കെ.ജി.എഫില്‍ പവര്‍ഫുള്‍ പീപ്പിള്‍; വോട്ടിന് വേണം പട്ടയം

#രമിന്‍ രവീന്ദ്രന്‍
കോലാർ ​സ്വർണഖനിയുടെ അവശിഷ്ടങ്ങൾ | ഫോട്ടോ: എസ്.എൽ. ആനന്ദ് \ മാതൃഭൂമി
കോലാർ ​സ്വർണഖനിയുടെ അവശിഷ്ടങ്ങൾ | ഫോട്ടോ: എസ്.എൽ. ആനന്ദ് \ മാതൃഭൂമി

കോലാര്‍: ഫര്‍ഫുള്‍ പീപ്പിള്‍ മേക്ക്‌സ് പ്ലേസസ് പവര്‍ഫുള്‍. കന്നഡ സൂപ്പര്‍സ്റ്റാര്‍ യാഷ് നായകനായ കെ.ജി.എഫ്-2 വിലെ സംഭാഷണങ്ങളിലൊന്നാണിത്. സിനിമ പറയുന്നത് യാഥാര്‍ഥ്യവുമായി ബന്ധമൊന്നുമില്ലാത്ത കഥയാണെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ പവര്‍ഫുള്‍ തീരുമാനമാണ് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡെന്ന കെ.ജി എഫിലെ വോട്ടര്‍മാരുടേത്. വോട്ടുചെയ്യണെങ്കില്‍ പട്ടയം വേണം

കെ.ജി.എഫില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറിവരുന്നതേയുള്ളൂ. ഖനിത്തൊഴിലാളികളില്‍ ഏറെയും തമിഴ്നാട്ടില്‍ നിന്നുള്ളവരായതിനാല്‍ ഇവിടത്തെ സംസാരഭാഷ തമിഴാണ്. കോലാറാണ് ലോക്സഭാ മണ്ഡലം. ഒരുതരത്തില്‍ ഇന്നും പോരാടിക്കൊണ്ടിരിക്കുന്ന ജനവിഭാഗങ്ങളിലൊന്നുകൂടിയാണ് കെ.ജി.എഫിലെ സാധാരണക്കാര്‍. പട്ടയമാണ് പ്രശ്‌നം.

2001-ല്‍ ഖനനം നിര്‍ത്തിയെങ്കിലും പൊതുമേഖലാ കമ്പനിയായ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ (ബി.ജി.എം.എല്‍.) ഉടമസ്ഥതയിലാണ് കെ.ജി.എഫിലെ ഭൂരിഭാഗം സ്ഥലവും. ഇപ്പോള്‍ മറ്റു തൊഴിലുകളാണ് ചെയ്യുന്നതെങ്കിലും 3000-ത്തോളം കുടുംബങ്ങള്‍ കാലങ്ങളായി താമസിക്കുന്നത് ഈ സ്ഥലത്താണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഏതാനും കുടുംബങ്ങള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കൈമാറി. എന്നാല്‍, പട്ടയം വേണമെന്ന ഉറച്ച നിലപാടിലാണിവര്‍.

ജെ.ഡി.എസിന്റെ മല്ലേഷ് ബാബുവും കോണ്‍ഗ്രസിന്റെ കെ.വി. ഗൗതവുമാണ് കോലാറില്‍ ഏറ്റുമുട്ടുന്നത്. ബി.ജെ.പി.യുമായുള്ള കൂട്ടുകെട്ടില്‍ ജെ.ഡി.എസ്. മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളിലൊന്ന്. ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നാണ് ജെ.ഡി.എസ്. താലൂക്ക് സെക്രട്ടറി കെ. രാജേന്ദ്രന്‍ പറയുന്നത്.

എന്നാല്‍, ബി.ജെ.പി.യുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കേന്ദ്രത്തിന്റെ ചില നിലപാടുകളോട് അത്ര യോജിപ്പില്ല രാജേന്ദ്രന്. സാധാരണ പ്രവര്‍ത്തകരെ ബി.ജെ.പി.യുമായുള്ള സഖ്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞോയെന്ന ചോദ്യത്തിന് കഴിഞ്ഞെന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടി.

Content Highlights: election campaign in kolar gold fields