പ്രതീക്ഷ ഭര്‍ത്താവിന്റെ ആരാധകരില്‍; സുമലതയുടെ സസ്‌പെന്‍സ് പിടികിട്ടാതെ ബിജെപിയും കോണ്‍ഗ്രസും

സുമലത| ഫോട്ടോ: പി.പി ബിനോജ് മാതൃഭൂമി
സുമലത| ഫോട്ടോ: പി.പി ബിനോജ് മാതൃഭൂമി

ബെംഗളൂരു: മാണ്ഡ്യയില്‍ സിറ്റിങ് എം.പി. യും നടിയുമായ സുമലത അംബരീഷ് നടത്തുന്ന കരുനീക്കങ്ങള്‍ കരുതലോടെ വീക്ഷിച്ച് ബി.ജെ.പി. യും കോണ്‍ഗ്രസും. മാണ്ഡ്യ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ജെ.ഡിഎസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി പ്രചാരണത്തിനിറങ്ങിയിട്ടും സുമലത തന്റെ നിലപാട് പുറത്തറിയിച്ചിട്ടില്ല. മാണ്ഡ്യയിലെ അനുയായികളെ അവര്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അനുയായികളുടെ അഭിപ്രായം സ്വരൂപിക്കാനെന്നു പറഞ്ഞായിരുന്നു ഇത്. പക്ഷേ, തീരുമാനമെടുക്കുന്നത് വീണ്ടും നീട്ടിവെച്ചു. ബുധനാഴ്ച മാണ്ഡ്യയില്‍ അനുയായികളുടെ യോഗം വിളിച്ചു ചേര്‍ക്കാനാണ് ഇപ്പോള്‍ നീക്കം. ഇതില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഏറെ ശ്രമം നടത്തിയിട്ടും ബി.ജെ.പി. സീറ്റ് നല്‍കാന്‍ തയ്യാറാകാതിരുന്നതിലെ പ്രതിഷേധം സുമലതയുടെയുള്ളില്‍ നീറുന്നുണ്ടെന്നാണ് അവരുടെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. അനുനയിപ്പിക്കാനായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.വൈ.വിജയേന്ദ്ര നേരിട്ടെത്തിയിട്ടും അനുകൂലമനോഭാവം പ്രകടിപ്പിച്ചില്ല. ഞായറാഴ്ച എന്‍.ഡി.എ. സ്ഥാനാര്‍ഥി എച്ച്.ഡി.കുമാരസ്വാമി നേരിട്ടെത്തിയെങ്കിലും പിന്തുണയുറപ്പാക്കാനായില്ല.

ബി.ജെ.പി. സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തയതിന് പകരമായി കഴിഞ്ഞ തവണത്തെപ്പോലെ സ്വതന്ത്രസ്ഥാനാര്‍ഥിയായി സുമലത മത്സരിക്കാനിറങ്ങുമോയെന്നാണ് ബി.ജെ.പി. ഭയക്കുന്നത്. അങ്ങനെ വന്നാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിറങ്ങിയ കുമാരസ്വാമിക്ക് വിയര്‍ക്കേണ്ടി വരും.

അന്തരിച്ച ഭര്‍ത്താവും മുന്‍ മന്ത്രിയുമായ അംബരീഷിന്റെ ആരാധകരാണ് മണ്ഡ്യയില്‍ സുമലതയുടെ ശക്തി. ആരാധക സംഘത്തിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സുമലതയുടെ വീട്ടിലെത്തിയിരുന്നു. സ്വതന്ത്രയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതൊഴിവാക്കാനാണ് ബി.ജെ.പി. ശ്രമം നടത്തുന്നത്. വിജയേന്ദ്രയുടെയും കുമാരസ്വാമിയുടെയും സന്ദര്‍ശനം ഇതിന്റെ ഭാഗമാണ്. ബി.ജെ.പി.യുടെ ദേശീയ നേതൃത്വവും ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് വിവരം. സുമലത സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ നീക്കവും നിര്‍ണായകമാകും. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് സുമലതയെ കോണ്‍ഗ്രസ് പിന്തുണച്ചാല്‍ മാണ്ഡ്യയിലെ മത്സരച്ചിത്രം തന്നെ മാറും. ഇതൊന്നുമല്ലാതെ, ബി.ജെ.പി. നല്‍കുന്ന വാഗ്ദാനങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനമെങ്കില്‍ എന്‍.ഡി.എ.യ്ക്ക് മത്സരം എളുപ്പമാകുകയും ചെയ്യും

Content Highlights: suspense in mandya sumlatha will contest as independent