'ചിരിക്കണോ കരയണോ?'; വാരാണസിയിൽ മോദിയുടെ എതിർസ്ഥാനാർത്ഥിയുടെ പത്രിക തള്ളിയെന്ന് ആരോപണം

ലക്‌നൗ: പ്രധാനമന്ത്രി മോദി മത്സരിക്കുന്ന വാരാണാസി ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക സമർപ്പിച്ച 55 പേരിൽ 36 പേരുടെ പത്രിക തള്ളിയെന്ന് ഹാസ്യകലാകാരനും രാഷ്ടിയ പ്രവർത്തകനുമായ ശ്യാം രംഗീല ആരോപിച്ചു. തന്‍റെ പത്രികാസമർപണവുമായി ബന്ധപ്പെട്ട് അധികൃതർ നിരവധി തടസ്സങ്ങൾ ഉന്നയിച്ചെന്നും ഒടുവിൽ സത്യവാങ്മൂലം നൽകിയില്ലെന്നു കാട്ടി തന്‍റെ പത്രിക തള്ളിയെന്നും ശ്യാം രംഗീല ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായി എന്നിവരുൾപ്പടെ 15 പേരുടെ സ്ത്യവാങ്മൂലം സ്വീകരിച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയെ അനുകരിച്ച് ഹാസ്യപരിപാടികൾ അവതരിപ്പിക്കാറുള്ള രാജസ്ഥാന്‍ സ്വദേശിയായ ശ്യാം, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പത്രിക സമർപിച്ചിരുന്നത്.
'എന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചില്ല. ഞാന്‍ ഇവിടെനിന്ന് മത്സരിക്കുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഞാന്‍ മാത്രമാണ് അവിടെ പത്രിക സമര്‍പ്പിക്കാനുണ്ടായിരുന്നത്. ആദ്യമായി മത്സരത്തിനിറങ്ങുന്ന എനിക്ക് പത്രികാസമർപണത്തിന്‍റെ രീതികൾ അറിയില്ലായിരുന്നു. പത്രിക സമര്‍പ്പിക്കുമ്പോള്‍ സത്യവാങ്മൂലം വേണമെന്ന് ആരും നിര്‍ദ്ദേശം നല്‍കിയില്ല. എന്നിട്ടിപ്പോള്‍ അവര്‍ പറയുകയാണ് സത്യവാങ്മൂലം നൽകാത്തതുകൊണ്ട് എന്റെ പത്രിക സ്വീകരിക്കില്ലെന്ന്', ശ്യാം രംഗീല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാരാണാസിയിലെ തിരഞ്ഞെടുപ്പ് വെറുമൊരു മത്സരം മാത്രമാക്കിമാറ്റിയെന്നും അദ്ദേഹം എക്‌സിലൂടെ ആരോപിച്ചു.
വ്യക്തതക്കുറവുണ്ടായിരുന്നെങ്കില്‍ എന്തിനാണ് എന്റെ പത്രിക സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഒപ്പമുണ്ടായിരുന്ന അഭിഭാഷകനെ അകത്തുകയറാന്‍ അനുവദിച്ചില്ല. ഞാന്‍ ഒറ്റക്കായിരുന്നു പത്രിക സമര്‍പ്പിക്കാനായി അകത്തേക്ക് കയറിയത്. പത്രിക സമര്‍പ്പിച്ചത് 2: 58 നാണെന്നും ഏതെങ്കെലും തരത്തില്‍ മാറ്റം വരുത്തണമെന്നുണ്ടായിരുന്നെങ്കില്‍ മൂന്ന് മണി വരെ സമയമുണ്ടായിരുന്നെന്നും അതികൃതര്‍ അറിയിച്ചതായി എക്‌സില്‍ പങ്കുവെച്ച് വീഡിയോയില്‍ ശ്യാം പറയുന്നു. മോദി ജീ അഭിനയിച്ച് കരയുമായിരിക്കാം. എന്നാല്‍ എനിക്ക് കരയേണ്ടെന്നും കുറിപ്പില്‍ പറയുന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ ഒന്നിനാണ് വാരാണാസിയിൽ വോട്ടെടുപ്പ്.
Content Highlights: Shyam Rangeela’s nomination from Varanasi rejected ‘for not taking oath’