വീണ്ടും മോദി അധികാരത്തില്‍വന്നാല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാകും- ജെ.പി നഡ്ഡ

ചെന്നൈ: 2024-ല്‍ മോദി വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. ഞായറാഴ്ച രാവിലെ അരിയലൂരില്‍ നടന്ന പൊതുസമ്മേളനത്തെ നഡ്ഡ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നഡ്ഡ. അതിനിടെ, നഡ്ഡ തിരുച്ചിറപ്പള്ളിയില്‍ ഞായറാഴ്ച നടത്താനിരുന്ന റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു.
മൂന്നാമത്തെ തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്ന കാര്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറപ്പാക്കണമെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനക്കുതിപ്പ് കൈവരിച്ചതായും നഡ്ഡ അവകാശപ്പെട്ടു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍ രാജ്യം വികസനക്കുതിപ്പ് നടത്തിയിരിക്കുകയാണ്. സാമ്പത്തികശേഷിയില്‍ 2019 കാലത്ത് ഇന്ത്യ ലോകത്ത് പതിനൊന്നാമത്തെ സ്ഥാനത്തായിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയും യുക്രൈന്‍ യുദ്ധവും ഉണ്ടായിട്ടും 200 കൊല്ലത്തോളം നമ്മെ അടക്കിവാണ ബ്രിട്ടനെ മറികടക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ", നഡ്ഡ പറഞ്ഞു.
ഇലക്ട്രോണിക്‌സ് മേഖലയില്‍ രാജ്യത്തിന്റെ ഉത്പാദനവും കയറ്റുമതിയും ആറ് മടങ്ങ് വര്‍ധിച്ചതായും നഡ്ഡ പറഞ്ഞു. 2014-ല്‍ ചൈന ഉത്പാദിപ്പിച്ച മൊബൈല്‍ ഫോണുകളാണ് ഇന്ത്യയിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഫോണുകളാണ് ജനങ്ങളുടെ പക്കലുള്ളതെന്നും രാജ്യത്തെ 97 ശതമാനം ഫോണുകളും ഇന്ത്യയില്‍ത്തന്നെ ഉത്പാദിക്കുന്നവയാണെന്നും നഡ്ഡ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏപ്രില്‍ 19-നാണ് തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. നേതൃത്വം നല്‍കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് 39-ല്‍ 38 സീറ്റുകളില്‍ വിജയം നേടിയിരുന്നു.
Content Highlights: Permission denied for JP Nadda's road show in Tiruchirappalli Tamil Nadu