ലക്ഷ്യം രണ്ടക്ക സീറ്റ്; തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ അറ്റകൈ പ്രയോഗങ്ങള്‍

മാറ്റം ഉറപ്പിച്ചാണ് തമിഴ്നാട്ടില്‍ ഓരോതവണയും ബി.ജെ.പി. തിരഞ്ഞെടുപ്പിനിറങ്ങുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മാറുമെന്നതല്ലാതെ വേറെ നേട്ടമൊന്നുമുണ്ടാകാറില്ല. പക്ഷേ, ഇത്തവണ കളംമാറുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി. അതിനായി ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യുമില്ലാത്ത മൂന്നാംമുന്നണിയുണ്ടാക്കി.
തമിഴ് സംസ്‌കാരത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബൃഹദ്പദ്ധതികള്‍ ആസൂത്രണംചെയ്തു. രണ്ടുമാസത്തിനിടെ പത്തിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദര്‍ശിച്ചു.
തമിഴ്നാട് പിടിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ബി.ജെ.പി.ക്ക് ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡി.എം.കെ.യുടെ തോളിലിരുന്നു ഡി.എം.കെ.യെ വെല്ലുവിളിച്ച ബി.ജെ.പി. ഇപ്പോള്‍ ഇരുദ്രാവിഡ കക്ഷികളെയും ഒരുമിച്ചു നേരിടുകയാണ്. മുഖ്യ എതിരാളിയായി ഉയര്‍ത്തിക്കാട്ടുന്നത് ഡി.എം.കെ.യെയാണെങ്കിലും അണ്ണാ ഡി.എം.കെ.യുടെ വോട്ടിലാണ് ബി.ജെ.പി.യുടെ കണ്ണ്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വോട്ടുകള്‍ അണ്ണാ ഡി.എം.കെ.യില്‍ പോകാതെ തങ്ങളിലേക്ക് എത്തിക്കാന്‍ അണ്ണാമലൈയും കൂട്ടരും വിയര്‍പ്പൊഴുക്കുന്നു.
അണ്ണാ ഡി.എം.കെ.യുമായി സഖ്യമുള്ളപ്പോള്‍ത്തന്നെ തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷം തങ്ങളാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്ന ബി.ജെ.പി. ഇത് തെളിയിക്കാനുള്ള ബാധ്യതയുമായിട്ടാണ് ഇപ്പോള്‍ പുതിയ സഖ്യവുമായി ഇറങ്ങിയിരിക്കുന്നത്. അണ്ണാ ഡി.എം.കെ.യുടെ വോട്ട് പരമാവധി ചോര്‍ത്താനാണ് അവരുടെ കോട്ടയായിരുന്ന കൊങ്കുനാട്, തെക്കന്‍ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്ന ബി.ജെ.പി. ശ്രമിക്കുന്നത്.
ലോക്സഭയിലേക്കില്ലെന്ന് പറഞ്ഞു മാറിനിന്ന അണ്ണാമലൈ അടക്കം സംസ്ഥാനത്തെ പ്രമുഖനേതാക്കള്‍ എല്ലാവരും മത്സരരംഗത്തുണ്ട്.
തെലങ്കാന ഗവര്‍ണറായിരുന്ന തമിഴിസൈ സൗന്ദരരാജന്‍ പദവി ഒഴിഞ്ഞാണ് ചെന്നൈ സൗത്തില്‍ മത്സരിക്കാനെത്തിയത്. നീലഗിരിയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകനും കന്യാകുമാരിയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും മത്സരിക്കുന്നത് വിജയിക്കാന്‍ സാധിക്കാതെവന്നാലും വന്‍പോരാട്ടം നടത്തി വോട്ടുയര്‍ത്താനാണ്.
വോട്ടുശതമാനം രണ്ടക്കമാക്കുമെന്നാണ് നേതാക്കള്‍ പറയുന്നതെങ്കിലും അത് 20 ശതമാനംവരെ ഉയരുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ അവകാശവാദം. അത് സാധിച്ചാല്‍ 2026-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇത്തരമൊരു സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെ.യില്‍ നിന്നുള്‍പ്പെടെ നേതാക്കളെ മറുകണ്ടം ചാടിക്കാനാകുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു. എന്നാല്‍, ബ്രാഹ്‌മണമേധാവിത്വത്തിനെ രൂക്ഷമായി എതിര്‍ക്കുന്ന ദ്രാവിഡരാഷ്ട്രീയത്തിന്റെ മണ്ണില്‍ സ്വാധീനമുറപ്പിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന് കാത്തിരുന്ന് കാണണം.
മൂന്നാം മുന്നണി
- ബി.ജെ.പി. 19 സീറ്റില്‍ മത്സരിക്കുന്നു. സഖ്യകക്ഷിയായ പാട്ടാളി മക്കള്‍ കക്ഷി 10 സീറ്റിലും തമിഴ് മാനില കോണ്‍ഗ്രസ് മൂന്നിടത്തും ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം രണ്ടിടത്തും മത്സരിക്കുന്നു. ഒരു സീറ്റില്‍ വിമത അണ്ണാ ഡി.എം.കെ നേതാവ് ഒ. പനീര്‍ശെല്‍വമാണ്. നാല് സീറ്റില്‍ സഖ്യകക്ഷികള്‍ ബി.ജെ.പി. ചിഹ്നത്തില്‍
- 2014-ല്‍ ബി.ജെ.പി. മൂന്നാം മുന്നണി പരീക്ഷിച്ചു. സഖ്യം 19 ശതമാനം വോട്ടു നേടി. രണ്ടു സീറ്റു കിട്ടി.
- 2019-ലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി അണ്ണാ ഡി.എം.കെ സഖ്യംത്തില്‍. കഴിഞ്ഞ വര്‍ഷം സഖ്യം തകര്‍ന്നു
ബി.ജെ.പി. പദ്ധതികള്‍, പ്രഖ്യാപനങ്ങള്‍
- ഉത്തരേന്ത്യയിലെ ശ്രീരാമന്റെ സ്ഥാനത്ത് തമിഴരുടെ മുരുകനെ പ്രതിഷ്ഠിക്കുന്നതിന് 2021-ല്‍ മുരുക ക്ഷേത്രങ്ങളിലൂടെ വേല്‍യാത്ര
- പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയും തമിഴ്നാടും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് 2022-ല്‍ കാശി-തമിഴ് സംഗമം
- മോദിയുടെ ഗുജറാത്തും തമിഴ്നാടും തമ്മില്‍ മുമ്പുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ണ്ടഓര്‍മ്മിപ്പിക്കുന്നതിന് 2023-ല്‍ ണ്ടസൗരാഷ്ട്ര-തമിഴ്സംഗമം
- പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള ചെങ്കോല്‍ പ്രതിഷ്ഠിച്ചു
- ചെങ്കോല്‍ പ്രതിഷ്ഠയ്ക്കു കാര്‍മികരായി തമിഴ് നാട്ടില്‍നിന്നുള്ള ശൈവസന്ന്യാസിമാര്‍
- ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ എന്‍ മണ്ണ് എന്‍ മക്കള്‍ പദയാത്ര
- പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി സംസ്ഥാനം സന്ദര്‍ശിക്കുന്നു.
- രാമേശ്വരം മണ്ഡലത്തില്‍ മോദി മത്സരിച്ചേക്കുമെന്ന് പ്രചാരണം
- കച്ചിത്തീവ് പ്രശ്‌നം ഉയര്‍ത്തി ഡി. എം. കെ.യേയും കോണ്‍ഗ്രസിനെയും ആക്രമിച്ചു
- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരുവള്ളുവര്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രകടനപത്രിക
ലക്ഷ്യത്തിനുമുന്നില്‍ കടമ്പകള്‍
- അടുത്തയിടെ പാര്‍ട്ടിയിലെത്തിയ അണ്ണാമലൈയ്ക്ക് കേന്ദ്ര നേതൃത്വം അമിത പ്രാധാന്യം നല്‍കുന്നതില്‍ സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
- അണ്ണാമലൈയുടെ പിടിവാശിയാണ് അണ്ണാ ഡി.എം.കെ.യുമായി സഖ്യം തകരാന്‍ കാരണമെന്ന് അവര്‍ കരുതുന്നുണ്ട്.
- 1991 മുതല്‍ 2021 വരെയുള്ള കാലത്ത് തമിഴ്നാട്ടില്‍ ബി.ജെ.പി.യുടെ വോട്ടു നില 1.7 ശതമാനത്തില്‍നിന്ന് 2.62 ശതമാനമായി ഉയര്‍ന്നതേയുള്ളൂ എന്നാണ് കണക്ക്. ഇത്തവണ അത് രണ്ടക്കത്തില്‍ എത്തുമെന്നാണ് ബി.ജെ.പി. നേതൃത്വം പ്രതീക്ഷിക്കുന്നത്.
- വോട്ടു ശതമാനം ഉയരുമെങ്കിലും ലക്ഷ്യത്തിലെത്തുക എളുപ്പമല്ല അണ്ണാ ഡി.എം.കെ.യുമായുള്ള സഖ്യം വിച്ഛേദിച്ചത് തിരിച്ചടിയാവും.
- ഡി.എം.കെ. സഖ്യം വിജയിച്ചാലും തങ്ങളുടെ വോട്ട് ബി.ജെ.പി.ക്ക് പോകാതിരിക്കാന്‍ അണ്ണാ ഡി.എം.കെ. ശ്രമിക്കും.
- 87 ശതമാനം ഹിന്ദുക്കളുള്ള സംസ്ഥാനത്ത് 1947-നു ശേഷം ബി.ജെ.പി.ക്ക് ആകെ കിട്ടിയത് രണ്ടു ലോക്സഭാ സീറ്റാണ്.
- മതവിശ്വാസത്തിലുപരി തമിഴ് വികാരമാണ് ഇന്നാട്ടുകാരെ നയിക്കുന്നത്
- ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടു വന്ന കച്ചിത്തീവ് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും തമിഴ്‌നാട്ടില്‍ ചലനമുണ്ടാക്കുന്നില്ല.
Content Highlights: loksabha election first phase tamil nadu