കുടുംബമേ കഴകം; തമിഴ്‌നാട്ടില്‍ മത്സരക്കളം നിറഞ്ഞ് മക്കളും ബന്ധുക്കളും

ചെന്നൈ: തമിഴ്നാട്ടിലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ കളം നിറഞ്ഞുനില്‍ക്കുന്നത് കുടുംബസ്ഥാനാര്‍ഥികള്‍. പ്രമുഖ സ്ഥാനാര്‍ഥികളില്‍ പലരും നേതാക്കന്മാരുടെ മക്കളും അടുത്തബന്ധുക്കളും എന്നനിലയില്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ഒരേ പാര്‍ട്ടിയില്‍ മാത്രമല്ല, പല പാര്‍ട്ടികളിലും ബന്ധുക്കളാണ് മത്സരിക്കുന്നത്.
ഡി.എം.കെ.യില്‍ കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലെപ്പോലെ ആറ്് മക്കള്‍സ്ഥാനാര്‍ഥികള്‍ ഇത്തവണയുണ്ട്. ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി(തൂത്തുക്കുടി) അടക്കം ഡി.എം.കെ.യിലെ മക്കള്‍സ്ഥാനാര്‍ഥികളില്‍ അഞ്ചുപേര്‍ സിറ്റിങ് എം.പി.മാരാണ്. ദയാനിധി മാരന്‍ (ചെന്നൈ സെന്‍ട്രല്‍), തമിഴച്ചി തങ്കപാണ്ഡ്യന്‍(ചെന്നൈ സൗത്ത്), കലാനിധി വീരസാമി(ചെന്നൈ നോര്‍ത്ത്), കതിര്‍ ആനന്ദ്(വെല്ലൂര്‍) എന്നിവരാണ് ഡി.എം.കെ.യിലെ മക്കള്‍സ്ഥാനാര്‍ഥികളായ മറ്റ് സിറ്റിങ് എം.പി.മാര്‍. അരുണ്‍ നെഹ്റുവാണ് (പെരമ്പല്ലൂര്‍) മക്കള്‍സ്ഥാനാര്‍ഥികളിലെ പുതുമുഖം.
മുന്‍കേന്ദ്രമന്ത്രികൂടിയായ ദയാനിധി മാരന്‍ പാര്‍ട്ടിയിലെത്തിയത് അച്ഛനും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ പാത പിന്തുടര്‍ന്നാണ്. അച്ഛന്‍ കരുണാനിധിയുടെ തണലില്‍ രാഷ്ട്രീയത്തില്‍ എത്തിയ കനിമൊഴി, ആദ്യ രണ്ടുതവണ പാര്‍ലമെന്റിലെത്തിയത് രാജ്യസഭാംഗമായിട്ടായിരുന്നു. കഴിഞ്ഞതവണ ആദ്യമായി ലോക്സഭാംഗമായി. ഇപ്പോള്‍ വീണ്ടും മത്സരിക്കുന്നു.
ഡി.എം.കെ. മുന്‍മന്ത്രി ആര്‍ക്കോട്ട് വീരസാമിയുടെ മകനാണ് ചെന്നൈ നോര്‍ത്തില്‍നിന്ന് വീണ്ടും മത്സരിക്കുന്ന കലാനിധി വീരസാമി. കതിര്‍ ആനന്ദ് ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും സംസ്ഥാനമന്ത്രിയുമായ ദുരൈമുരുകന്റെ മകനാണ്. മന്ത്രി കെ.എന്‍. നെഹ്റുവിന്റെ മകനാണ് അരുണ്‍ നെഹ്റു. കള്ളക്കുറിച്ചിയിലെ സിറ്റിങ് എം.പി.യും മന്ത്രി പൊന്‍മുടിയുടെ മകനുമായ ഗൗതം സിഗാമണിക്ക് വീണ്ടും സീറ്റുകിട്ടിയില്ല.
മുന്‍ എം.എല്‍.എ. തങ്കപാണ്ഡ്യന്റെ മകളും നിലവിലെ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരശിന്റെ സഹോദരിയുമാണ് തമിഴച്ചി തങ്കപാണ്ഡ്യന്‍. ചെന്നൈ സൗത്തില്‍ തമിഴച്ചിക്കെതിരേ മത്സരിക്കുന്ന മറ്റുരണ്ട് പ്രമുഖസ്ഥാനാര്‍ഥികളും നേതാക്കളുടെ മക്കളാണ്. അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി ജെ. ജയവര്‍ധന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഡി. ജയകുമാറിന്റെ മകനാണ്. 2014-ല്‍ ജയവര്‍ധന്‍ ഇവിടെനിന്ന് വിജയിച്ചിട്ടുണ്ട്.
ഈ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനും അച്ഛന്റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലെത്തിയത്. ടി.എന്‍.സി.സി. മുന്‍പ്രസിഡന്റായിരുന്ന കുമരി അനന്തന്റെ മകളായ തമിഴിസൈ തുടക്കത്തില്‍ കോണ്‍ഗ്രസിലായിരുന്നു. പിന്നീട് ബി.ജെ.പി.യില്‍ ചേര്‍ന്നു.
കോണ്‍ഗ്രസിലെ മക്കള്‍സ്ഥാനാര്‍ഥികള്‍ കാര്‍ത്തി ചിദംബരം (ശിവഗംഗ), വിഷ്ണുപ്രസാദ് (കടലൂര്‍), വിജയ് വസന്ത് (കന്യാകുമാരി) എന്നിവരാണ്. മൂന്നുപേരും സിറ്റിങ് എം.പിമാരാണ്. കാര്‍ത്തി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനാണ്. വിഷ്ണുപ്രസാദ് മുന്‍ ടി.എന്‍.സി.സി. പ്രസിഡന്റ് കൃഷ്ണസാമിയുടെ മകനാണ്. വിഷ്ണുപ്രസാദിന്റെ സഹോദരി സൗമ്യ, പി.എം.കെ.യുടെ ധര്‍മപുരി സ്ഥാനാര്‍ഥിയാണ്. പി.എം.കെ. പ്രസിഡന്റ് അന്‍പുമണി രാമദാസിന്റെ ഭാര്യയാണ് സൗമ്യ.
മുന്‍ എം.പി. വസന്ത്കുമാറിന്റെ മകനാണ് വിജയ് വസന്ത്. തമിഴിസൈ സൗന്ദര്‍ രാജന്റെ അച്ഛന്‍ കുമരി അനന്തന്റെ അനുജനാണ് വസന്ത്കുമാര്‍. തമിഴിസൈയെ കന്യാകുമാരിയില്‍ മത്സരിക്കുന്നതായി പരിഗണിച്ചിരുന്നു. തമിഴിസൈ ഇവിടെ സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ബന്ധുക്കള്‍ തമ്മിലുള്ള മത്സരമാകുമായിരുന്നു.
നീലഗിരിയില്‍ ഡി.എം.കെ. നേതാവ് എ. രാജയെയും കേന്ദ്രമന്ത്രി എല്‍. മുരുകനും എതിരേ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി ലോകേഷ് തമിഴ് സെല്‍വന്‍, മുന്‍ സ്പീക്കര്‍ ധനപാലിന്റെ മകനാണ്. കോയമ്പത്തൂരില്‍ ബി.ജെ.പി.യുടെ കെ. അണ്ണാമലൈയ്‌ക്കെതിരേ മത്സരിക്കുന്ന അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി സിങ്കൈ ജി. രാമചന്ദ്രന്‍ മുന്‍ എം.എല്‍.എ. സിങ്കൈ ഗോവിന്ദരാസുവിന്റെ മകനാണ്.
എം.ഡി.എം.കെ.യുടെ ഏകസ്ഥാനാര്‍ഥി ദുരൈ വൈകോ (തിരുച്ചിറപ്പള്ളി) പാര്‍ട്ടിസ്ഥാപകന്‍ വൈകോയുടെ മകനാണ്. ഡി.എം.ഡി.കെ.യുടെ വിരുദുനഗര്‍ സ്ഥാനാര്‍ഥി വിജയ് പ്രഭാകരന്‍ പാര്‍ട്ടിസ്ഥാപകനും നടനുമായ വിജയകാന്തിന്റെ മകനാണ്. ഇവിടെ ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയായ നടി രാധിക ശരത്കുമാര്‍ നടനും മുന്‍ എം.എല്‍.എ.യുമായ ശരത്കുമാറിന്റെ ഭാര്യയാണ്. പഴയകാല നടന്‍ എം.ആര്‍. രാധയുടെ മകളുംകൂടിയാണ് രാധിക.
Content Highlights: lok sabha election 2024 in thamil nadu