പ്രജ്ജ്വൽ വീഴുന്നു, ഹാസനിൽ രണ്ട് പതിറ്റാണ്ടിനുശേഷം കാലിടറി ജെ.ഡി.എസ്

ബെംഗളൂരു: കർണാടകത്തിൽ ഹാസൻ മണ്ഡലത്തിൽ ജെ.ഡി.എസിന് വൻ തിരിച്ചടി. എൻ.ഡി.എ. സ്ഥാനാർഥി പ്രജ്ജ്വൽ രേവണ്ണ കിതയ്ക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് എം. പട്ടേലിന് 43197 വോട്ടിന്റെ ഭൂരിപക്ഷം. നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് ജെ.ഡി.എസിന്റെ കുടുംബാധിപത്യമുള്ള സീറ്റിൽ തിരിച്ചടി നേരിടുന്നത്. മുൻ പ്രധാനമന്ത്രിയും പ്രജ്ജ്വലിന്റെ മുത്തച്ഛനുമായ എച്ച്.ഡി. ദേവഗൗഡയെ അഞ്ചു തവണ വിജയിപ്പിച്ച മണ്ഡലമാണിത്.
2004 മുതൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നിലനിർത്തിപ്പോന്ന മണ്ഡലം 2019-ൽ പ്രജ്വൽ രേവണ്ണയ്ക്ക് കൈമാറുകയും അന്ന് മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുകയും ചെയ്തിരുന്നു. ഇത്തവണ വീണ്ടും പ്രജ്വൽ രേവണ്ണ സ്ഥാനാർഥിയാക്കിയപ്പോൾ 2019-ലേതിനേക്കാൾ ഭൂരിപക്ഷം ജെ.ഡി.എസും എൻ.ഡി.എയും കണക്കുകൂട്ടിയിരുന്നു. എന്നാൽ, ലൈംഗികാതിക്രമം നടത്തി വീഡിയോ ചിത്രീകരിച്ച സംഭവം എതിർസ്ഥാനാർഥികൾ ശക്തമായി ഉയർത്തുകയും തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുകയും ചെയ്തു.
ലൈംഗികാതിക്രമം നടത്തി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതിയായ പ്രജ്വൽ രേവണ്ണയ്ക്കെതിരേയും എൻ.ഡി.എയ്ക്കെതിരേയും തിരഞ്ഞെടുപ്പിൽ ഉടനീളം വൻ രോഷം ഉടലെടുത്തിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പ്രജ്വൽ ഇന്ത്യ വിട്ടിരുന്നു. ഏഴാംഘട്ടതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു പ്രജ്വൽ വീണ്ടും രാജ്യത്തെത്തുന്നതും അറസ്റ്റിലാകുന്നതും.
Content Highlights: Lok Sabha Elections 2024 Rape accused Prajwal Revanna loses Hassan