രാഹുലിന് വയനാടും അമേഠിയും ഒരുപോലെ പ്രധാനപ്പെട്ടത്, സ്മൃതി ഇറാനി ഉടനെ ഡോക്ടറെ കാണണം- അജയ് റായ്

സ്മൃതി ഇറാനി - ചിത്രം: എ.എന്‍.ഐ.| അജയ് റായ് - ചിത്രം: പി.ടി.ഐ.
സ്മൃതി ഇറാനി - ചിത്രം: എ.എന്‍.ഐ.| അജയ് റായ് - ചിത്രം: പി.ടി.ഐ.

ലഖ്‌നൗ: രാഹുല്‍ ഗാന്ധിക്ക് വയനാട്, അമേഠി ലോക്‌സഭാ മണ്ഡലങ്ങള്‍ ഒരുപോലെ പ്രധാനപ്പെട്ടവയെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. 2019-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ രാഹുലും കോണ്‍ഗ്രസും അമേഠിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു എന്ന സ്മൃതി ഇറാനിയുടെ പരിഹാസത്തിന് മറുപടിയായാണ് അജയ് ഇക്കാര്യം പറഞ്ഞത്. ഈയിടെയായി സ്മൃതിയുടെ ഭാഷ വല്ലാതെ തരംതാണുപോകുന്നുവെന്നും ഉടനെ ഒരു ഡോക്ടറെ കാണണമെന്നും അജയ് ഉപദേശിച്ചു.

അമേഠിയിലെ ജനങ്ങള്‍ പാവപ്പെട്ടവരായി തുടരണമെന്നത് രാഹുല്‍ ഗാന്ധിയുടെ ആവശ്യമായിരുന്നെന്നും അതുകൊണ്ടാണ് 15 വര്‍ഷം ഭരണത്തിലിരുന്നിട്ടും രാഹുല്‍ അമേഠിയിലേക്ക് ഒരു തരത്തിലുള്ള വികസനവും കൊണ്ടുവരാഞ്ഞതെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ചൊവ്വാഴ്ച അമേഠിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു രാഹുലിനെതിരെയുള്ള സ്മൃതിയുടെ കടന്നാക്രമണം.

രാഹുലിന്റെ അമ്മയുടെ സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ സഹായത്തോടെയാണ് അവര്‍ വിജയിച്ച് അവിടെ എത്തിയത്. എന്നാല്‍ രാഹുല്‍ ഒരിക്കല്‍പോലും അമേഠിയുടെ വികസനത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും സ്മൃതി കുറ്റപ്പെടുത്തി. കോവിഡിന്റെ സമയത്തുപോലും രാഹുല്‍ അമേഠിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും സ്മൃതി ആരോപിച്ചു. ഇതിന് മറുപടിയായാണ് രാഹുലിന് വയനാടും അമേഠിയും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് അജയ് റായ് പ്രതികരിച്ചത്.

ഗാന്ധി കുടുംബത്തിന് അമേഠിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അമേഠിയും വയനാടും രാഹുല്‍ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ടതും പ്രധാപ്പെട്ടതുമാണ്. ഈയിടെയായി സ്മൃതി ഇറാനിയുടെ ഭാഷ വളരെ മോശപ്പെട്ടതായി മാറുന്നു. അവര്‍ ഉടനെ ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മന്ത്രിയെ ഡോക്ടറെ കാണിക്കാനുള്ള അടിയന്തിര നടപടി കൈക്കൊള്ളണമെന്നും അജയ് ആവശ്യപ്പെട്ടു.

നിലവില്‍ അമേഠിയിലെ ബി.ജെ.പിയുടെ സിറ്റിങ് എം.പിയാണ് സ്മൃതി ഇറാനി. ഇത്തവണയും സ്മൃതി തന്നെയാണ് മണ്ഡലത്തില്‍നിന്നും ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചതോടെ അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരെന്നത് പ്രവര്‍ത്തകരില്‍ ആകാംഷയുളവാക്കുന്നുണ്ട്.

2019-ല്‍ രാഹുല്‍ വയനാട്ടില്‍നിന്നും അമേഠിയില്‍നിന്നും മത്സരിച്ചിരുന്നു. ഇത്തവണയും അങ്ങനെയൊരു സാധ്യത കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ല. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര അമേഠിയില്‍നിന്ന് മത്സരിക്കാനുള്ള ആഗ്രഹം അടുത്തിടെ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍, വാദ്ര മത്സരിക്കാനുള്ള സാധ്യത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ചൊവ്വാഴ്ച തള്ളിക്കളഞ്ഞു.

സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ഇത്തവണ പ്രിയങ്ക മത്സരിച്ചേക്കും. സോണിയ പ്രിയങ്കയ്ക്കായി മാറ്റിവെച്ച സീറ്റാണത്. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള സോണിയയുടെ തീരുമാനത്തിനുപിന്നാലെയാണ് ആ സീറ്റിലേക്ക് പ്രിയങ്ക വന്നേക്കുമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എ.കെ. ആന്റണി പറഞ്ഞു. ഗാന്ധി കുടുംബത്തില്‍നിന്നുള്ള ഒരാള്‍ തന്നെയായിരിക്കും അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍നിന്നോ മത്സരിക്കുക. എന്നാലത് റോബര്‍ട്ട് വാദ്ര ആയിരിക്കില്ലെന്ന് ആന്റണി വ്യക്തമാക്കി.

Content Highlights: wayanad and amethi equal for wayanad smriti irani should see a doctor says ajay rai