ജഗന് തിരിച്ചടി; വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ വിട്ട എം.എല്‍.എമാര്‍ ബി.ജെ.പിയിലും കോണ്‍ഗ്രസിലും ചേർന്നു

വരപ്രസാദറാവു അനുരാഗ് ഠാക്കൂറിനൊപ്പം, വുന്നമാട്‌ല എലിസ വൈ.എസ്. ശര്‍മിളയ്‌ക്കൊപ്പം | Photo: ANI, X/ YS Sharmila
വരപ്രസാദറാവു അനുരാഗ് ഠാക്കൂറിനൊപ്പം, വുന്നമാട്‌ല എലിസ വൈ.എസ്. ശര്‍മിളയ്‌ക്കൊപ്പം | Photo: ANI, X/ YS Sharmila

അമരാവതി: ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി. വിട്ട എം.എല്‍.എമാരില്‍ ഒരാള്‍ കോണ്‍ഗ്രസിലും മറ്റൊരാള്‍ ബി.ജെ.പിയിലും ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി വിട്ടത്. ചിന്തലപുടി എം.എല്‍.എ. വുന്നമാട്‌ല എലിസ കോണ്‍ഗ്രസിലും വി. വരപ്രസാദറാവു ബി.ജെ.പിയിലും അംഗത്വമെടുത്തു.

സിറ്റിങ് എം.എല്‍.എയായ എലിസയെ മാറ്റി കമ്പം വിജയരാജുവിനെയാണ് വൈ.എസ്.ആര്‍.സി.പി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിന്തലപുടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഗൂഡൂരില്‍നിന്നുള്ള എം.എല്‍.എയായ വരപ്രസാദറാവുവിനെ മാറ്റി മെരിഗ മുരളീധറിനെയാണ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വരപ്രസാദറാവു 2014-ല്‍ തിരുപ്പതിയില്‍നിന്ന് ലോക്‌സഭയിലുമെത്തിയിട്ടുണ്ട്. റാവുവിനെ ഇത്തവണ ബി.ജെ.പി. തിരുപ്പതിയില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കുമെന്നാണ് സൂചന.

എലിസയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശര്‍മിള പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത്‌ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയും ചേര്‍ന്നാണ് റാവുവിന് ബി.ജെ.പി. അംഗത്വം നല്‍കിയത്. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മേയ് 13-നാണ് തിരഞ്ഞെടുപ്പ്.

Content Highlights: YSRCP MLAs Vunnamatla Eliza, Varaprasad Rao quit ruling party, Joins BJP, Congress