർക്കണ്ഡേയ കട്‍ജു | Photos: UNI, ANI
1. നരേന്ദ്രമോദി, 2. ജസ്റ്റിസ് മാർക്കണ്ഡേയ കട്‍ജു | Photos: UNI, ANI

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പേടിസ്വപ്‌നം അവസാനിച്ചുവെന്നതാണ് ഇത്തവണത്തെ പാര്‍ലമെൻ്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിക്കഴിഞ്ഞപ്പോഴുണ്ടായ ഫലമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസ്സില്‍ ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്‌ലിങ്ങളോട് കടുത്ത വിദ്വേഷമാണുള്ളതെന്നും തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മോദി ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം ചീറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമായ 'മീഡിയ'ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

'എല്ലാം പുതുമയുള്ളതായി കാണാന്‍ മാത്രം എന്താണ് രണ്ടുദിവസംകൊണ്ട് സംഭവിച്ചത്?' എന്ന അര്‍ഥമുള്ള ഹിന്ദി വരികളോടെയാണ് കട്ജുവിന്റെ ലേഖനം ആരംഭിക്കുന്നത്. തുടര്‍ന്ന്, ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ മുസ്‌ലിങ്ങളുടെ പേടിസ്വപ്‌നം അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

'ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പേടിസ്വപ്‌നം അവസാനിച്ചു എന്നതാണ് ഇപ്പോള്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സുപ്രധാനമായ ഫലം. ഏകദേശം 20 കോടിയാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ ജനസംഖ്യ. ഏകദേശം 140 കോടി വരുന്ന ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ (ഇതില്‍ 80 ശതമാനം ഹിന്ദുക്കളാണ്) 15 ശതമാനമാണ് ഇത്', കട്ജു പറഞ്ഞു. 

'2014-ല്‍ ബി.ജെ.പി. അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും ക്രമാതീതമായി വര്‍ധിച്ചു. ബീഫ് വില്‍ക്കുകയും കഴിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ട മര്‍ദനത്തിന് വിധേയരാക്കുക, വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുക, ജയ് ശ്രീറാം വിളിക്കാത്തതിന് മര്‍ദിക്കുക, ഭീകരവാദം, ഗുണ്ടായിസം, പീഡനം, ലൗ ജിഹാദ് എന്നിവ ആരോപിച്ച് കുറ്റംചുമത്തി ഏകപക്ഷീയമായ അറസ്റ്റുകളും തടവിലാക്കലുമെല്ലാം സാധാരണകാര്യമായി.'

'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിലെല്ലാം പ്രധാനപ്പെട്ട പങ്കുണ്ട്. 2001-ല്‍ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായശേഷം 2002-ല്‍ അവിടെ 2000-3000 വരുന്ന മുസ്‌ലിങ്ങളുടെ കൂട്ടക്കൊല നടന്നു. പ്രധാനമന്ത്രിയായ ശേഷവും അദ്ദേഹം നിരന്തരമായി മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുകയും അക്രമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഹിന്ദു വോട്ടുകള്‍ ഉറപ്പാക്കാന്‍ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ആര്‍.എസ്.എസ്. ചിന്താഗതിയുടെ ഭാഗമായിരുന്നു അത്. ഭിന്നിപ്പിച്ച് ഭരിക്കാനായി ബ്രിട്ടീഷുകാര്‍ മുസ്‌ലിം ലീഗിന് സമാനമായി 1925-ല്‍ സൃഷ്ടിച്ച ഒരു ഫാസിസ്റ്റ് സംഘടനയാണ് ആര്‍.എസ്.എസ്.', ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. 

'എല്ലാ ആര്‍.എസ്.എസ്സുകാരുടെ ഉള്ളിലും മുസ്‌ലിങ്ങളോടുള്ള വിദ്വേഷമാണുള്ളത്. ആര്‍.എസ്.എസ്സുകാര്‍ നിര്‍ബന്ധമായി വായിക്കേണ്ട 'എ ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന പുസ്തകത്തില്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം ചീറ്റി. ഇന്ത്യന്‍ മുസ്‌ലിങ്ങളെ വിദേശത്തുനിന്നുള്ള അക്രമികള്‍, കൊള്ളക്കാര്‍, ബലാത്സംഗം ചെയ്യുന്നവര്‍, ഗുണ്ടകള്‍, ഭീകരര്‍ എന്നെല്ലാമാണ് മുദ്രകുത്തിയത്. ചെറുപ്പം മുതല്‍ ആര്‍.എസ്.എസ്സിന്റെ ഭാഗമായിരുന്ന നരേന്ദ്രമോദിക്ക് മുസ്‌ലിങ്ങളോട് കടുത്ത വിദ്വേഷമുണ്ട്', കട്ജു തുടര്‍ന്നു. 

'പ്രധാനമന്ത്രിയായിരുന്ന കാലത്തെല്ലാം ഏതാണ്ട് എല്ലാ പരസ്യപ്രസ്താവനകളിലും മോദി മുസ്‌ലിങ്ങളെ നിരന്തരം അവഹേളിച്ചു. മോദി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ നാസി ജര്‍മനിയിലെ ജൂതന്മാരെ പോലെ ഭയത്തിലും ഭീതിയിലുമാണ് ജീവിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തും മോദി മുസ്‌ലിങ്ങള്‍ക്കെതിരെ വിഷം ചീറ്റി. അവരെ നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് വിശേഷിപ്പിച്ചത്. മംഗള്‍സൂത്ര, മട്ടണ്‍, മുര്‍ഗ, മുജ്ര തുടങ്ങിയ പരാമര്‍ശങ്ങളെല്ലാം അദ്ദേഹത്തിന്റെ സംസ്‌കാരശൂന്യതയെ തുറന്നുകാട്ടുന്നതായിരുന്നു.'

'എന്തായാലും ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ഇരുണ്ട ദിനങ്ങള്‍ അവസാനിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റേയും സഹായത്തോടെ മാത്രമേ അതിന് കഴിയൂ. ഈ സാഹചര്യത്തില്‍ മോദി വീണ്ടും പ്രധാനമന്ത്രിയായാലും നമ്മള്‍ ഇത്രയും കാലം കണ്ടതുപോലെ 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെടുന്ന കരുത്തനായിരിക്കില്ല അദ്ദേഹം. മറിച്ച് ദുര്‍ബലനായ കേവലം നിഴല്‍ മാത്രമാകും മോദി. മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഖ്യകക്ഷികള്‍ ഇപ്പുറവും ശക്തമായ ഇന്ത്യ സഖ്യം അപ്പുറവുമുള്ളതിനാല്‍ അദ്ദേഹത്തിന് മുസ്‌ലിങ്ങളെ വീണ്ടും ഉപദ്രവിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും അത്', മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

Content Highlights: The Nightmare for Indian Muslims is Over After Election Results, Says Markandey Katju