'ഭരണഘടനയാണ് BJP-ക്ക് എല്ലാം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് അംബേദ്കറുടെ ആത്മാവ് എന്നെ അനുഗ്രഹിക്കും'

നാഗ്പുര്‍: രാജ്യത്തിന്റെ ഭരണഘടനയാണ് ബി.ജെ.പിയ്ക്ക് എല്ലാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്ക്കര്‍ക്ക് പോലും ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയിലെ വിദര്‍ഭയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭരണഘടനയ്ക്ക് അത്രയും പ്രാധാന്യമുണ്ടായിരുന്നെങ്കില്‍ (2019-ല്‍) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുവരെ എന്തുകൊണ്ട് അത് രാജ്യത്ത് എല്ലായിടത്തും പ്രാബല്യത്തില്‍ വന്നില്ല? വിഘടനവാദികൾക്ക് ഇത് ഗുണകരമായതിനാലാണ് പ്രതിപക്ഷം ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ എതിര്‍ത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അംബേദ്കറുടെ ആത്മാവ് ഇപ്പോള്‍ മോദിയെ അനുഗ്രഹിക്കുകയാകും', മോദി പറഞ്ഞു.
'ഞാനും എന്റെ പാര്‍ട്ടിയും വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് പറഞ്ഞ് പ്രതിപക്ഷം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇത് രണ്ടാം തവണയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിദര്‍ഭയിലെത്തുന്നത്. ഏപ്രില്‍ 19-ന് നടക്കുന്ന ആദ്യഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.
ഇന്ത്യാ സഖ്യത്തിന്റെ നേതാക്കളായ രാഹുല്‍ ഗാന്ധിയും ലാലുപ്രസാദ് യാദവും രാജ്യത്തെ ഭൂരിഭാഗംവരുന്ന ജനത്തിന്റെ വിശ്വാസങ്ങളെ മനഃപൂര്‍വം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് മോദി നേരത്തെ ആരോപിച്ചിരുന്നു. ജമ്മു-കശ്മീരിലെ ഉദംപുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്ന സാവന്‍ മാസത്തില്‍ രാഹുലും ലാലുവും ഒരുമിച്ച് ആട്ടിറച്ചി പാകംചെയ്തുകഴിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി മോദിയുടെ വിമര്‍ശനം.
ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ വിശ്വാസപരമായ വികാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇന്ത്യാ സഖ്യമോ ഒരു വിലയും കല്‍പിക്കുന്നില്ലെന്നും മോദി പറഞ്ഞു. ജനങ്ങളുടെ വികാരംവെച്ച് കളിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ ക്ഷേത്രങ്ങളൊക്കെയും തകര്‍ക്കുന്നതുവരെയും മുഗളന്മാര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. അതുപോലെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ തകര്‍ത്തു തീരുന്നതുവരെ ഇവര്‍ക്ക് തൃപ്തിയുണ്ടാവില്ലെന്നും മോദി പറഞ്ഞു.
Content Highlights: Ambedkar's soul must be blessing Modi, says Modi at election rally at Vidarbha, Nagpur, Maharashtra