കൊട്ടാരനഗരിയില് രാജഭക്തി വോട്ടാകുമോ

മൈസൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറയില്‍ അംബാവിലാസ് കൊട്ടാരത്തില്‍ നടക്കുന്ന ദര്‍ബാറില്‍ സ്വര്‍ണ സിംഹാസനത്തില്‍ രാജകീയ വേഷത്തിലിരിക്കുന്ന യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാറിനെയാണ് കൊട്ടാരനഗരിക്ക് പരിചയം. മൈസൂരു രാജാവിന്റെ പ്രൗഢി നൂറ്റാണ്ടുമുമ്പെന്നപോലെ ദസറയില്‍ തെളിഞ്ഞുവരും. രാജാവ് ഇപ്പോള്‍ കൊട്ടാരനഗരിയിലും പരിസരത്തുമുള്ള ഹള്ളികള്‍ തോറും കയറിയിറങ്ങുകയാണ്; ജനങ്ങളുടെ മനസ്സുപിടിക്കാന്‍. മൈസൂരു-കുടക് ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയാണ് യദുവീര്‍.
അരമനയില്‍നിന്ന് ജനങ്ങള്‍ക്കിടയിലേക്ക് വരുന്ന രാജാവിന്റെ പ്രതീതിയാണ് യദുവീറിന്റെ പ്രചാരണത്തിന്. യുവരാജാവിനെ ജനങ്ങള്‍ ആദരത്തോടെ വരവേല്‍ക്കുന്നു. ചിലര്‍ കാല്തൊട്ടുവണങ്ങുന്നു, ആരതിയുഴിയുന്നു, തിലകം ചാര്‍ത്തുന്നു. മൈസൂരുവിന്റെ ജീവനാഡിയിലുള്ള ഈ രാജഭക്തി വോട്ടായിമാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
രാജാവിന്റെ പഴയകാല കുപ്പായം വലിച്ചെറിഞ്ഞ് വെറും സാധാരണക്കാരന്റെ പരിവേഷമുണ്ടാക്കാനാണ് പ്രചാരണയാത്രയില്‍ യദുവീറിന്റെ തീവ്രശ്രമം. നാടിന്റെ വികസനത്തിന് ജനങ്ങള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നുപറഞ്ഞ് തനി രാഷ്ട്രീയക്കാരന്റെ വേഷമണിയുന്നു. ഒപ്പം, വൊഡയാര്‍ രാജാക്കന്മാര് മൈസൂരുവിനുനല്കിയ സംഭാവനകള്‍ എടുത്തുകാണിക്കാനും മറക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി തന്നെ പിന്തുണയ്ക്കാനും വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു.
2013-ല്‍ അന്നത്തെ മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ വിയോഗത്തോടെയാണ്, ബെംഗളൂരുവിലെ അരശ് കുടുംബത്തില്‍പ്പിറന്ന യദുവീര്‍ മൈസൂരു രാജാവാകുന്നത്; 23-ാം വയസ്സില്‍. രാജകുടുംബത്തിലേക്ക് അദ്ദേഹത്തെ രാജ്ഞിയായ പ്രമോദാദേവി ദത്തെടുക്കുകയായിരുന്നു. യുവ രാജാവിന് മൈസൂരുകാര്‍ നല്കുന്ന ബഹുമാനം വോട്ടാക്കിമാറ്റി മണ്ഡലം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. സിറ്റിങ് എം.പി. പ്രതാപ്സിംഹയ്ക്ക് ഇത്തവണ വിജയസാധ്യത കുറവാണെന്ന തോന്നലില്‍ യദുവീറിനെവെച്ച് പരീക്ഷണം നടത്താന്‍ ബി.ജെ.പി. തയ്യാറാകുകയായിരുന്നു.
പാര്‍ലമെന്റ് ആക്രമണം നടത്തിയവര്‍ പ്രതാപ്സിംഹയുടെ ബന്ധം ഉപയോഗിച്ച് പാസ് സംഘടിപ്പിച്ച കാര്യം പുറത്തുവന്നതും പ്രതാപ്സിംഹയുടെ സീറ്റ് തെറിക്കാന്‍ കാരണമായി. ഇതോടെ, മൈസൂരു രാജാവിനെ പോരാട്ടത്തിന് കളത്തിലറക്കി. കെ.പി.സി.സി. വക്താവ് എം. ലക്ഷ്മണയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സാധാരണക്കാരനായ നേതാവെന്ന പരിവേഷമാണ് ലക്ഷ്മണയുടെ പ്ലസ് പോയിന്റ്. മൈസൂരു മേഖലയില്‍ താരതമ്യേന ശക്തിയുള്ള ജെ.ഡി.എസ്. നേതാക്കള്‍ യദുവീറിനൊപ്പം പ്രചാരണത്തിനുണ്ട്.
മൈസൂരു രാജാവിന്റെ തിരഞ്ഞെടുപ്പ് പ്രവേശം ഇതാദ്യമായല്ല. മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാര്‍ നാലുതവണ മൈസൂരുവിനെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്തു. രണ്ടുതവണ തോല്‍ക്കുകയും ചെയ്തു. യദുവീറിന്റെ ഭാര്യ തൃഷികയുടെ അച്ഛന് ഹര്ഷവര്ധന് സിങ് രാജസ്ഥാനില്‍നിന്നുള്ള ബി.ജെ.പി. രാജ്യസഭാംഗമായിരുന്നു.
യദുവീര്‍ പ്രചാരണത്തിനിടെ മാതൃഭൂമിയുമായി സംസാരിച്ചു.
രാജാവ് ജനാധിപത്യത്തിന്റെ ഭാഗമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കുകയാണല്ലോ. എന്തുതോന്നുന്നു?
ഞാന്‍ ജനാധിപത്യസംവിധാനത്തില്ത്തന്നെയാണ് ജനിച്ചത്. ഞങ്ങളെല്ലാം സാധാരണക്കാരാണ്. സാധാരണക്കാരനായാണ് മത്സരിക്കുന്നത്.
സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയുംചെയ്തിരുന്നു.
പൊതുപ്രവര്‍ത്തനപരിചയം?
മൈസൂരു കൊട്ടാരത്തിന്റെ ഒട്ടേറെ സ്ഥാപനങ്ങള്‍ നോക്കിനടത്തുന്നു. ജനങ്ങള്‍ പല പരിപാടിക്കും എന്നെ വിളിക്കുന്നു. ഞാന്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട്.
കൊട്ടാരത്തില്‍നിന്ന് ജനങ്ങളിലേക്കിറങ്ങിയപ്പോള്‍ എന്തുവ്യത്യാസം തോന്നി?
വ്യത്യാസമൊന്നും തോന്നുന്നില്ല. ഇപ്പോള്‍ ക്യാമറകള്‍ മുമ്പില്‍ വരുന്നെന്ന വ്യത്യാസമേയുള്ളൂ.
എന്തുകൊണ്ട് ബി.ജെ.പി. ?
ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ബി.ജെ.പി.യായതുകൊണ്ട്.
Content Highlights: lok sabha election 2024 mysuru constituency