മാണ്ഡ്യക്കാര് ചോദിക്കുന്നു 'സുമലത വരുമോ ഇല്ലയോ? '

ബെംഗളൂരു: മാണ്ഡ്യയില്‍ ഇത്തവണയും സ്വതന്ത്രയായി മത്സരിക്കാനിറങ്ങുമോ, അതോ സീറ്റ് നിഷേധിച്ച ബി.ജെ.പി.യുടെ തീരുമാനത്തെ അംഗീകരിക്കുമോ..? സസ്പെന്‍സ് ഒഴിവാക്കാതെ രാഷ്ട്രീയനേതൃത്വങ്ങളെ മുള്‍മുനയില്‍നിര്‍ത്തി നടി സുമലത അംബരീഷ്.
ബെംഗളൂരുവിലെ വീട്ടിലെത്തിയ മാണ്ഡ്യയിലെ അനുയായികളുമായും നേതാക്കളുമായി ശനിയാഴ്ചനടത്തിയ ചര്‍ച്ചയ്ക്കുശേഷവും സുമലത തീരുമാനം വ്യക്തമാക്കിയില്ല. ഇത്തവണയും സ്വതന്ത്രയായി മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ സുമലതയ്ക്ക് ഉറപ്പുകൊടുത്തു. അതേസമയം ഒരു തീരുമാനവും ഇതുവരെയെടുത്തിട്ടില്ലെന്നും ഏപ്രില്‍ മൂന്നിന് മണ്ഡ്യയില്‍ അനുയായികളുടെ യോഗംവിളിച്ചുചേര്ക്കുമെന്നും അവരുമായി വീണ്ടും ചര്‍ച്ചനടത്തിയേശഷം തീരുമാനം പ്രഖ്യാപിക്കുമെന്നും സുമലത പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പി.യില്‍നിന്നും തനിക്ക് ക്ഷണം ലഭിച്ചതായും ഏതുപാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കണമെന്ന് തീരുമാനിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഏതുപാര്‍ട്ടിയെന്നത് തനിക്ക് പ്രധാനമല്ല, തന്റെ തീരുമാനം മാണ്ഡ്യക്കുവേണ്ടിയും അവിടത്തെ ജനങ്ങള്‍ക്കുവേണ്ടിയുമായിരിക്കും-സുമലത വ്യക്തമാക്കി.
അതേസമയംഅവരെ അനുനയിപ്പിക്കാന്‍ ബി.ജെ.പി. ശ്രമംതുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര സുമലതയെ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞതവണ ബി.ജെ.പി.യുടെ പിന്തുണയോടെ മാണ്ഡ്യയില്‍ മത്സരിച്ചുജയിച്ച സുമലത ഇത്തവണ ബി.ജെ.പി.ക്കൊപ്പംനിന്ന് മത്സരിക്കാനായിരുന്നു തീരുമാനം. പക്ഷേ, സീറ്റ് ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.എസിന് നല്കി. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.
Content Highlights: sumalatha keep suspense in mandya constituency