വിഘടനവാദി അമൃത്പാല്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭിഭാഷകന്‍

ചണ്ഡീഗഢ്: വിഘടനവാദി അമൃത്പാല്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയസുരക്ഷാ നിയമപ്രകാരം നിലവില്‍ അസമിലെ ജയിലിലാണ് ഇയാളുള്ളത്.
പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് അമൃത്പാല്‍ മത്സരിക്കുകയെന്ന് അമൃത്പാലിന്റെ അഭിഭാഷകന്‍ രാജ്‌ദേവ് സിങ് ഖല്‍സ അറിയിച്ചു.
ദിബ്രുഗഢ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അമൃത്പാലുമായി താന്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഭ്യര്‍ഥിച്ചുവെന്നും അഭിഭാഷകന്‍ ഖല്‍സ പറഞ്ഞു. അമൃത്പാല്‍ തന്റെ അഭ്യര്‍ഥന അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരിസ് പഞ്ചാവ് ദേ സംഘടയുടെ അധ്യക്ഷനായ അമൃത്പാല്‍ കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് ദേശസുരക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായത്. ഒന്‍പത് അനുയായികളും അമൃത്പാലിനൊപ്പം ജയിലിലായിട്ടുണ്ട്.
അതേസമയം അമൃത്പാലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ വിഷയത്തില്‍ പ്രതികരിക്കുകയുള്ളൂവെന്ന് പിതാവ് തര്‍സേം സിങ് പ്രതികരിച്ചു. അമൃത്പാല്‍ മുന്‍കാലത്ത് രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: separatist amritpal singh will contest in loksabha election from punjab claims counsel