'സ്വന്തം എം.പിയെ അമ്മയെന്ന് വിളിക്കുന്ന ഏക മണ്ഡലം'; മേനകയ്ക്ക് വോട്ടുചോദിച്ച് വരുണ്‍ ഗാന്ധി

വരുണ്‍ ഗാന്ധി | Photo: Screen grab/ X Video: ANI
വരുണ്‍ ഗാന്ധി | Photo: Screen grab/ X Video: ANI

സുല്‍ത്താന്‍പുര്‍: അമ്മ മേനകാ ഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി വരുണ്‍ ഗാന്ധി. സിറ്റിങ് സീറ്റായ പീലീഭിത്തില്‍ സീറ്റ് നിഷേധിച്ചതിനുശേഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് മാറി നിന്ന വരുണ്‍, പ്രചാരണത്തിനായി എത്തുന്ന ആദ്യത്തെ മണ്ഡലമാണ് സുല്‍ത്താന്‍പുര്‍. വോട്ടര്‍മാര്‍ സ്വന്തം എം.പിയെ അമ്മയെന്ന് വിളിക്കുന്ന ഏക മണ്ഡലമാണ് സുല്‍ത്താന്‍പുര്‍ എന്ന് വരുണ്‍ അവകാശപ്പെട്ടു.

'രാജ്യത്ത് എല്ലായിടത്തും തിരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വന്തം എം.പിയെ സന്‍സദ് ജിയെന്നോ മന്ത്രി ജിയെന്നോ  അവരുടെ പേരോ വിളിക്കാത്ത ഒരേയൊരു പ്രദേശമേ രാജ്യത്ത് ഉണ്ടാകൂ. ഇവിടെ അവര്‍ മാതാജി എന്നാണ് സ്വന്തം എം.പിയെ വിളിക്കുന്നത്', വരുണ്‍ ഗാന്ധി പറഞ്ഞു.

മണ്ഡലത്തില്‍ 20-ഓളം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വരുണ്‍ ഗാന്ധി സംസാരിക്കുമെന്ന് മേനക ഗാന്ധി അറിയിച്ചു. വരുണ്‍ ഗാന്ധി പ്രചാരണത്തിന് എത്തുന്നത് തനിക്ക് ഗുണകരമാവും. ഏത് എം.പിക്കാണ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുക എന്ന് മനസിലാക്കി ജനങ്ങള്‍ വോട്ടുചെയ്യണം. സുല്‍ത്താന്‍പുരില്‍ പ്രതിപക്ഷം വിജയിക്കില്ല. മറ്റ് മണ്ഡലങ്ങളുടെ കാര്യം തനിക്ക് അറിയില്ല, താന്‍ സുല്‍ത്താന്‍പുരില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞു.

സുല്‍ത്താന്‍പുര്‍ എം.പിയായിരുന്ന വരുണ്‍ ഗാന്ധി 2019-ല്‍ മേനക ഗാന്ധിയുമായി സീറ്റ് വെച്ചുമാറുകയായിരുന്നു. ഇത്തവണ വരുണിനെ മാറ്റി കോണ്‍ഗ്രസ് വിട്ടെത്തിയ യോഗി മന്ത്രിസഭാഗം ജിതിന്‍ പ്രസാദയെയാണ് ബി.ജെ.പി. പീലീഭിത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. പീലീഭിത്തില്‍ ആദ്യഘട്ടത്തില്‍ പോളിങ് പൂര്‍ത്തിയായിരുന്നു. സുല്‍ത്താന്‍പുരില്‍ ആറാംഘട്ടത്തില്‍ മേയ് 25-നാണ് വോട്ടെടുപ്പ്.

Content Highlights: Varun Gandhi addresses election rally in UP's Sultanpur, mother Maneka's battlefield