ദിനകരന് മാജിക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് എന്‍.ഡി.എ; കുക്കറേന്തി അര്പുതമാന മനിതന്

കടുത്തപോരാട്ടം നടക്കുന്ന കോയമ്പത്തൂരില്‍ സ്വന്തം പ്രചാരണം ഒഴിവാക്കിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി കെ. അണ്ണാമലൈ തേനിയില്‍ കുതിച്ചെത്തിയത്. തമിഴ്നാട്ടില്‍ എന്‍.ഡി.എ.യ്ക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലമായതുകൊണ്ടാകാം തിടുക്കപ്പെട്ടുള്ള യാത്ര.
അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനാണ് സ്ഥാനാര്‍ഥി. ശൂന്യതയില്‍നിന്ന് വിജയംകൊയ്യുന്ന 'ദിനകരന് മാജിക്ക്' തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രസിദ്ധമാണ്. തക്കസമയത്ത് ഇത് മുതലെടുത്താല്‍ ഗുണംചെയ്യുമെന്ന തിരിച്ചറിവാകണം സംസ്ഥാന ബി.ജെ.പി. പ്രസിഡന്റുകൂടിയായ അണ്ണാമലൈയെ തേനിയില്‍ എത്തിച്ചതും.
ദിനകരനും അണ്ണാമലൈയും തേനി ബംഗളാമേടില് നടത്തിയ പ്രചാരണം എന്തായാലും ഹിറ്റായി.
ഏതാനും മാസംമുമ്പുവരെ ബി.ജെ.പി.യുടെ കണ്ണിലെ കരടായിരുന്നു ദിനകരന്. പൊടുന്നനെ അദ്ദേഹം എന്‍.ഡി.എ.യ്ക്ക് പ്രിയങ്കരനായത് രാഷ്ട്രീയവൃത്തങ്ങളെ അദ്ഭുതപ്പെടുത്തി. പിന്നാലെ തേനി സീറ്റുകൂടി ലഭിച്ചതോടെ അതും ദിനകരന്റെ മാജിക് പ്രകടനത്തില്‍ ഇടംപിടിച്ചു.
'അര്പുതമാന മനിതന്'
ദിനകരന്റെ ചിഹ്നം പ്രഷര്‍ കുക്കറാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കുക്കര്‍ വിസിലില്‍ ആവിയാകുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. നരേന്ദ്രമോദിയുടെ 'രാസിപെറ്റ' ചിഹ്നമാണ് കുക്കറെന്ന് ദിനകരന് അവകാശപ്പെടുന്നു.
വനിതകള്‍ കുക്കര്‍ തലയിലേന്തി പ്രചാരണംനടത്തുന്നത് കൗതുകക്കാഴ്ചയാണ്. 'അര്പുതമാന മനിതന്' -അണ്ണാമലൈ ദിനകരനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കേരളാ അതിര്‍ത്തിയായ കമ്പം തേനിയില്‍ ഉള്‍പ്പെടുന്നതിനാല്‍ മലയാളി വോട്ടര്‍മാരെ പാട്ടിലാക്കാനും ദിനകരന് ശ്രമിക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നുമാണ് ദിനകരന്റെ ഉറപ്പ്.
ഇന്ത്യസഖ്യത്തിലെ ഡി.എം.കെ. സ്ഥാനാര്‍ഥി തങ്കത്തമിഴ് സെല്‍വനാണ്. ദിനകരനും തങ്കത്തമിഴ്സെല്‍വനും ഒരുകാലത്ത് മച്ചാന്-മച്ചാനായി നടന്നവരാണ്.
2019-ല്‍ ദിനകരന്റെ പാര്‍ട്ടിയുടെ തേനിയിലെ സ്ഥാനാര്‍ഥി തങ്കത്തമിഴ്സെല്വന് ആയിരുന്നു. സൗഹൃദത്തില്‍ പതുക്കെ വിള്ളലുണ്ടായി. ഇപ്പോള്‍ ആ പഴയ ചങ്ങാതിയെ കഞ്ചാവുകടത്തുകാരനും ചാരായവില്പ്പനക്കാരനുമായി ദിനകരന് മുദ്രകുത്തുന്നു.
1999-2004 കാലത്ത് ഇതേ മണ്ഡലത്തില്‍ എം.പി.യായിരുന്നു ദിനകരന്. അന്ന് പെരിയകുളം എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. അതുകൊണ്ടുതന്നെ ജയലളിതയുടെ തോഴി ശശികലയുടെ സഹോദരീപുത്രന്കൂടിയായ ദിനകരന് ഈ നാട്ടിലെ ജനങ്ങളെ അറിയാം.
ജയലളിതയുടെ മരണശേഷം ശശികലയ്ക്കൊപ്പം കൂടിയതോടെ ദിനകരന് പാര്‍ട്ടിയിലെ പിടിവള്ളി പതുക്കെ നഷ്ടമായി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ദിനകരന് ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ഉയിര്‍ത്തെണീറ്റു.
തേനിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.ടി.വി. ദിനകരനുവേണ്ടി കുക്കറുമായി പ്രചാരണം നടത്തുന്ന പ്രവര്ത്തകര്ഫോട്ടോ: വി. രമേഷ്
Content Highlights: theni lok sabha constituency ttv dinakaran magic