സുമലതയെ അവഗണിച്ച് ബി.ജെ.പി.; മാണ്ഡ്യയില്‍ മത്സരിക്കാന്‍ കുമാരസ്വാമി, ലക്ഷ്യം കേന്ദ്രമന്ത്രിപദം

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായി മാണ്ഡ്യ മണ്ഡലം. നടി സുമലത അംബരീഷിന്റെ മണ്ഡലത്തില്‍ അവരെ മറികടന്നാണ് കുമാരസ്വാമി മത്സരിക്കാനിറങ്ങുന്നത്. സുമലതയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കടുത്ത നിലപാടെടുത്താല്‍ കുമാരസ്വാമിക്ക് പ്രതിസന്ധിയുണ്ടാകും.
2019-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ജെ.ഡി.എസിനോട് നേരിട്ട് ഏറ്റുമുട്ടിയാണ് വിജയം വരിച്ചത്. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെയാണ് അന്ന് സുമലത തോല്‍പ്പിച്ചത്. ബി.ജെ.പി.യുടെ പിന്തുണയുമുണ്ടായിരുന്നു. അതിനുശേഷം സുമലതയുമായി ജെ.ഡി.എസ്. അകലം പാലിച്ചുവരുകയായിരുന്നു. പിന്നീട് സുമലത ബി.ജെ.പി.ക്കൊപ്പം ചേരുകയും ചെയ്തു. ബി.ജെ.പി. ടിക്കറ്റില്‍ മാണ്ഡ്യയില്‍ രണ്ടാം മത്സരത്തിനൊരുങ്ങുമ്പോഴാണ് ജെ.ഡി.എസ്. ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എ.യുടെ ഭാഗമായത്.
ജെ.ഡി.എസ്. മാണ്ഡ്യയില്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ സുമലതയുടെ നില പരുങ്ങലിലായി. ജെ.ഡി.എസിന്റെ ആവശ്യത്തെ തിരസ്കരിക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. ഇതോടെ അവര്‍ക്ക് സുമലതയെ അവഗണിക്കാതെ തരമില്ലെന്നായി. മാണ്ഡ്യ തന്നെ വേണമെന്ന നിര്‍ബന്ധം സുമലതയും തുടര്‍ന്നത് ബി.ജെ.പി.ക്ക് പ്രതിസന്ധിയുണ്ടാക്കി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ കഴിഞ്ഞയാഴ്ച സുമലതയെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിട്ടും മാണ്ഡ്യ ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായില്ല.
സുമലതയുടെ ഭര്‍ത്താവും നടനുമായ അംബരീഷിന് ഏറെ സ്വാധീനമുള്ള മണ്ഡലമായിരുന്നു മാണ്ഡ്യ. അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് സുമലത രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളിലുള്ള അംബരീഷിന്റെ സ്മരണയാണ് 2019-ല്‍ സുമലതയുടെ വിജയം ഉറപ്പാക്കിയത്. ആ സ്വാധീനത്തിലുള്ള വിശ്വാസത്തിലാണ് ഇത്തവണയും മാണ്ഡ്യയില്‍ ജനവിധി തേടാന്‍ അവരെ പ്രേരിപ്പിച്ചത്. വേറെ മണ്ഡലം നല്‍കാമെന്ന ബി.ജെ.പി. വാഗ്ദാനം ഏറ്റെടുക്കാതിരുന്നതും ഇതുകൊണ്ടാണ്.
കുമാരസ്വാമിയുടെ ലക്ഷ്യം ദേശീയ രാഷ്ട്രീയം?
മാണ്ഡ്യ വഴി ലോക്സഭയിലെത്തി കേന്ദ്രമന്ത്രിപദത്തിലെത്താനാണ് എച്ച്.ഡി. കുമാരസ്വാമി ലക്ഷ്യമിടുന്നതെന്ന് സൂചന. ജെ.ഡി.എസിനെ ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എ.യില്‍ എത്തിച്ചതിനു പിന്നിലും ഇങ്ങനെയൊരു നോട്ടമുണ്ടായിരുന്നെന്ന് വിലയിരുത്തലുണ്ടായിരുന്നു. കര്‍ണാടകത്തില്‍ പാര്‍ട്ടി നേരിടുന്ന തകര്‍ച്ചയില്‍നിന്ന് ഇങ്ങനെ കരകയറാമെന്നാണ് കണക്കുകൂട്ടല്‍.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനായ കുമാരസ്വാമി ഇതുവഴി ദേവഗൗഡയുടെ പാത പിന്തുടരാനാണ് നീക്കം. മകന് നിഖില്‍ കുമാരസ്വാമിയെ സംസ്ഥാനത്ത് മുന്‍ നിരയിലെത്തിക്കാനും ശ്രമം നടത്തുന്നു. ബി.ജെ.പി. ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുള്പ്പെടെ കുമാരസ്വാമി കൂടെക്കൂട്ടുന്നത് നിഖിലിനെയാണ്.
നിഖിലിനെ മാണ്ഡ്യയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചനയുണ്ടായെങ്കിലും വേണ്ടെന്നുവച്ചതാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയമേറ്റുവാങ്ങിയ നിഖില്‍ ഒരു പരീക്ഷണത്തിനുകൂടി തയ്യാറായില്ല.
Content Highlights: kumaraswamy to contest in mandya what will be the future of sumalatha