ഞാന്‍ പിലിഭിത്തിന്റെ പുത്രന്‍, ജനസേവനത്തിന് എന്തുവില കൊടുക്കാനും തയ്യാര്‍- വരുണ്‍ ഗാന്ധി

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിലിഭിത്തില്‍നിന്ന് വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി. ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വികാരനിര്‍ഭരമായ കത്തെഴുതി വരുണ്‍ ഗാന്ധി എം.പി.
മണ്ഡലവുമായി തനിക്കുള്ളത് കുടുംബത്തിന് സമാനമായ ബന്ധമാണെന്നും അത് രാഷ്ട്രീയത്തിന് അതീതമാണെന്നും വരുണ്‍ കത്തില്‍ പറയുന്നു. പിലിഭിത്തിന്റെ പുത്രനെന്ന് സ്വയം വിശേഷിപ്പിച്ച് എഴുതിയ കത്തില്‍, ജനങ്ങളെ സേവിക്കുന്നത് തുടരാന്‍ എന്തുവിലകൊടുക്കാനും തയ്യാറാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പിലിഭിത്തിലെ വോട്ടര്‍മാര്‍ക്കുവേണ്ടി തന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരന്റെ ശബ്ദം കേള്‍പ്പിക്കാനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. തുടര്‍ന്നും അത് മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങളുടെ അനുവാദം തേടുകയാണ്. വിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമാണ് പിലിഭിത്തുമായുള്ള എന്റെ ബന്ധം. അത് എല്ലാ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്കും മുകളിലാണ്- വരുണ്‍ കത്തിലെഴുതി.
'ഈ കത്തെഴുതുമ്പോള്‍, എണ്ണമറ്റ ഓര്‍മകള്‍ എന്നെ വികാരാധീനനാക്കുന്നു. 1983-ല്‍ അമ്മയുടെ കൈപിടിച്ച് പിലിഭിത്തിലേക്ക് വന്ന മൂന്നു
വയസ്സുകാരനെ ഞാന്‍ ഓര്‍മിക്കുന്നു, ഈ ഭൂമി പിന്നീട് അവന്റെ കര്‍മഭൂമിയും ജനങ്ങള്‍ അവന്റെ കുടുംബവുമാകുമെന്ന് എങ്ങനെയാവും അവന്‍ അറിഞ്ഞിട്ടുണ്ടാവുക? നിങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് ഒരാദരമായിരുന്നു. നിങ്ങളുടെ താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എം.പിയെന്ന നിലയില്‍ എന്റെ കാലാവധി അവസാനിക്കുകയാണെങ്കിലും പിലിഭിത്തുമായുള്ള ബന്ധം അവസാന ശ്വാസം വരെ അവസാനിക്കില്ല. എം.പിയെന്ന നിലയിലല്ലെങ്കില്‍, മകനെന്ന നിലയില്‍ നിങ്ങളെ ജീവിതകാലം മുഴുവന്‍ സേവിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്', വരുണ്‍ പറയുന്നു.
പിലിഭിത്തില്‍നിന്ന് രണ്ടുതവണ എം.പിയായ വരുണ്‍ ഗാന്ധിക്ക് വീണ്ടും അവസരം നല്‍കാന്‍ ബി.ജെ.പി. തയ്യാറായിരുന്നില്ല. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിയെ മാറ്റി, മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയെയാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്.
Content Highlights: Varun Gandhi's Emotional letter To Pilibhit