'എന്റെ മകനെ നിങ്ങൾക്കുതരുന്നു, അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല'; റായ്ബറേലിക്കാരോട് സോണിയാ ഗാന്ധി

റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സോണിയയും രാഹുലും പ്രിയങ്കയും |ഫോട്ടോ:PTI
റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സോണിയയും രാഹുലും പ്രിയങ്കയും |ഫോട്ടോ:PTI

റായ്ബറേലി: ‘‘എന്റെ മകനെ റായ്ബറേലിക്കാരായ നിങ്ങൾക്കുതരുന്നു. രാഹുൽ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല’’ -വികാരഭരിതമായ ശബ്ദത്തിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞു.

20 വർഷം എം.പി.യായി സേവനമനുഷ്ഠിച്ച റായ്ബറേലിയിൽ ഇക്കുറി സോണിയ മടങ്ങിയെത്തിയത് മകൻ രാഹുൽ ഗാന്ധിക്ക് വോട്ടുചോദിച്ചുകൊണ്ടാണ്. നാലുതവണ തന്നെ പാർലമെന്റിലേക്കയച്ചതിന് ജനങ്ങൾക്ക് അവർ നന്ദിപറഞ്ഞു. ‘‘എന്റെ എല്ലാം നിങ്ങൾ തന്നതാണ്. നിങ്ങളെന്നും എന്നെ നിങ്ങളുടേതായി കണക്കാക്കുന്നു. പ്രിയ സഹോദരീ സഹോദരന്മാരേ, ഇത്തവണ എന്റെ മകനെ നിങ്ങൾക്ക് നൽകുന്നു’’ -റായ്ബറേലിയിൽനടന്ന തിരഞ്ഞെടുപ്പുറാലിയിൽ സോണിയ പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വേദിയിൽ ഒപ്പമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും തന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് രാഹുലിനെയും പ്രിയങ്കയെയും പഠിപ്പിച്ചതെന്ന് സോണിയ പറഞ്ഞു. എല്ലാവരെയും ബഹുമാനിക്കുക, ദുർബലരെ സംരക്ഷിക്കുക, ജനങ്ങളുടെ അവകാശങ്ങൾക്കായി അനീതിക്കെതിരേ പോരാടുക. ഭയപ്പെടേണ്ട കാര്യമില്ല. കാരണം, നമ്മുടെ പോരാട്ടത്തിന്റെ വേരുകളും പാരമ്പര്യവും വളരെ ആഴത്തിലുള്ളവയാണ്’’ -അവർ പറഞ്ഞു.

2004-ൽ റായ്ബറേലിയിൽനിന്ന് ആദ്യമായി എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട സോണിയാഗാന്ധി 20 വർഷമാണ് പാർലമെന്റിൽ മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. രാജ്യസഭാംഗമായതിനെത്തുടർന്നാണ് ഇക്കുറി മത്സരത്തിൽനിന്ന് പിന്മാറിയിത്. പകരം വയനാടിനൊപ്പം രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്നും ഇത്തവണ ജനവിധി തേടുന്നു.

Content Highlights: Sonia in Rae Bareli-Leaving Rahul in your hands-he will not disappoint