ഇവിടെയിപ്പോഴും കാമരാജ് താരം

വിരുദുനഗർ നഗരസഭാ ഓഫീസിനു മുന്നിലെ കാമരാജ് പ്രതിമ തുണികെട്ടി മറച്ചിരിക്കുകയാണിപ്പോൾ. തെക്കേ ഇന്ത്യയിൽനിന്ന് കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദം വരെയെത്തുകയും രണ്ട് പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുകയും ചെയ്ത കാമരാജ നാടാർ തിരഞ്ഞെടുപ്പ് കഴിയുംവരെ ജന്മനാട്ടിൽ മറഞ്ഞിരിക്കേണ്ടി വരും.
ജയിലിൽ കിടക്കുമ്പോൾ ഈ നഗരസഭയുടെ അധ്യക്ഷനായ നേതാവാണ് കാമരാജ്. ജയിലിൽനിന്ന് പുറത്തിറങ്ങി ഒരുദിവസംമാത്രം ഓഫീസിലെത്തി ഒപ്പിട്ട ശേഷം, കോൺഗ്രസ് വളർത്താൻ വേണ്ടി രാജിെവച്ച ആറടി രണ്ടിഞ്ചുകാരന്റെ ഓർമ തുടിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടിവിടെ. കെ. കാമരാജ് വിദ്യാശാല (കെ.കെ.വി.എസ്.), കാമരാജ് എൻജിനിയറിങ് കോളേജ്, വായനശാലകൾ...
വിരുദുനഗറിലെ 40 വയസ്സ് പിന്നിട്ട 10 പുരുഷന്മാരോട് പേരു ചോദിച്ചാൽ ഒരാൾ ഉറപ്പായും കാമരാജായിരിക്കും. ഒമ്പതുകൊല്ലം തമിഴ്‌നാട് മുഖ്യമന്ത്രിയും പിന്നീട് കോൺഗ്രസ് പ്രസിഡന്റുമായ കിങ് മേക്കറുടെ ജന്മനാട് ഇപ്പോഴും തമിഴ്‍നാട്ടിലെ കോൺഗ്രസിന്റെ അവശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നാണ്. തലൈവരുടെ വീട് നിൽക്കുന്ന 14-ാം വാർഡ് അടക്കം വിരുദുനഗർ നഗരസഭയിൽ കോൺഗ്രസിന് ഒമ്പതംഗങ്ങളുണ്ട്.
നഗരസഭാ ഓഫീസിനു മുന്നിൽനിന്ന് ഒരു കിലോമീറ്റർ പോയാൽ സുലോചനൻ നാടാർ സ്ട്രീറ്റായി. കഷ്ടിച്ച് ഓട്ടോറിക്ഷയ്ക്ക് കടക്കാവുന്ന റോഡിലേക്ക് ഒരു ബോർഡ് വഴികാട്ടും. അതിൽ ഇങ്ങനെ എഴുതിയിയിരിക്കുന്നു- ‘കാമരാജ് ഇല്ലം ചെല്ലും വഴി’. നൂറ് മീറ്റർ നടന്നാൽ ചെറിയ കാളിയമ്മൻ കോവിലിനോടു ചേർന്ന് ഇരുനില വീട്. കാമരാജിന്റെ ജന്മനാടും വീടും തേടി ഇപ്പോഴും പാർട്ടി പ്രവർത്തകരും ഗവേഷക വിദ്യാർഥികളുമടക്കം ഒട്ടേറെപ്പേരെത്തുന്നുണ്ട്. നെഹ്‌റുവിനെ അമ്പരപ്പിച്ച രാഷ്ട്രീയ പ്രതിഭാസത്തിന്റെ വീട് തമിഴ്നാട് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധീനതയിലാണിപ്പോൾ.
ലാൽ ബഹാദുർ ശാസ്ത്രിയെയും ഇന്ദിരാഗാന്ധിയെയും പ്രധാനമന്ത്രിമാരാക്കിയ കിങ് മേക്കറുടെ ജാതകം, കണ്ണട, പേന, വസ്ത്രങ്ങൾ മുതൽ നഖംവെട്ടിയും ഷേവിങ് ബ്രഷും വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ദിവസവും 80-100 പേർ ഈ വീട് സന്ദർശിച്ച് മടങ്ങുന്നു- പി.ആർ.ഡി. ഉദ്യോഗസ്ഥ കണ്ണമ്മാൾ പറഞ്ഞു.
തുടക്കം തലൈവർ നടയിൽനിന്ന്
രാവിലെ 9.30. കാമരാജ് ഇല്ലം തുറക്കുന്നതേയുള്ളൂ. വിരുദുനഗർ നഗരസഭാ മുൻ വൈസ് ചെയർമാനും പി.സി.സി. അംഗവുമായ ബാലകൃഷ്ണ സ്വാമിയും ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകരും കാത്തുനിൽപ്പുണ്ട്. നഗരസഭയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുംമുമ്പ് തലൈവരെ കണ്ടു വണങ്ങാനാണ് ഇവരെത്തിയത്. പ്രതിമയിൽ മാലയിട്ട് ബാലകൃഷ്ണ സ്വാമിയും സംഘവും വണങ്ങി. വിരുദുനഗറിലെ കോൺഗ്രസ് സ്ഥാനാർഥി മാണിക്യം ടോഗോറിന് വോട്ടു തേടാനുള്ള പുറപ്പാടിലാണിവർ.
കാമരാജിന്റെ ബന്ധുക്കളാണ് ഈ വീടിനോടു ചേർന്ന് താമസിക്കുന്നവരിൽ ഏറെയും. കാമരാജിന്റെ പെങ്ങൾ നാഗമ്മാളുടെ മകൾ കമലമ്മാളിന്റെ മകൻ രാമർ, 1963-ൽ കുട്ടിയായിരിക്കെ കാമരാജിനൊപ്പം ഫോട്ടോയെടുക്കാൻ അവസരം കിട്ടിയ പി. അയ്യാച്ചാമി എന്നിവരും കൂട്ടത്തിലുണ്ടായിരുന്നു. ‘‘കാമരാജ് ജന്മദിനമായ ജൂലായ് 15-ന് ഈ തെരുവ് നിറഞ്ഞുകവിയും. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഉച്ചഭക്ഷണം തുടങ്ങി അദ്ദേഹത്തിന്റെ ജനപക്ഷത്തുനിന്നുള്ള ഭരണപരിഷ്കാരങ്ങൾ അറിയുന്ന തലമുറ ഈ മണ്ണിൽ ഇപ്പോഴുമുണ്ട്’’- ബാലകൃഷ്ണ സ്വാമി പറഞ്ഞു.