അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് രണ്ട് ഭാര്യമാര്‍; മോദിക്ക് ഭീഷണിയാവുമോ കൽപനയും സുനിതയും?

ന്യൂഡല്‍ഹി: രാജ്യം തിരഞ്ഞെടുപ്പിന്റെ ചൂടിലമര്‍ന്ന നാളുകളില്‍ അണിയറയില്‍നിന്ന് അരങ്ങത്തേക്കു വന്ന രണ്ടുപേരാണ് സുനിതയും കല്പനയും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പനാ സോറനും അനിവാര്യമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരുമിക്കുകയായിരുന്നു. ഇവരുടെ മുന്നിലുള്ളത് ഒരേലക്ഷ്യം. അത് ഭര്‍ത്താക്കന്മാരുടെ ജയില്‍മോചനത്തിലൊതുങ്ങില്ല. അതിനുമപ്പുറം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂട്ടര്‍ക്കുമുള്ള വെല്ലുവിളിയായി മാറുമോ എന്നത് കാത്തിരുന്നു കാണാം.
കെജ്രിവാള്‍ ജയിലിലായതിനു പിന്നാലെ സുനിതയെ ആശ്വസിപ്പിക്കാന്‍ സമാനദുഃഖം പേറുന്ന കല്പന എത്തിയിരുന്നു. ഭര്‍ത്താക്കന്മാരുടെ പോരാട്ടം പുറത്ത് തുടര്‍ന്നും നടത്താന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു.
''അവര്‍ അവരുടെ ദുഃഖങ്ങള്‍ ഞാനുമായി പങ്കുവെച്ചു. ഞങ്ങളീ പോരാട്ടം തുടര്‍ന്നുകൊണ്ടുപോകും. അവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഝാര്‍ഖണ്ഡ് മുഴുവന്‍ അരവിന്ദ് സാറിനൊപ്പവും''-തലേദിവസം സുനിതയുമായി ഇരുപതുമിനിറ്റോളംനീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവന്ന കല്പന പറഞ്ഞു.
നിശ്ശബ്ദശക്തി
മൂന്നുപതിറ്റാണ്ടായി കെജ്രിവാളിനുപിന്നിലെ നിശ്ശബ്ദശക്തി എന്നാണ് ഇന്ത്യ റാലിയില്‍ എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജ് സുനിതയെ പരിചയപ്പെടുത്തിയത്. മസൂറിയിലെ ഐ.ആര്‍.എസ്. പരിശീലനകാലത്ത് മൊട്ടിട്ട പ്രണയവും പരിചയവും വിവാഹത്തിലും സാമൂഹികപ്രവര്‍ത്തനജീവിതത്തിലും മാത്രമല്ല, രാഷ്ട്രീയജീവിതത്തിലും തുടരുകയാണ്. രാഷ്ട്രീയജീവിതത്തില്‍ കെജ്രിവാളിന് തിരക്കേറിയതോടെ സുനിതയും ഐ.ആര്‍.എസില്‍നിന്ന് സ്വമേധയാവിരമിച്ചു.
കെജ്രിവാള്‍ അറസ്റ്റിലായതിനു പിന്നാലെത്തന്നെ 58-കാരിയായ സുനിത രണ്ടു വീഡിയോസന്ദേശങ്ങളിലൂടെ തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
സ്ത്രീകളുടെ പ്രതിനിധി
ഹേമന്ത് സോറന്റെ ഭാര്യ കല്പനയുടെ പ്രസംഗവും വനിതാനേതാവിന്റെ ശക്തി കാണിക്കുന്നതായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളംവരുന്ന സ്ത്രീകളുടെയും ഒമ്പതുശതമാനം ഗോത്രവര്‍ഗക്കാരുടെയും പ്രതിനിധിയായാണ് താന്‍ സംസാരിക്കുന്നതെന്നു പറഞ്ഞാണ് അവര്‍ തുടങ്ങിയത്.
ഭര്‍ത്താവിന്റെ അറസ്റ്റിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് ഗിരിദിഹ് ജില്ലയില്‍ സംഘടിപ്പിച്ച ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുെട 51-ാം സ്ഥാപകദിനത്തിലാണ് കല്പന ഔദ്യോഗികമായി പാര്‍ട്ടി അംഗത്വമെടുത്തത്. 'ജയിലിന്റെ താഴുകള്‍ തകരും; ഹേമന്ത് സോറന്‍ മോചിതനാകും'-പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് അവര്‍ ഈ മുദ്രാവാക്യം വിളിച്ചത്.
ഹേമന്ത് സോറന്‍ രാജിവെച്ചപ്പോള്‍ കല്പന മുഖ്യമന്ത്രിപദവി ഏറ്റെടുത്തേക്കുമെന്നാണ് ആദ്യംപരന്ന വാര്‍ത്തകള്‍. എന്നാല്‍ കല്പനയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരേ ജെ.എം.എം. സ്ഥാപകനേതാവ് ഷിബു സോറന്റെ മൂത്ത മരുമകള്‍ സിതാ സോറന്‍ എതിര്‍പ്പുമായി രംഗത്തുവന്നു. കുടുംബലഹള തണുപ്പിക്കാനാണ് ചംപായ് സോറനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ഞായറാഴ്ചത്തെ 'ഇന്ത്യ' റാലിയില്‍ അഴികള്‍ക്കുള്ളില്‍ക്കിടക്കുന്ന ഭര്‍ത്താക്കന്മാരെയോര്‍ത്ത് ദുഃഖിക്കുന്ന രണ്ടു ഭാര്യമാരെയല്ല ജനം കണ്ടത്. പ്രതിപക്ഷസഖ്യവേദിയുടെ മൊത്തം ശ്രദ്ധയാകര്‍ഷിക്കുന്ന രണ്ട് വനിതാനേതാക്കളുടെ ഉദയത്തിനാണ് അവിടെക്കൂടിയവര്‍ സാക്ഷ്യംവഹിച്ചത്.
Content Highlights: sunitha kejrival and kalpana soren will become the double engine power for india alliance