ഒവൈസിയെ വീഴ്ത്താൻ മാധവി ലത, കിഷൻ റെഡ്ഡിക്കെതിരെ എംഎൽഎമാർ; മൽക്കാജ്ഗിരിയിൽ രേവന്തിന് പിൻഗാമിയാര്?

#ഹൈദരാബാദില്‍ നിന്ന് സുനീഷ് ജേക്കബ് മാത്യു
അസദുദ്ദീന്‍ ഒവൈസി, മാധവി ലത നരേന്ദ്രമോദിക്കൊപ്പം, മല്‍ക്കാജ്ഗിരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനിത റെഡ്ഡി
അസദുദ്ദീന്‍ ഒവൈസി, മാധവി ലത നരേന്ദ്രമോദിക്കൊപ്പം, മല്‍ക്കാജ്ഗിരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനിത റെഡ്ഡി

ഹൈദരാബാദ് നഗരപരിധിയില്‍ ഉള്‍പ്പെടുന്ന മൂന്ന് ലോക്സഭാ മണ്ഡലത്തിലും മത്സരം മൂന്ന് തരത്തിലാണ്. സംസ്ഥാനത്തെ ഭരണപക്ഷമായ കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ബി.ആര്‍.എസും ഹൈദരാബാദ് മണ്ഡലത്തില്‍ കാഴ്ച്ചക്കാരാണ്. ഇവിടെ ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്ത്ഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. നഗരത്തെക്കാള്‍ കൂടുതല്‍ പ്രാന്തപ്രദേശങ്ങളാണ് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

പൂര്‍ണമായും നഗരപരിധിയില്‍പ്പെടുന്ന മണ്ഡലം സെക്കന്തരാബാദാണ്. കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ സിറ്റിങ് സീറ്റായ ഇവിടെ കടുത്ത ത്രികോണ മത്സരമാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 2019 തിരഞ്ഞെടുപ്പില്‍ വിജയിച്ച മല്‍ക്കാജ് ഗിരിയാണ് തലസ്ഥാന നഗരത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട മറ്റൊരു മണ്ഡലം. മലയാളികള്‍ അടക്കം അന്യസംസ്ഥാനക്കാര്‍ ഏറെയുള്ള മണ്ഡലത്തിന്റെ സ്വഭാവം പ്രവചനാതീതമാണ്.

ഒവൈസിയുടെ തേരോട്ടത്തിന് തടയിടാന്‍ മാധവി ലത

തുടര്‍ച്ചയായി നാല് തവണ വിജയിച്ച മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയെ തളയ്ക്കാന്‍ നര്‍ത്തകിയും സംരംഭകയുമായ കൊമ്പെല്ല മാധവി ലതയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. 1984 മുതല്‍ ഒവൈസി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായ ഹൈദരാബാദില്‍ ഇതിന് മുമ്പ് അസദുദ്ദീന്‍ ഒവൈസിയുടെ പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസി ആറ് തവണ വിജയിച്ചു. 2004-ലായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ ആദ്യ ജയം. കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ഒവൈസിയെ ഇത്തവണ ഒരു ലക്ഷം വോട്ടിന് തന്നോട് പരാജയപ്പെടുമെന്നാണ് മാധവിലതയുടെ അവകാശവാദം. തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയായ മാധവി ലതയെ അടുത്ത സ്മൃതി ഇറാനി എന്നാണ് പ്രവര്‍ത്തകരും അനുയായികളും വിശേഷിപ്പിക്കുന്നത്. രാമനവമി ദിനത്തില്‍ റാലിയ്ക്കിടെ മുസ്ലിം പള്ളിയെ ലക്ഷ്യമാക്കി അമ്പ് തൊടുക്കുന്നതായി ആഗ്യം കാട്ടിയതിലൂടെ മാധവി ലത വിവാദത്തിനും തിരികൊളുത്തിയിരുന്നു. ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറും എ.ഐ.എം.ഐ.എമ്മിന്റെ കൈവശമാണ്. ഒന്നില്‍ ബി.ജെ.പിയും.

ഹൈദരാബാദ് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് വലിലുള്ള സമീറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 25 വര്‍ഷത്തിനിടെ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് തവണ അടക്കം പലതവണ ബി.ജെ.പി. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഗഡ്ഡം ശ്രീനിവാസ് യാദവാണ് ബി.ആര്‍.എസ്. സ്ഥാനാര്‍ഥി.

സെക്കന്തരാബാദ് പിടിക്കാന്‍ എം.എല്‍.എമാര്‍

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ബി.ആര്‍.എസും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. മുന്‍മന്ത്രിമാരും സിറ്റിങ് എം.എല്‍.എമാരുമായ സ്ഥാനാര്‍ഥികളെയാണ് ഇരുപാര്‍ട്ടികളും ഇറക്കിയിരിക്കുന്നത്. വൈ.എസ്. രാജശേഖരറെഡ്ഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ദാനം നഗേന്ദറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖൈരദാബാദില്‍ നിന്ന് ബി.ആര്‍.എസ്. സ്ഥാനാര്‍ഥിയായി വിജയിച്ച നഗേന്ദര്‍ മാര്‍ച്ചിലാണ് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ എക്സൈസ് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ടി. പത്മറാവുവാണ് ബി.ആര്‍.എസ്. സ്ഥാനാര്‍ഥി. നിലവിലെ സെക്കന്തരാബാദ് എം.എല്‍.എയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ കിഷന്‍ റെഡ്ഡിയ്ക്കായി പ്രചാരണത്തിന് എത്തിയിരുന്നു. മൂന്ന് പാര്‍ട്ടികളും പ്രധാനികളെ കളത്തിലിറക്കിയിരിക്കുന്നതിനാല്‍ ശക്തമായ ത്രികോണമത്സരമാണ് ഇവിടെ.

മല്‍ക്കാജ്ഗിരിയില്‍ രേവന്തിന്റെ അഭിമാന പോരാട്ടം

വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ (32 ലക്ഷം പേര്‍) ലോക്സഭാമണ്ഡലമാണ് മല്‍ക്കാജ് ഗിരി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യഭാഷക്കാര്‍ താമസിക്കുന്ന മല്‍ക്കാജ്ഗിരിയിലെ വിജയം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അഭിമാന പ്രശ്നമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രേവന്ത് റെഡ്ഡിയാണ് ഇവിടെ വിജയിച്ചിരുന്നത്. പട്ടണം സുനിത മഹേന്ദര്‍ റെഡ്ഡിയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വിക്രബാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സുനിത റെഡ്ഡി ബി.ആര്‍.എസില്‍ നിന്ന് എത്തിയതാണ്. ബി.ആര്‍.എസ്. സ്ഥാനാര്‍ഥി ആര്‍. ലക്ഷ്മണ റെഡ്ഡി പഴയ കോണ്ഡഗ്രസുകാരനാണ്. ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത് ബി.ആര്‍.എസില്‍ നിന്ന് എത്തിയ മുന്‍ മന്ത്രി ഈട്ടേല രാജേന്ദറാണ്. ഒരിക്കല്‍ ബി.ആര്‍.എസ്. നേതാവ് കെ.ചന്ദ്രശേഖര്‍ റാവുവിന്റെ വിശ്വസ്തനായിരുന്ന രാജേന്ദറും സുനിത റെഡ്ഡിയും തമ്മിലാണ് പ്രധാന മത്സരം.

Content Highlights: Who will win at Three seats in Telangana Capital