ഹൈദരാബാദിന്റെ 'കാലാവധി' ജൂണില്‍ കഴിയും; ആന്ധ്രയുടെ തലസ്ഥാനമേത്...ഉത്തരമില്ല

#പി. സുനില്‍ കുമാര്‍
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി

വിജയവാഡ: ''ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. ഉപജീവനമാര്‍ഗമായ നൂറുമേനി വിളയുന്ന പാടം നാടിന്റെ വികസനത്തിനായാണ് സര്‍ക്കാരിന് വിട്ടുനല്‍കിയത്. ഭരണം മാറുന്നതിനനുസരിച്ച് തീരുമാനം മാറ്റിയാല്‍ ഞങ്ങള്‍ എന്തുചെയ്യും'' -കൈകൂപ്പിക്കൊണ്ടാണ് ഭാനുപ്രകാശ് ഇതുപറഞ്ഞത്. കേരളത്തില്‍നിന്നാണെന്ന് പറഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം. ആന്ധ്രയില്‍ സമരത്തിന് വേണ്ടത്ര ജനശ്രദ്ധ ലഭിക്കുന്നില്ലെന്ന സങ്കടവും പങ്കുവെച്ചു. തലസ്ഥാനനഗരി അമരാവതിയില്‍നിന്ന് മാറ്റുന്നതിനെതിരേയുള്ള കര്‍ഷകസമരം 1583 ദിവസം പിന്നിട്ടു. സമരത്തിന് നേതൃത്വംനല്‍കുന്നത് ഭാനുപ്രകാശാണ്.

തിരഞ്ഞെടുപ്പായതിനാല്‍ സമരത്തിന് നിയന്ത്രണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 34,000 ഏക്കര്‍ സ്ഥലമാണ് കര്‍ഷകര്‍ തലസ്ഥാനനഗരിക്കായി വിട്ടുനല്‍കിയത്. ഏറ്റെടുക്കല്‍ നടപടികളും പാതിവഴിയിലാണ്. നഷ്ടപരിഹാരം മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല. ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ പലതും ജഗന്‍ സര്‍ക്കാര്‍ റദ്ദാക്കി.

29 വില്ലേജുകളില്‍നിന്നുള്ള 29,000-ത്തിലേറെ കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനാണ് മുന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കൃഷ്ണ നദീതടത്തിലെ പാടങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. കൃഷി നടത്താതെ നശിച്ചു. ഏറ്റെടുത്ത സ്ഥലം കര്‍ഷകര്‍ക്ക് വിട്ടുനല്‍കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.

എന്നാല്‍, അധികാരത്തിലെത്തിയാല്‍ അമരാവതിയിലെ നിര്‍മാണപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കി തലസ്ഥാനനഗരിയാക്കുമെന്ന് ചന്ദ്രബാബു നായിഡുവും ഉറപ്പുനല്‍കുന്നു. ആരെ വിശ്വസിക്കുമെന്നതാണ് കര്‍ഷകരുടെ പ്രശ്നം. ''കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ ജഗന്‍മോഹന്‍ റെഡ്ഡിയെയാണ് പിന്തുണച്ചത്. എന്നാല്‍, അധികാരം ലഭിച്ചപ്പോള്‍ ഞങ്ങളെ അവഗണിച്ചു'' -കര്‍ഷകനായ നരേന്ദ്രന്‍ പറഞ്ഞു.

അമരാവതിയിലെ വികസനം പ്രദേശത്തെ പുരോഗതിക്കുേവണ്ടിയാണെന്നും ഇതിന് തടസ്സംനില്‍ക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നായിഡുവും ജഗനും തമ്മിലുള്ള പോരാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.

വകയിരുത്തിയത് 33,000 കോടി

കര്‍ഷകരുടെ 34,000 ഏക്കര്‍ സ്ഥലത്തിനുപുറമേ തലസ്ഥാനനഗരം സൃഷ്ടിക്കാനായി 15,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും വിട്ടുനല്‍കാന്‍ തീരുമാനിച്ചിരുന്നു. 2016-ല്‍ 33,476 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെട്ടിടനിര്‍മാണം 2021-ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം.

ഇതുവരെ 10,000 കോടി രൂപ ചെലവഴിച്ചതായി ആന്ധ്ര തലസ്ഥാന വികസന അതോറിറ്റി അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനത്തില്‍ വിശ്വസിച്ച് അമരാവതിയിലെത്തിയ സ്വകാര്യ സര്‍വകലാശാലകളും ദുരിതത്തിലായി. യാത്രാസൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തിലാണ്. ഇവിടെ പഠിക്കുന്നവരില്‍ മലയാളികളുമുണ്ട്.

യോഗങ്ങള്‍ നടത്താന്‍ പ്രജാവേദികെ എന്ന പേരില്‍ 8.9 കോടി ചെലവാക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ ഹാള്‍ നദീതടസംരക്ഷണ നിയമം ലഭിച്ചതിന്റെ പേരില്‍ തകര്‍ക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി ആദ്യംചെയ്തത്. തുടര്‍ന്ന് എല്ലാ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തി. 2020 ഓഗസ്റ്റില്‍ മൂന്ന് തലസ്ഥാന നഗരങ്ങളെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. വിശാഖപട്ടണം എക്‌സിക്യുട്ടീവ് തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ് തലസ്ഥാനമായും കര്‍ന്നൂല്‍ ജുഡീഷ്യല്‍ തലസ്ഥാനമായും നിര്‍ദേശിച്ചു.

നിയമസഭ പുതിയ നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ല. ജഗന്‍ മോഹന്‍ റെഡ്ഡി തുടക്കത്തില്‍ മോദി അനുകൂല നിലപാട് സ്വീകരിച്ചത് ഇതിനുള്ള അംഗീകാരം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, കളിയറിയാവുന്ന ചന്ദ്രബാബു നായിഡു ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി ആന്ധ്രയില്‍ സഖ്യമുണ്ടാക്കി. ഇതുസംബന്ധിച്ച് നിയമപോരാട്ടങ്ങളും നടക്കുന്നുണ്ട്.

ഒന്നിനും കൃത്യതയില്ല


ആന്ധ്രയുടെ തലസ്ഥാനനഗരം ഏതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് കൃത്യമായ മറു പടിയില്ല. ആന്ധ്രാ വിഭജനത്തിലുണ്ടാക്കിയ ധാരണപ്രകാരം 10 വര്‍ഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരും. ഈ കാലാവധി ജൂണില്‍ അവസാനിക്കുമെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. 2014-ല്‍ അധികാരത്തിലെ ത്തിയ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായിരുന്നു 50,000 ഏക്കര്‍ സ്ഥലത്തെ അമരാവതി തലസ്ഥാന നഗരി. എന്നാല്‍, 2019-ല്‍ ഭരണം മാറിയപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡി പദ്ധതി ഉപേക്ഷി ച്ചു. കോടികള്‍ ചെലവിട്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചത് അമരാവതി തലസ്ഥാനമാകുമെന്ന പ്രതീക്ഷയിലാണ്.

Content Highlights: andhra pradesh capital-Amaravati