ടി.ഡി.പി 17 സീറ്റില്‍, ബിജെപി ആറിടത്ത്; ആന്ധ്രയില്‍ ലോക്‌സഭാ-നിയമസഭാ സീറ്റ് ധാരണയായി

അമരാവതി: ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശില്‍ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. തിങ്കളാഴ്ച അമരാവതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് സീറ്റ് സംബന്ധിച്ച് തീരുമാനമായത്.
ധാരണപ്രകാരം ബി.ജെ.പി ആറ് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരിക്കുക. ടി.ഡി.പി 17 ലോക്‌സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും മത്സരിക്കും. പവന്‍ കല്ല്യാന്‍ നേതൃത്വം നല്‍കുന്ന ജനസേന രണ്ട് ലോക്‌സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും മത്സരിക്കും. ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായും പവന്‍ കല്ല്യാണുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്. മാര്‍ച്ച് ഒമ്പതിനായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ വികസന കുതിപ്പ് തുടരുന്നതിനും ആന്ധ്രപ്രദേശിലെ ജനങ്ങളുടേയും സംസ്ഥാനത്തിന്റേയും ഉയര്‍ച്ചയ്ക്കും വേണ്ടി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും ടി.ഡി.പിയും ജനസേന പാര്‍ട്ടിയും ഒരുമിച്ച് നീങ്ങുമെന്നായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന.
സീറ്റ് സംബന്ധിച്ച് ധാരണയായതോടെ മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുന്ന തിരഞ്ഞെടുപ്പായും 2024 ലേത് മാറും. 2014 ല്‍ ടി.ഡി.പിയും ബി.ജെ.പിയും ഒരുമിച്ച് മത്സരിച്ചപ്പോള്‍ ജനസേന പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു.
എന്‍.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണിവിട്ടത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്.
Content Highlights: NDA in Andra pradesh finalise seats for loksaba and assembly election