കടപ്പയിലെ കുടുംബപോര്; അവിനാഷിനെതിരേ വൈ.എസ്. ശര്‍മിള, വിജയം ആര്‍ക്കൊപ്പം

#കടപ്പയില്‍നിന്ന് പി. സുനില്‍കുമാര്‍
ജഗന്‍മോഹന്‍ റെഡ്ഡി, വൈ.എസ്. ശര്‍മിള | Photo: PTI, ANI
ജഗന്‍മോഹന്‍ റെഡ്ഡി, വൈ.എസ്. ശര്‍മിള | Photo: PTI, ANI

'തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. ഇത് എന്റെ കുടുംബത്തെ രണ്ടാക്കുമെന്ന് അറിയാം' കടപ്പ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷകൂടിയായ ശര്‍മിളയുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് ഇവിടെനിന്നുള്ള കാഴ്ച. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണശേഷം കടപ്പ വൈ.എസ്.ആര്‍. ജില്ലയെന്നാണ് അറിയപ്പെടുന്നത്. വൈ.എസ്.ആറിന്റെ മക്കളായ ജഗന്‍മോഹന്‍ റെഡ്ഡിയും ശര്‍മിളയും വാക്പോരിലാണ്.

ശര്‍മിള മത്സരത്തിനിറങ്ങിയതോടെയാണ് കുടുംബം ഇരുചേരികളിലായത്. കടപ്പ മണ്ഡലത്തില്‍ ശര്‍മിളയെ നേരിടുന്നത് സിറ്റിങ് എം.പിയും അടുത്ത ബന്ധുവുമായ വൈ.എസ്. അവിനാഷ് റെഡ്ഡിയാണ്. കടപ്പ ലോക്സഭാ മണ്ഡലവും ഇതിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എക്കാലത്തും വൈ.എസ്.ആറിനോടൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അതില്‍ മാറ്റമുണ്ടായില്ല. മുസ്ലിം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിര്‍ണായകസ്വാധീനമുള്ള മണ്ഡലംകൂടിയാണിത്.

വൈ.എസ്.ആറിന്റെ സഹോദരനും കടപ്പ മുന്‍ എം.പിയുമായ വൈ. എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് ജഗന്‍മോഹന്‍ സര്‍ക്കാരിനുള്ളതെന്ന് സഹോദരി ശര്‍മിളയും വിവേകാനന്ദ റെഡ്ഡിയുടെ ഭാര്യ സൗഭാഗ്യയും പരസ്യമായി ആരോപിക്കുന്നു. ഇവരെ പിന്തുണച്ച് വൈ.എസ്.ആറിന്റെ ഭാര്യ വിജയമ്മയും രംഗത്തെത്തിയതോടെ കടപ്പയിലെ മത്സരം കുടുംബപോരായി. കൊലപാതകക്കേസില്‍ അറസ്റ്റിലായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ ഭാസ്‌കര്‍ റെഡ്ഡിയുടെ മകന്‍ വൈ.എസ്. അവിനാഷ് റെഡ്ഡിയെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതാണ് കുടുംബാംഗങ്ങള്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരേ തിരിയാന്‍ കാരണം.

45 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ വെല്ലുന്ന പോരാട്ടമാണ് കടപ്പയില്‍. ഇരുനേതാക്കളുടെയും പ്രചാരണ ഓഫീസില്‍ പ്രവര്‍ത്തകരുടെ തിരക്കാണ്. ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും ലഘുലേഖകളുമായി പ്രവര്‍ത്തകര്‍ രാവിലെത്തന്നെ വീടുകളിലെത്തും. 'ശര്‍മിളയുടെ ആരോപണം ഞെട്ടിക്കുന്നതാണ്. ഇതിനോട് പ്രതികരിക്കേണ്ടയെന്നാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജയത്തിന് ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശരിയാണോയെന്ന് ശര്‍മിള ചിന്തിക്കണം' അവിനാഷ് റെഡ്ഡി പറഞ്ഞു. കടപ്പയിലെ ഭട്വല്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. വന്‍ ജനാവലിയോടെയായിരുന്നു പ്രചാരണം. ഇത്തരം ചോദ്യമുന്നയിച്ചതില്‍ പാര്‍ട്ടിപ്രവര്‍ത്തകരും അമര്‍ഷം പ്രകടിപ്പിച്ചു.

ഭാസ്‌കര്‍ റെഡ്ഡിയും മകന്‍ അവിനാഷ് റെഡ്ഡിയും വിവേകാനന്ദ റെഡ്ഡിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ഭാസ്‌കര്‍ റെഡ്ഡി അറസ്റ്റിലുമായി. അവിനാഷ് റെഡ്ഡി മുന്‍കൂര്‍ജാമ്യത്തിലാണ്. 'വൈ.എസ്.ആറിനെപ്പോലെ നല്ലൊരു നേതാവായിരുന്നു വിവേകാനന്ദ റെഡ്ഡി. രണ്ടുതവണ വന്‍ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയിച്ചത്. കുടുംബാംഗങ്ങള്‍ തന്നെ ആരോപണവുമായി രംഗത്തുവരുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആശങ്കയുണ്ട്' വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗുരുമൂര്‍ത്തി പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഇരുചേരികളിലാണെങ്കിലും കടപ്പ മണ്ഡലത്തില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് വലിയ ഭീഷണിയൊന്നുമില്ല. കഴിഞ്ഞതവണ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് അവിനാഷ് റെഡ്ഡി വിജയിച്ചത്. രണ്ടാംസ്ഥാനത്തുള്ളത് തെലുഗുദേശം പാര്‍ട്ടിയാണ്. ജഗന്‍ പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ മണ്ഡലമാണിത്. കോണ്‍ഗ്രസിന് ഉണര്‍വുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്‍ഡ് ശര്‍മിളയെ സ്ഥാനാര്‍ഥിയാക്കിയത്. രണ്ടുവര്‍ഷംമുമ്പുവരെ ജഗനുവേണ്ടി മണ്ഡലത്തില്‍ ഓടിനടന്ന ശര്‍മിളയെ എതിരാളിയാക്കുക മാത്രമല്ല കുടുംബത്തില്‍ വിള്ളലുണ്ടാക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.

1989 മുതല്‍ 1998 വരെ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത് വൈ.എസ്. ആറാണ്. പിന്നീട് വിവേകാനന്ദ റെഡ്ഡിയും ജഗന്‍മോഹന്‍ റെഡ്ഡിയും വിജയം ആവര്‍ത്തിച്ചു. ജഗന്‍ നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് മണ്ഡലം ബന്ധു അവിനാഷ് റെഡ്ഡിക്ക് കൈമാറിയത്.

വൈ.എസ്.ആര്‍. എന്ന നേതാവിനോടുള്ള സ്‌നേഹം ഇന്നും കാത്തുസൂക്ഷിക്കുന്നവരാണ് കടപ്പക്കാര്‍. തെലുഗുദേശം പാര്‍ട്ടി കടപ്പയെ അവഗണിച്ചതിലുള്ള വിഷമം നാട്ടുകാര്‍ക്കുണ്ട്. ഇന്ന് ഇവിടെ കാണുന്ന വികസനമെല്ലാം വൈ.എസ്.ആര്‍ കൊണ്ടുവന്നതാണ്. ഇതിനുശേഷം ഒരു വികസനവും കടപ്പയിലുണ്ടായില്ലെന്ന് ജനങ്ങള്‍ പറയുന്നു.' റോഡുകള്‍ പൊട്ടി പൊളിഞ്ഞിരിക്കയാണ്. തൊഴില്‍സംരംഭങ്ങളൊന്നും വന്നില്ല. സര്‍ക്കാര്‍ മാറിയതിനുശേഷം രണ്ട് ചെറുകിട വ്യവസായശാലകള്‍ വന്നിട്ടുണ്ട്. തൊഴില്‍തേടി യുവാക്കള്‍ നഗരം വിടുകയാണ്' ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വകലാശാല വിദ്യാര്‍ഥി അനിരുദ്ധ് പറഞ്ഞു.

ആദരം ഏറ്റുവാങ്ങി വൈ.എസ്.ആര്‍. ഗട്ട്

കടപ്പ ഇഡുപുളപായയിലെ വൈ.എസ്.ആര്‍. സ്മൃതിമണ്ഡപമായ വൈ.എസ്.ആര്‍. ഗട്ടിലേക്ക് ദൂരസ്ഥലങ്ങളില്‍നിന്നുവരെ സന്ദര്‍ശകരെത്തുന്നു. ഒരു മുഖ്യമന്ത്രിയോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഇവിടെയെത്തുന്നവര്‍ക്ക് ബോധ്യപ്പെടും.

കടപ്പയില്‍നിന്നും 57 കിലോമീറ്റര്‍ അകലെയാണ് വൈ.എസ്.ആര്‍. ഗട്ട്. മകനും മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവെണ്ടുലയില്‍ ഉള്‍പ്പെടുന്നതാണിത്. 500 ഏക്കര്‍ സ്ഥലത്താണിത്. ഇതിനുചുറ്റും രക്തചന്ദന മരമാണ്. സ്മൃതിമണ്ഡപത്തിലേക്കുള്ള പാതയില്‍ ഒന്നിടവിട്ടസ്ഥലങ്ങളില്‍ തോക്കേന്തി സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. വൈ.എസ്.ആറിനെ സംസ്‌കരിച്ച സ്ഥലം മാര്‍ബിള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വൈ.എസ്.ആറിന്റെ വലിയ വെങ്കലപ്രതിമയാണ് സന്ദര്‍ശകരെ ആദ്യം സ്വീകരിക്കുക. വൈ.എസ്.ആറിന്റെ അകാലമരണത്തെത്തുടര്‍ന്ന് വിവിധജില്ലകളില്‍ ജീവനൊടുക്കിയവരുടെ പേരുകള്‍ ഒരു മണ്ഡപത്തിനുചുറ്റുമായി മാര്‍ബിളില്‍ കൊത്തിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈ.എസ്. ശര്‍മിള സംസാരിക്കുന്നു

  • രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണല്ലോ കടുത്തമത്സരം

ജഗന്‍മോഹന്‍ റെഡ്ഡിയിലും ചന്ദ്രബാബു നായിഡുവിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ബി.ജെ.പി. അനുകൂലനിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്. സര്‍ക്കാരിനെതിരേ ജനരോഷമുണ്ട്. ഇത് കോണ്‍ഗ്രസിന് അനുകൂലമാകും. ജഗന്‍ വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചിരിക്കയാണ്. നായിഡുവിന്റെ സഖ്യത്തെ ജനങ്ങള്‍ തള്ളിക്കളയും. ഇന്ത്യസഖ്യത്തിന്റെ വിജയം അനിവാര്യമാണ്.

  • കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

ആന്ധ്രയില്‍ വൈ.എസ്.ആര്‍. ഭരണം തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. ഇവിടെ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട്. കര്‍ണാടകത്തിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തില്‍വന്നത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഗാരന്റിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.

  • കടപ്പയില്‍ കുടുംബ പോരാട്ടമാണല്ലോ

സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണിത്. വൈ.എസ്.ആറിന്റെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡിയുടെ കൊലയാളികളെ സഹായിക്കുന്ന നിലപാടാണ് ജഗന്‍മോഹന്‍ റെഡ്ഡി സ്വീകരിച്ചത്. കടപ്പയിലെ ജനങ്ങള്‍ വൈ.എസ്.ആറിനോടൊപ്പം നിന്നവരാണ്. ആ സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്.
 

Content Highlights: kadapa fight between ysr family ys sharmila jagan mohan reddy avinash reddy