അവശേഷിക്കുന്ന കോട്ടകളും തകർക്കാൻ രേവന്ത്; കൊഴിഞ്ഞുപോക്കിൽ വിയർത്ത് കെ.സി.ആർ

#പി. സുനിൽകുമാർ
കെ. ചന്ദ്രശേഖര്‍ റാവു, രേവന്ത് റെഡ്ഡി | Photo: ANI
കെ. ചന്ദ്രശേഖര്‍ റാവു, രേവന്ത് റെഡ്ഡി | Photo: ANI

2014-ലെ ആന്ധ്ര വിഭജനത്തോടെ തകർന്നടിഞ്ഞ കോൺഗ്രസിനെ തെലങ്കാനയിൽ അധികാരത്തിൽ തിരിച്ചെത്തിച്ചത് രേവന്ത് റെഡ്ഡിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും രേവന്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ബി.ആർ.എസിന്റെ അതികായനായ നേതാവ് കെ. ചന്ദ്രശേഖർ റാവുവിന്റെ അവശേഷിക്കുന്ന കോട്ടകളും തകർക്കാൻ രേവന്തിനു കഴിയുമെന്ന പ്രതീക്ഷ കോൺഗ്രസ് നേതൃത്വത്തിനുണ്ട്. 

ദക്ഷിണേന്ത്യയിൽ ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാനയെന്നത് ശക്തമായ ത്രികോണമത്സരത്തിന് വഴിയൊരുക്കുന്നു 
ഒമ്പതുവർഷത്തോളം ഉറങ്ങിക്കിടന്ന കോൺഗ്രസിന് പുതുജീവൻനൽകി തെലങ്കാനയിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിച്ചത് രേവന്ത് റെഡ്ഡി എന്ന ആർ.ആർ. ആണ്. രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രേവന്ത് റെഡ്ഡി  സംഘപരിവാറിലും തെലുഗുദേശം പാർട്ടിയിലും പ്രവർത്തിച്ചശേഷമാണ് കോൺഗ്രസിലെത്തിയത്. എതിരാളികളെ അടിച്ചിരുത്താൻ ശേഷിയുള്ള ഈ 54-കാരനിലെ തീപ്പൊരിനേതാവിനെ തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോടൊപ്പം നിന്നു. ഇതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയം. 

കേന്ദ്രത്തിൽ നരേന്ദ്രമോദി അധികാരത്തുടർച്ച നേടിയതിനുശേഷംനടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ കൈപിടിച്ചുയർത്തിയത് കർണാടകവും തെലങ്കാനയുമാണ്. കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് ഡി.കെ. എന്ന ഡി.കെ. ശിവകുമാറാണെങ്കിൽ അയൽസംസ്ഥാനമായ തെലങ്കാനയിൽ ആർ.ആർ. ആയിരുന്നു.  സംസ്ഥാനത്തെ 17 ലോക്‌സഭാ മണ്ഡലങ്ങളിൽ 14 എണ്ണത്തിലും വിജയിക്കുമെന്നാണ് രേവന്ത് റെഡ്ഡിയുടെ ഉറപ്പ്. 

കർണാടകത്തിലും തെലങ്കാനയിൽ  നടപ്പാക്കിയ ജനക്ഷേമപദ്ധതികളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഇതേ മാതൃകയിലുള്ള വാഗ്ദാനങ്ങളാണ്  കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും  മുന്നോട്ടുവെക്കുന്നത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാഗ്ദാനംചെയ്ത ആറു ഗാരന്റികളിൽ നാലെണ്ണവും നടപ്പാക്കി. ഇതിനായി സർക്കാർ 53,196 കോടി രൂപയാണ് നീക്കിവെച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയും പാവപ്പെട്ടവർക്കുള്ള 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് സുരക്ഷയും സൗജന്യ വൈദ്യുതിയും 500 രൂപയ്ക്ക് ഗ്യാസ് സിലിൻഡറിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ജനക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും സമയബന്ധിതമായി അവ നടപ്പാക്കുകയും ചെയ്തതിലൂടെ രേവന്ത് റെഡ്ഡിക്ക് ജനങ്ങൾക്കിടയിൽ താരപരിവേഷമുണ്ട്. ഇതുതന്നെയാണ് കോൺഗ്രസിന്റെ പ്രതീക്ഷയും. സർക്കാരിന്റെ വിലയിരുത്തലാകും ലോക്‌സഭ, തിരഞ്ഞെടുപ്പെന്ന  രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയിലെ ആത്മവിശ്വാസവും ഇതാണ്.

തിരിച്ചടിച്ചത് ദേശീയമോഹം

കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ഭരിക്കുമ്പോഴാണ് ആന്ധ്ര വിഭജിക്കപ്പെടുന്നത്. തെലങ്കാന സംസ്ഥാനത്തിനുവേണ്ടി പടനയിച്ച ടി.ആർ.എസിനാണ് അതിന്റെ പ്രയോജനം ലഭിച്ചത്.   കെ.സി.ആർ. സ്ഥാപിച്ച തെലങ്കാന രാഷ്ട്രസമിതി സംസ്ഥാന രൂപവത്കരണത്തിനുശേഷം കോൺഗ്രസിൽ ലയിപ്പിക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ, തനിക്കുള്ള ജനപിന്തുണ തിരിച്ചറിഞ്ഞ കെ.സി.ആർ. നിലപാടുമാറ്റി. 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ ടി.ആർ.എസ്. 119 സീറ്റിൽ 63 എണ്ണം സ്വന്തമാക്കി. കാലാവധി തീരാൻ ഒമ്പതുമാസം ശേഷിക്കേ നിയമസഭ പിരിച്ചുവിട്ട് 2018-ൽ നടന്ന തിരഞ്ഞെുപ്പിൽ കെ.സി.ആർ. 88 സീറ്റുനേടി വൻവിജയം നേടി.  തുടർന്ന് പ്രതിപക്ഷമായ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കവും കെ.സി.ആർ. നടത്തി. എന്നാൽ, ദേശീയമോഹവുമായി പാർട്ടിയുടെ പേര് 2022-ൽ ഭാരത് രാഷ്ട്രസമിതി എന്നു മാറ്റിയത് തിരിച്ചടിയായി. 2018-ൽ നേടിയ വിജയത്തിനുശേഷം ദേശീയതലത്തിൽ നേതാവായി ഉയരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാർട്ടിയുടെ പേര് മാറ്റിയത്. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭരണം നഷ്ടമായി. പിന്നാലെ പാർട്ടിയിൽനിന്ന് കൊഴിഞ്ഞുപോക്കും തുടങ്ങി.

കൊഴിഞ്ഞുപോക്കിൽ വിയർത്ത് കെ.സി.ആർ.

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതോടെ ബി.ആർ.എസ്. നേതാക്കൾ കോൺഗ്രസിലേക്കും ബി.ജെ.പി.യിലേക്കും ഒഴുകുകയാണ്. സീറ്റു ലഭിച്ചവർപോലും ബി.ആർ.എസിനെ വിട്ട് കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥികളായി. പാർട്ടി സെക്രട്ടറിജനറൽമുതൽ എം.പി.മാരും എം.എൽ.എ.മാരും ഹൈദരാബാദ് കോർപ്പറേഷൻ മേയർ, കൗൺസിലർമാർ എന്നിവരെല്ലാം  ബി.ആർ.എസ്. വിട്ട്  കോൺഗ്രസിലെത്തി.

അഴിമതിയാരോപണങ്ങളും കെ.സി.ആറിന്റെ മകളും നിസാമാബാദ് എം.എൽ.എ.യുമായ കവിതയുടെ അറസ്റ്റും ഫോൺചോർത്തൽ വിവാദവുമാണ് ബി.ആർ.എസിന്റെ തകർച്ചയ്ക്കു പ്രധാന കാരണം. ബി.ആർ.എസിലെ പത്ത് പ്രമുഖനേതാക്കൾ പാർട്ടി വിട്ടു. ബി.ജെ.പി. സ്ഥാനാർഥിപ്പട്ടികയിലെ പത്തിലധികം നേതാക്കൾ ബി.ആർ.എസിൽ നിന്നുള്ളവരാണ്. കെ.സി.ആറിന്റെ വിശ്വസ്തൻ കേശവറാവു പാർട്ടിവിട്ടതാണ് വലിയ തിരിച്ചടി. കേശവറാവുവിന്റെ മകളും ഹൈദരാബാദ് മേയറുമായ വിജയലക്ഷ്മിയും പാർട്ടി വിട്ടു. ഉപമുഖ്യമന്ത്രിയായിരുന്ന കെ. ശ്രീഹരി, മകൾ കാവ്യ, മുൻമന്ത്രി ഇന്ദ്രകിരൺറെഡ്ഡി എന്നിവരും കോൺഗ്രസിൽ ചേർന്നു.

പ്രതീക്ഷയോടെ ബി.ജെ.പി.

2019-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 17 സീറ്റിൽ ബി.ജെ.പി. നാലുസീറ്റു നേടിയിരുന്നു.  കോൺഗ്രസിന് ലഭിച്ചത് മൂന്നുസീറ്റാണ്. അന്ന് കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ്. ഒമ്പതു സീറ്റ് സ്വന്തമാക്കി. വരുന്ന തിരഞ്ഞെടുപ്പിൽ 12 സീറ്റെന്ന ലക്ഷ്യവുമായാണ് ബി.ജെ.പി. കരുനീക്കം നടത്തുന്നത്. ദക്ഷിണേന്ത്യയിൽനിന്ന് 50 സീറ്റ് എന്നതാണ്  ലക്ഷ്യം. അതിൽ പ്രധാനം തെലങ്കാനയാണ്. പിന്നീട് ബി.ആർ.എസ്. എന്നു പേരുമാറ്റിയ  ടി.ആർ.എസ്. 2014-ലെ തിരഞ്ഞെടുപ്പിൽ 11 സീറ്റ് നേടിയിരുന്നു. അന്ന് ബി.ജെ.പി.ക്ക് ഒരു സീറ്റും കോൺഗ്രസിന് രണ്ടുസീറ്റുമാണ് ലഭിച്ചത്.

2019-ലെ ഫലം
ആകെ സീറ്റ്     17
ബി.ആർ.എസ്.    09
ബി.ജെ.പി.    04
കോൺഗ്രസ്    03
മജ്‌ലിസ് പാർട്ടി    01
സി.പി.ഐ.    01
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ്
ആകെ സീറ്റ്    119
കോൺഗ്രസ്    63
ബി.ആർ.എസ്.    39
ബി.ജെ.പി.    08
മജ്‌ലിസ് പാർട്ടി    07

Content Highlights: KCR vs RR in Telengana