ലൈംഗിക പീഡന വിവാദം; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

പ്രജ്വല്‍ രേവണ്ണ
പ്രജ്വല്‍ രേവണ്ണ

ന്യൂഡല്‍ഹി: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ഹാസന്‍ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തിലാണിത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും മുന്‍ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വലിനെ വിവാദത്തെ തുടര്‍ന്ന് അന്വേഷണം കഴിയും വരെ ജെ.ഡി.എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ പ്രജ്വല്‍ ജര്‍മനിയിലേക്ക് മുങ്ങുകയും ചെയ്തു. 

ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും അല്ലാത്ത പക്ഷം അറസ്റ്റിലേക്ക് കടക്കുമെന്നും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇപ്പോള്‍ ബെംഗളൂരുവില്‍ ഇല്ലെന്ന് പ്രജ്വല്‍ രേവണ്ണ സാമൂഹികമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു. അഭിഭാഷകന്‍ മുഖേന ബെംഗളൂരു സി.ഐ.ഡി.യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു. അഭിഭാഷകന്‍ മുഖേന അന്വേഷണ സംഘത്തിന് കൈമാറിയ കത്തിന്റെ പകര്‍പ്പും പ്രജ്വല്‍ രേവണ്ണ എക്സിലൂടെ പുറത്തുവിട്ടിരുന്നു. 

ബെംഗളൂരുവിന് പുറത്ത് യാത്രയിലാണെന്നാണ് അന്വേഷണസംഘത്തിന് കൈമാറിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ പറഞ്ഞത്. അതിനാല്‍ ബെംഗളൂരുവിലെത്തി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഏഴുദിവസം കൂടി സാവകാശം വേണമെന്നും കത്തിലൂടെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ലുക്കൗട്ട് നോട്ടീസും വന്നത്. 

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക  സംഘത്തെ ചുമതലപ്പെടുത്തിയത്.

Content Highlights: sit issues lookout notice for prajwal reavanna