ഈ വര്‍ഷം ഇതുവരെ കൊന്നത് അഞ്ചുപേരെ, കടുവപ്പേടിയില്‍ റാണിഗഞ്ജ്; ഇവിടുത്തെപ്പോലെ അവിടേയും

‘‘സഹോദരനും ഞാനും വെള്ളമെടുക്കാൻ ചെന്നതാണ് വയലിൽ. നേരമിരുട്ടിയിരുന്നു. ഞാനല്പം ദൂരെയായിരുന്നു. 15 മിനിറ്റായിട്ടും ചേട്ടനെ കാണാനില്ല. അപ്പോഴേക്കും കടുവ ചേട്ടനെ കടിച്ചുകഴിഞ്ഞിരുന്നു’’ -പീലീഭീത് പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള റാണിഗഞ്ജ് കാർഷികഗ്രാമത്തിൽനിന്ന് കൈലാഷ് ചന്ദർ ഇതു പറയുമ്പോൾ മുഖത്ത് ഭീതി വിട്ടുമാറിയിരുന്നില്ല. ഏതാണ്ട് ഒരുവർഷമാകുന്നു, ലോധ് കർഷകനായ ലാൽത പ്രസാദിനെ കടുവ കൊന്നുതിന്നിട്ട്. കഴിഞ്ഞവർഷം ജൂൺ 28-നായിരുന്നു സംഭവം.
മകൻ ബിജീഷ്‌കുമാർ, കടുവ പാതിതിന്ന അച്ഛന്റെ ശരീരത്തിന്റെ ഫോട്ടോ കാണിച്ചുതന്നു. വനംവകുപ്പ് അധികാരികളും ഗ്രാമപ്പഞ്ചായത്ത് അധികാരികളും സ്ഥലം എം.എൽ.എ. ബാബാറാം പസ്വാന്റെ ആളുകളുമൊക്കെ വന്നു. സഹായം നൽകാമെന്നുപറഞ്ഞ് പോയതല്ലാതെ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കൈലാഷ് ചന്ദ്രയും ബിജീഷ് കുമാറും ബന്ധുക്കളും ഒന്നടങ്കം പറയുന്നു.
നേപ്പാളിനോട് അതിർത്തിപങ്കിടുന്ന പീലീഭീത്തിലെ ഈ പ്രദേശം വന്യമൃഗപ്പേടിയിൽ ഉഴലുന്ന കേരളത്തിലെ മലയോരഗ്രാമങ്ങളിലേതിനു സമാനമാണ്. കേരളത്തിൽ പക്ഷേ, വന്യമൃഗങ്ങൾ ആളുകളെ കൊല്ലുന്നത് ചൂടേറിയ രാഷ്ട്രീയവിഷയമാണ്, സർക്കാരിന്റെ വീഴ്ചയായി പ്രചരിപ്പിക്കപ്പെടുന്നു. പക്ഷേ, ഉത്തരേന്ത്യയിലെ ഈ ഉൾനാടൻ ഗ്രാമത്തിൽ അങ്ങനെയല്ല. ഇവിടെ തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിച്ചിട്ടേയില്ല.
തിരഞ്ഞെടുപ്പിൽ പതിവുപോലെ ഇവർ പോകും വോട്ടുചെയ്യും തിരിച്ചുപോരും. എങ്കിലും വോട്ടെടുപ്പുകാലത്ത് റാണിഗഞ്ജ്, മാധോടണ്ഠ മേഖലകളിൽ കടുവപ്പേടി ചൂടേറിയ ചർച്ചയായിട്ടുണ്ട്. കർഷകരെല്ലാം ചർച്ചചെയ്യുന്നത് വയലിൽ പോകാനാവാത്തതിനെക്കുറിച്ചുമാത്രം.
കടുവകൾ ആളുകൾ കൊന്നുതിന്നിട്ടും അധികൃതർ അനങ്ങാത്തതിനാൽ വോട്ട് ബഹിഷ്കരിക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ, നിഷ്കളങ്കരായ ഗ്രാമീണർ തെല്ലമ്പരപ്പോടെ അത് തള്ളി- ‘‘വോട്ട് കളയാനോ, അത് ഞങ്ങളുടെ അവകാശമാണ്.’’
പുരൻപുർ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ്. യു.പി.യിലെ മറ്റു പലയിടങ്ങളിലുമെന്നപോലെ ഇവിടെയും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾക്കെല്ലാമപ്പുറം മത, സാമുദായിക ധ്രുവീകരണത്തിനപ്പുറത്തേക്കുള്ള വോട്ടുരാഷ്ട്രീയമില്ല.
പീലീഭീത് ദേശീയ കടുവസങ്കേതം പിന്നിട്ടാലാണ് റാണിഗഞ്ജിലെത്തുക. നിറയെ ഗോതമ്പ് വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ. ഇവിടേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോൾവേണമെങ്കിലും കടുവകളിറങ്ങാമെന്നതാണ് സ്ഥിതിയെന്ന് നാട്ടുകാർ പറയുന്നു. പക്ഷേ, കൃഷി ചെയ്യാതിരിക്കാൻ സാധിക്കാത്തതിനാൽ വയലിലിറങ്ങാതെ വയ്യ. അതിനാൽ ഭീതിയോടെയെങ്കിലും അവർ കൃഷിപ്പണിക്കിറങ്ങുന്നു. വീടുകളിലെ പശുക്കളെയും ആടുകളെയുമെല്ലാം കടുവകൾ ആക്രമിച്ചുകൊല്ലുന്നത് പതിവാണ്. 2014 മുതൽ ഈവർഷം ഇതുവരെ ഇവിടെ കടുവകൾ കൊന്നുതിന്നത് 47 ആളുകളെ.
ലാൽത പ്രസാദിന്റെ വീടിന് കുറച്ചപ്പുറത്തുള്ള 55 വയസ്സുകാരനായ ബോലറാം എന്ന ലോധ് കർഷകനെ കടുവ കൊന്നുതിന്നത് രണ്ടുദിവസം മുമ്പാണ്, തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ. എന്നാൽ, ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലേർപ്പെട്ടിരിക്കുന്ന രാഷ്ട്രീയപ്പാർട്ടികളോ നേതാക്കളോ അറിഞ്ഞമട്ടില്ല. കേരളത്തിലായിരുന്നെങ്കിൽ എന്തായേനെ സ്ഥിതി.
കാടിനോടു ചേർന്നുള്ള വയലിൽ പണിയെടുക്കവേ കടുവ പിടികൂടി കാട്ടിനകത്തേക്കു കൊണ്ടുപോവുകയായിരുന്നെന്ന് ഗ്രാമവാസികൾ പറയുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ടവരാണിവിടെ ഏറെയും കാടിനോടുചേർന്ന് കഴിയുന്നത്. കാട്ടിൽ വിറക് ശേഖരിക്കാനും മറ്റും ഇവർ പോകും. തിരിച്ചെത്തിയാലായി.
ഔദ്യോഗിക കണക്കുപ്രകാരം ഇവിടെ കടുവസങ്കേതത്തിൽ 75 കടുവകളുണ്ട്. പക്ഷേ, നൂറിനു മുകളിലാണെന്ന് നാട്ടുകാർ. കടുവകളുടെ എണ്ണം കൂടിവരുന്നത് ആക്രമണത്തിന്റെ തോതും കൂട്ടിയെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. കാടിനു പുറത്തുവെച്ച് കടുവ കൊന്നാൽ ഗ്രാമപ്പഞ്ചായത്തും വനംവകുപ്പധികൃതരും ചേർന്ന് കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകുമെന്നാണ് വ്യവസ്ഥ. ലാൽത പ്രസാദിന്റെ കുടുംബംപോലെ കിട്ടാത്തവരാണേറെയും.
Content Highlights: Uttar Pradesh Rani ganj man eater tiger attack not an issue in Lok Sabha Polls