ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ ആക്രമണം; കല്ലേറിൽ കണ്ണിന് സമീപം പരിക്ക്

വിജയവാഡ: വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിക്കുനേരേ കല്ലേറ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം നടത്തുന്ന ‘മേമന്ത സിദ്ധം’ യാത്രയ്ക്കിടെയാണ് സംഭവം. അക്രമത്തില്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണിനുമുകളിലായി പരിക്കേറ്റു.
ശനിയാഴ്ച രാത്രി വിജയവാഡയിലെ അജിത് സിങ് നഗറിലെ വിവേകാനന്ദ സ്കൂൾ സെന്റർ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കല്ലേറ്. പ്രവർത്തകർ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആൾക്കൂട്ടത്തിനിടയിൽ നിന്നും ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ആരാണ് കല്ലെറിഞ്ഞതെന്നു വ്യക്തമല്ല. ജഗൻമോഹൻ സഞ്ചരിച്ച ബസിൽവെച്ചുതന്നെ അദ്ദേഹത്തിന് ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. ശേഷം ജഗൻ മോഹൻ പ്രചാരണറാലിയിൽ പങ്കെടുത്തു. ടി.ഡി.പി. പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
Content Highlights: Andhra CM Jagan Reddy injured in stone pelting