ബിആര്‍എസ് എംപി വെങ്കടേഷ് നേത കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണം നഷ്ടമായതിന് പിന്നാലെ ബിആര്‍എസ്സില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പേദപ്പള്ളി ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ ബി.വെങ്കടേഷ് നേത പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെത്തിയ വെങ്കടേഷ് നേത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സന്ദര്‍ശിച്ചു.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന വെങ്കടേഷ് നേത 2018-ല്‍ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിആര്‍എസില്‍ ചേര്‍ന്ന് ലോക്‌സഭയിലേക്കെത്തിയത്.
ഇതിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം തുടരുന്ന രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയെ കണ്ട് തെലങ്കാനയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന ഘടകം നേരത്തെ സോണിയ തെലങ്കാനയില്‍ നിന്ന് മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
Content Highlights: BRS Lok Sabha MP Venkatesh Netha Joins Congress In Delhi