ഈശ്വരപ്പ, യെദ്യൂരപ്പ, ബംഗാരപ്പ; ശിവമോഗയില്‍ പോര് കനക്കും

#സുനില്‍ തിരുവമ്പാടി
കെ.എസ്. ഈശ്വരപ്പ, ബി.എസ്. യെദ്യൂരപ്പ, എസ്. ബംഗാരപ്പ | Photo: PTI, Mathrubhumi Archives
കെ.എസ്. ഈശ്വരപ്പ, ബി.എസ്. യെദ്യൂരപ്പ, എസ്. ബംഗാരപ്പ | Photo: PTI, Mathrubhumi Archives

ബെംഗളൂരു: ‘‘ഞാൻ ഈശ്വരപ്പയെപ്പറ്റി പറയാൻ ഇഷ്ടപ്പെടുന്നില്ല. ഈശ്വരപ്പയ്ക്ക് എന്താണോ വേണ്ടത് അതു ചെയ്യട്ടെ. ഞാൻ അതിനെപ്പറ്റി സംസാരിക്കില്ല’’- കർണാടക ബി.ജെ.പി.യിലെ അതികായൻ ബി.എസ്. യെദ്യൂരപ്പയുടെ ഈ വാക്കുകളിൽ, തനിക്കെതിരേ പോരിനിറങ്ങിയ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയോടുള്ള അരിശം മുഴുവനുമുണ്ടായിരുന്നു. വ്യാഴാഴ്ച ബെംഗളൂരുവിൽ പത്രസമ്മേളനം നടത്തുന്നതിനിടെ ഈശ്വരപ്പ ശിവമോഗയിൽ മത്സരിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു മറുപടി.

ബി.എസ്. യെദ്യൂരപ്പയുടെ തട്ടകമാണ് ശിവമോഗ ലോക്‌സഭാ മണ്ഡലം. 2014-ൽ അദ്ദേഹത്തെ 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഇടം. പക്ഷേ, യെദ്യൂരപ്പ ഇത്തവണ ഇവിടെ സ്ഥാനാർഥിയല്ല. മകൻ ബി.വൈ. രാഘവേന്ദ്രയാണ് രണ്ടാമതും ശിവമോഗയിൽ മത്സരിക്കുന്നത്. പക്ഷേ, ബി.ജെ.പി.യുടെ തലമുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമെല്ലാമായ കെ.എസ്. ഈശ്വരപ്പയാണ് ഇവിടെ അങ്കം കുറിച്ചിരിക്കുന്നത്.

യെദ്യൂരപ്പയും ഈശ്വരപ്പയും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ പ്രതീതിയാണ് മണ്ഡലത്തിൽ നിറയുന്നത്. ഈശ്വരപ്പ സ്വതന്ത്രസ്ഥാനാർഥിയായി വെള്ളിയാഴ്ച പത്രിക നൽകി. മണ്ഡലത്തിൽ ഒരുവട്ടം പ്രചാരണം നടത്തിയശേഷമാണ് പത്രിക സമർപ്പിക്കുന്നത്. മകൻ കെ.ഇ. കാന്തേഷിന് സീറ്റു നിഷേധിച്ചതാണ് ഈശ്വരപ്പയെ പ്രകോപിപ്പിച്ചത്. ഹാവേരിയിൽ കാന്തേഷ് മത്സരിക്കാനൊരുങ്ങിയെങ്കിലും പാർട്ടി സീറ്റ് നൽകിയത് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കാണ്. മകനെ തഴഞ്ഞത് യെദ്യൂരപ്പയുടെ ചരടുവലിയാണെന്ന് ഈശ്വരപ്പ ആരോപിക്കുന്നു. ഇതാണ് പിണക്കത്തിനു കാരണം.

ബി.ജെ.പി. വിമതൻ ശിവമോഗയിൽ കോൺഗ്രസിന്റെ പ്രതീക്ഷ വാനോളമാക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവരാജ്കുമാറാണ് കൈപ്പത്തി ചിഹ്നത്തിൽ വോട്ടുതേടുന്നത്. കർണാടക മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയാണ് ഗീത. ബംഗാരപ്പ കുടുംബത്തിനും ശിവമോഗയിൽ കാര്യമായ സ്വാധീനമുണ്ട്.

ഗ്രാമങ്ങൾതോറും കയറിയിറങ്ങിയുള്ള ഗീതയുടെ പ്രചാരണം മുന്നേറുകയാണ്. ശിവരാജ് കുമാർ കൂടിയെത്തിയതോടെ പ്രചാരണത്തിന് താരപരിവേഷമായി. ശിവമോഗയിൽ രണ്ടാം മത്സരമാണ് ഗീതയുടേത്. 2014-ൽ ജെ.ഡി.എസ്. പാനലിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. യെദ്യൂരപ്പയുടെ പിൻഗാമിയായി 2019-ൽ ശിവമോഗയിൽ മത്സരിച്ച രാഘവേന്ദ്ര 2,23,360 വോട്ടിനാണ് വിജയിച്ചത്. അന്ന് ജെ.ഡി.എസിലായിരുന്ന മധു ബംഗാരപ്പയെയാണ് പരാജയപ്പെടുത്തിയത്. മേയ് ഏഴിനാണ് ശിവമോഗയിൽ തിരഞ്ഞെടുപ്പ്.

Content Highlights: Eshwarappa Dreams Of A Win Amid Yediyurappa vs Bangarappa Fight in Shivamogga