മാണ്ഡ്യയിലെ അനിശ്ചിതത്വം; സുമലതയെ ഡൽഹിക്ക് വിളിപ്പിച്ച് BJP നേതൃത്വം, ശിവമോഗയിൽ വഴങ്ങാതെ ഈശ്വരപ്പ

ബെംഗളൂരു: മാണ്ഡ്യയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ നടി സുമലതാ അംബരീഷിനെ ബി.ജെ.പി. ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. സുമലതയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച നടത്താനാണ് വിളിപ്പിച്ചതെന്നാണ് സൂചന.
ശനിയാഴ്ച ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാണ്ഡ്യ ഉൾപ്പെടെ മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യം വീണ്ടുമുന്നയിച്ചു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച സുമലതയെ ഡൽഹിക്കു വിളിപ്പിച്ചത്.
മാണ്ഡ്യ സീറ്റ് സുമലതയ്ക്കുതന്നെ നൽകാനാണോ പകരം വേറെ സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെടാനാണോ ബി.ജെ.പി. നേതൃത്വത്തിന്റെ തീരുമാനമെന്ന് വ്യക്തമല്ല. മാണ്ഡ്യ ഒഴിവാക്കി മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നകാര്യം സുമലത നിഷേധിച്ചിരുന്നു. മാണ്ഡ്യയിലെ സിറ്റിങ് എം.പി.യാണ് സുമലത.
മാണ്ഡ്യക്കുപുറമെ, പാർട്ടിയുടെ സിറ്റിങ് സീറ്റായ ഹാസനും കോലാറുമാണ് ജെ.ഡി.എസ്. ആവശ്യപ്പെട്ട മറ്റു രണ്ടു മണ്ഡലങ്ങൾ.
അനുനയിപ്പിക്കാൻ ശ്രമം; വഴങ്ങാതെ ഈശ്വരപ്പ
ശിവമോഗയിൽ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമം. ബി.ജെ.പി. രാജ്യസഭാംഗം രാധാമോഹൻ അഗർവാൾ ഈശ്വരപ്പയെ കണ്ടു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു ചർച്ച. ഈശ്വരപ്പയുടെ മകൻ കെ.ഇ. കാന്തേഷിന് എം.എൽ.സി. സ്ഥാനമുൾപ്പെടെ വാഗ്ദാനം ചെയ്തു. പാർട്ടിയെ ശുദ്ധീകരിക്കാനാണ് ശ്രമമെന്ന് ഈശ്വരപ്പ പറഞ്ഞു. മകൻ കാന്തേഷിന് ഹാവേരി സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ കലാപക്കൊടിയുയർത്തിയത്.
തിങ്കളാഴ്ച ശിവമോഗയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയത്. മുൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, എം.എൽ.സി. രവികുമാർ എന്നിവരും ഞായറാഴ്ച ഈശ്വരപ്പയെ അനുനയിപ്പിക്കാനെത്തി.
Content Highlights: mandya lok sabha-Sumalatha Ambareesh-eshwarappa