ആന്ധ്രയിൽ താനും തന്റെ കുടുംബവും നിലംപരിശാക്കിയ കോൺഗ്രസിന് പുതുജീവൻ നൽകാൻ 'സൂപ്പർ ശർമിള'

#മനു എസ്. മേനോൻ
വൈ.എസ്. ശര്‍മിള | Photo: PTI
വൈ.എസ്. ശര്‍മിള | Photo: PTI

:‘പ്രതിപക്ഷ പാർട്ടികൾക്കുനേരേ അണ്ണൻ തൊടുത്തുവിട്ട അമ്പാണ് ഞാൻ’’ -വർഷങ്ങൾക്കുമുമ്പുള്ള വൈ.എസ്. ശർമിളയുടെ വാക്കുകളാണിത്. ആ അണ്ണനാണ് ഇന്ന് എതിർനിരയിൽ മുന്നിൽ. മൂന്നുവർഷം മാത്രം പ്രായമുള്ള പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച് പി.സി.സി. അധ്യക്ഷയായി വീണ്ടും ആന്ധ്ര രാഷ്ട്രീയത്തിലേക്കെത്തുന്ന ശർമിളയ്ക്ക് ഒരേസമയം നേരിടേണ്ടത് ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളെയാണ്.

താനും തന്റെ കുടുംബവും ചേർന്ന് നിലംപരിശാക്കിയ കോൺഗ്രസിന് ആന്ധ്രാമണ്ണിലുണ്ടായിരുന്ന വേരോട്ടം തിരിച്ചുപിടിക്കുകയാണ് 50-കാരിയായ ശർമിളയുടെ ദൗത്യം. 14 വർഷംമുമ്പ് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ ശർമിളയെ സ്വീകരിച്ച കോൺഗ്രസ് അധ്യക്ഷപദവി നൽകിയതിനുപിന്നിൽ കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുകയെന്ന തന്ത്രമാണ്.

14 വർഷംമുമ്പ് 2010-ലാണ് അമ്മ വൈ.എസ്. വിജയലക്ഷ്മിക്കും സഹോദരനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിക്കുമൊപ്പം വൈ.എസ്. ശർമിള കോൺഗ്രസ് വിട്ടത്. 2009-ൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണശേഷം മകൻ ജഗൻ നടത്തിയ ‘ഓതർപ്പ് യാത്ര’യായിരുന്നു തുടക്കം. യാത്ര കോൺഗ്രസിനെ വെല്ലുവിളിക്കുന്നതാണെന്ന ആരോപണത്തോടെ പാർട്ടിയുമായി കുടുംബം അകന്നു. 2010-ൽ കോൺഗ്രസ് വിട്ട് മൂവരും വൈ.എസ്.ആർ. കോൺഗ്രസ് രൂപവത്കരിച്ചു. ഇതിനിടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജഗൻ ജയിലിലായി. പാർട്ടി കടിഞ്ഞാൺ ശർമിളയുടെ കൈയിലും. 2012-ൽ ആന്ധ്രാമണ്ണിലൂടെ ശർമിള നടത്തിയ പദയാത്രയ്ക്കൊപ്പം പാർട്ടിയുടെയും വേരോടി. 3112 കിലോമീറ്റർ ശർമിള നടന്നുതീർത്തപ്പോൾ നിലംപരിശായത് കോൺഗ്രസ്.

2014-ലെ തിരഞ്ഞെടുപ്പിൽ വൈ.എസ്.ആർ. കോൺഗ്രസ് 70 സീറ്റുനേടി. ഇതിനിടെ സംസ്ഥാനവിഭജനം നടന്നു. വിഭജനത്തെ എതിർത്തിരുന്ന വൈ.എസ്.ആർ. കോൺഗ്രസ് ജനമനസ്സേറിയപ്പോൾ 2019-ലെ തിരഞ്ഞെടുപ്പിൽ 175-ൽ 151 സീറ്റും നേടി അധികാരംപിടിച്ചു. വിഭജനത്തിനു മുൻകൈയെടുത്ത കോൺഗ്രസാകട്ടെ സംപൂജ്യരുമായി. അധികാരത്തിൽ ജഗനെത്തിയതോടെ ഇരുവർക്കുമിടയിലുണ്ടായിരുന്ന അകൽച്ച കൂടി. മറ്റുചില അസ്വാരസ്യങ്ങളും കൂടിയായതോടെ 2021-ൽ ശർമിള പുതിയ പാർട്ടി പ്രഖ്യാപിച്ചു. രാജശേഖര റെഡ്ഡിയുടെ ജന്മദിനമായ ജൂലായ്‌ എട്ടിന് ‘വൈ.എസ്.ആർ. തെലങ്കാന’യുമായി ശർമിളയെത്തി. ഒപ്പം വിജയലക്ഷ്മിയും.

ജഗനോടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ തെലങ്കാനയിലേക്കുമാറിയ ശർമിള കോൺഗ്രസിൽ ലയിക്കാനും ശ്രമിച്ചു. പി.സി.സി. അധ്യക്ഷനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി എതിർത്തതോടെ അതു മുടങ്ങി. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസിനെ പിന്തുണച്ചായിരുന്നു ശർമിളയുടെ മറുപടി. രേവന്തിലൂടെ കോൺഗ്രസ് അവിടെ അധികാരം പിടിച്ചു.

നേതൃനിരയിലെ പോരായ്മ പരിഹരിക്കാൻ കോൺഗ്രസ് ശർമിളയെത്തന്നെ ആയുധമാക്കി. തെലങ്കാനയിൽ രേവന്തിനുപുറമേ മറ്റൊരധികാരകേന്ദ്രം ഉയരാതിരിക്കാൻ ശർമിളയെ ആന്ധ്രയിലേക്കു മാറ്റി. പി.സി.സി. അധ്യക്ഷസ്ഥാനവും നൽകി.

കാര്യങ്ങൾ അത്ര എളുപ്പമല്ല

: ആന്ധ്രയിലെത്തിയ ശർമിളയ്ക്കു പക്ഷേ, കാര്യങ്ങൾ അത്ര എളുപ്പമല്ല. 2019-ലെ തിരഞ്ഞെടുപ്പിൽ 39.17 ശതമാനം വോട്ടുനേടിയ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവും 5.53 ശതമാനം വോട്ടുള്ള പവൻ കല്യാണിന്റെ ജനസേനയും ബി.ജെ.പി.യുമടങ്ങുന്ന എൻ.ഡി.എ. സഖ്യം ഒരുവശത്തും 49.95 ശതമാനം വോട്ടുവിഹിതമുള്ള വൈ.എസ്.ആർ. കോൺഗ്രസ് മറുവശത്തുമുണ്ട്. ഇവർക്കിടയിലൂടെ 1.17 ശതമാനം വോട്ടുമാത്രമുള്ള കോൺഗ്രസിനെ വളർത്തുകയാണ് ശർമിളയുടെ ദൗത്യം.

കോൺഗ്രസിൽ ലയിച്ചപ്പോൾ പാർട്ടിയിലുണ്ടായ എതിർശബ്ദങ്ങളെ ഒപ്പംനിർത്താനായതാണ് ശർമിളയ്ക്ക് ആശ്വാസം. സഹതാപതരംഗവും ഭരണവിരുദ്ധ വികാരവും വോട്ടാക്കാമെന്ന പ്രതീക്ഷയുമുണ്ട്. ടി.ഡി.പി. വിട്ടെത്തി പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഈ മാതൃക ശർമിളയിലൂടെ ആന്ധ്രയിൽ പരീക്ഷിക്കുകയാണ് കോൺഗ്രസ്.

കടപ്പ കടക്കാൻ ശർമിള

പത്തുവർഷം അച്ഛൻ രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയിൽ ശർമിള സ്ഥാനാർഥിയാകും. സിറ്റിങ് എം.പി.യും ശർമിളയുടെ ബന്ധുവുമായ വൈ.എസ്. അവിനാശ് റെഡ്ഡിയാണ് വൈ.എസ്.ആർ. പാർട്ടി സ്ഥാനാർഥി. സി.ബി. സുബ്ബരാമി റെഡ്ഡിയാണ് ടി.ഡി.പി. സ്ഥാനാർഥി.

1989 മുതൽ 1999 വരെ വൈ.എസ്.ആറായിരുന്നു മണ്ഡലത്തെ പ്രതിനിധാനംചെയ്തിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയും ജഗൻ മോഹനും ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 മുതൽ അവിനാശ് റെഡ്ഡിയുടെ തട്ടകമാണ് കടപ്പ.

Content Highlights: loksabha election YS Sharmila from Kadapa in Congress list