ധാര്‍വാഡില്‍ ബി.ജെ.പി.ക്ക് ആശ്വാസം; മത്സരത്തില്‍നിന്ന് പിന്മാറി ലിംഗായത്ത് മഠാധിപതി

ബെംഗളൂരു: ധാര്‍വാഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ലിംഗായത്ത് മഠാധിപതി പത്രിക പിന്‍വലിച്ചു. ഷിരഹട്ടി ഭാവൈക്യ മഠം മഠാധിപതി ഫാകിര്‍ ദിംഗലേശ്വര സ്വാമിയാണ് അവസാന നിമിഷം മത്സരത്തില്‍നിന്ന് പിന്മാറിയത്. ഇതോടെ പ്രഹ്ലാദ് ജോഷിക്കും ബി.ജെ.പി.ക്കും ആശ്വാസമായി. അനുയായികളില്നിന്നുള്പ്പെടെ എതിര്പ്പുവന്നതോടെയാണ് മഠാധിപതി മത്സരത്തില്‍നിന്ന് പിന്മാറിയതെന്നാണ് വിവരം.
മഠാധിപതിയെ മത്സരത്തില്‍നിന്ന് പിന്തിരിപ്പിക്കാന് ബി.ജെ.പി. നേരത്തേ പലതവണ ശ്രമിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. എന്നാല്‍, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മഠാധിപതി അനുയായി സച്ചിന് പാട്ടീലിനെ ധാര്‍വാഡ് ഡി.സി. ഓഫീസില്‍ പറഞ്ഞുവിട്ട് പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 18-നാണ് മഠാധിപതി സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയത്.
പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മഠാധിപതിയോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി.യിലെ മുന്‍ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസിന്റെ നിലവിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഞായറാഴ്ച രാത്രി തന്നോട് സംസാരിച്ചെന്ന് മഠാധിപതി പറഞ്ഞു. അനുയായികളും അവരുടേതായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. എന്നാല്‍, തന്റെ ഗുരുവിന്റെ ഉത്തരവ് പ്രകാരമാണ് പത്രിക പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലിംഗായത്ത് സമുദായത്തിന്റെ പ്രധാന വോട്ട് ബാങ്കായ ധാര്‍വാഡില്‍ മഠാധിപതി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പി.യെ ആശങ്കയിലാക്കിയിരുന്നു.
Content Highlights: lok saba election 2024, lingayath madadhipathy