ആന്ധ്രയില്‍ BJP-TDP-JSP സഖ്യം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പവന്‍ കല്യാണ്‍

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിലെ പിട്ടാപുരം മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് ജനസേനാ പാര്‍ട്ടി (ജെ.എസ്.പി.) നേതാവും തെലുങ്ക് സിനിമാതാരവുമായ പവന്‍ കല്യാണ്‍. ബി.ജെ.പിയും ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായി (ടി.ഡി.പി.) ലയനചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവരങ്ങള്‍ താരം പുറത്തുവിട്ടത്.
ലയനചര്‍ച്ചകള്‍ക്ക് പിന്നാലെ ലോക്‌സഭാ സീറ്റുകളും നിയമസഭാ സീറ്റുകളും വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും പവന്‍ കല്യാണ്‍ ലോക്‌സഭാ സീറ്റ് തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിവരം. ആന്ധ്രാപ്രദേശില്‍ മൊത്തം 25 ലേക്‌സഭാ സീറ്റുകളും 175 അസംബ്ലി സീറ്റുകളുമാണ് ഉള്ളത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജെ.എസ്.പിക്ക് രണ്ട് ലോക്‌സഭാ സീറ്റുകളും 21 അസംബ്ലി സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.
ബി.ജെ.പിക്ക് ആറ് ലോക്‌സഭാ സീറ്റും 10 അസംബ്ലി സീറ്റും ലഭിച്ചു. ടി.ഡി.പിക്ക് 17 ലോക്‌സഭാ സീറ്റും 144 അസംബ്ലി സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പിന്നാലെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ്. ടി.ഡി.പിയും ജെ.എസ്.പിയുമായി കൈകോര്‍ക്കുന്നതിലൂടെ അദ്ദേഹത്തിന്റ വികസന പ്രവര്‍ത്തനങ്ങളുടെ ഫലം ആന്ധ്രാപ്രദേശിനും ലഭിക്കും. ബി.ജെ.പിയുമായി ചേര്‍ന്നുള്ള ടി.ഡി.പിയുടെ യാത്ര തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. 1996-ലാണ് ടി.ഡി.പി. ബി.ജെ.പിയുടെ ഭാഗമായതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയും ടി.ഡി.പിയും ഒരുമിച്ചാണ് മത്സരിച്ചത്. മത്സരരംഗത്ത് ഇല്ലായിരുന്നുവെങ്കിലും അന്നും ജെ.എസ്.പിയുടെ പിന്തുണ ബി.ജെ.പിക്കായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആന്ധ്രാപ്രദേശിലെ കാകിനാഡ ജില്ലയുടെ പരിധിയില്‍ വരുന്ന മണ്ഡലമാണ് പവന്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പിട്ടാപുരം. നിലവില്‍ വൈ.എസ്.ആര്‍.സിയുടെ കൈയിലുള്ള മണ്ഡലമാണിത്.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരന്‍ കൂടിയാണ് പവന്‍ കല്യാണ്‍. 2014-ല്‍ ജനസേന പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും മത്സരിച്ചില്ല. 2019-ല്‍ മത്സരിച്ചുവെങ്കിലും ഒരുസീറ്റ് മാത്രമാണ് ജയിക്കാനായത്. അപ്പോഴും ഗാജുവാക, ഭീമവരം എന്നീ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയ പവന്‍ വൈ.എസ്.ആര്‍.സി. സ്ഥാര്‍നാര്‍ഥികളോട് പരാജയപ്പെടുകയാണ് ഉണ്ടായത്.
Content Highlights: pawan kalyan to contest in andhra pradesh lok sabha election 2024 jsp bjp tdp alliance in andhra