അടിമുടി നാടകം, ജയിലിലിരുന്ന് അസംഖാന്റെ കളി; മൊറാദാബാദ് സിറ്റിങ് സീറ്റ് കൈവിടുമോ എസ്പി?

രാവിലെ മുതല് ചന്നം പിന്നം പെയ്തുകൊണ്ടിരുന്ന മഴയത്തും ആവേശം കെടാതെ മൊറാദാബാദിലെ ഗവ. ഇന്റര് കോളേജ് മൈതാനത്ത് പ്രവര്ത്തകര് ആര്ത്തിരമ്പി. സമാജ് വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് റാലി ഉച്ചയ്ക്ക് 12-ന് നിശ്ചയിച്ചതാണ്. മണി ഉച്ചയ്ക്ക് ഒന്നര പിന്നിട്ടു. അക്ഷമരായ അണികളുടെ ആവേശം ചോരാതിരിക്കാനുള്ള പൊടിക്കൈകളുമായി ചിരപരിചിതയായ രാഷ്ട്രീയക്കാരിയായി സ്ഥാനാര്ഥി രുചി വീര അപ്പോള് രംഗപ്രവേശം ചെയ്തു.
ആവേശത്താല് മുന്നോട്ടായുന്ന പ്രവര്ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് തടയുന്നതിനെതിരെ രുചി വീരയുടെ ആദ്യത്തെ ഗര്ജനം. സ്റ്റേജിന്റെ മുന്നിരയിലേക്കോടിയും മൈക്ക് കൈയിലെടുത്തും പൊലീസിനെ അവര് വിരട്ടി. എന്നിട്ടും തൃപ്തിവരാഞ്ഞ് പ്രവര്ത്തകക്കൂട്ടത്തിനും അവര്ക്ക് വലയം സൃഷ്ടിച്ചുനിന്ന പൊലീസുകാര്ക്കും നടുവിലേക്കവര് ഓടിയടുത്തു. ആരും തടുത്തില്ല. അണികളുടെ ആവേശം ഇരട്ടിച്ചു. രുചിവീര സിന്ദാബാദ് എന്ന് അത്യുച്ചത്തിലവര് വിളിച്ചു. സ്റ്റേജില് പ്രസംഗിച്ചുകൊണ്ടിരുന്ന നേതാവ് സ്ഥാനാര്ഥിയെ ഇതുകണ്ട് വിശേഷിപ്പിച്ചു: 'മൊറാദാബാദിന്റെ സിംഹിണിയാണിവര്. ആരും ഇവര്ക്ക് മുന്നിലേക്ക് വരില്ല'.
മൂന്നരവരെ കാത്തിരുന്ന ജനക്കൂട്ടത്തിന് പക്ഷേ, നിരാശയായിരുന്നു ഫലം. അഖിലേഷ് വന്നില്ല. മോശം കാലാവസ്ഥ കാരണം വെള്ളക്കെട്ടിലായ മൈതാനത്തിറങ്ങാന് ഹെലികോപ്റ്ററിനാവില്ലെന്ന കാരണത്താല് മൊറാദാബാദ് റാലി അഖിലേഷ് ഒഴിവാക്കിയതായി അറിയിപ്പെത്തി. രുചിവീര വന്നവര്ക്കെല്ലാം നന്ദിപറഞ്ഞ് ആ പൊതുപരിപാടി അവസാനിപ്പിച്ചു.
ഈ ഇന്റര് കോളേജ് കാമ്പസിന് വിളിപ്പാടകലെയാണ് സമാജ് വാദി പാര്ട്ടിയുടെ മൊറാദാബാദിലെ സിറ്റിങ് എം.പി ഡോ.എസ്.ടി. ഹസന്റെ വീട്. പാര്ട്ടിപ്പൂരം തകര്ക്കുമ്പോള് അദ്ദേഹം വീട്ടില് നിശബ്ദനായി ഇരിപ്പായിരുന്നു. അഖിലേഷ് യാദവ് വരാതിരുന്നത് ഹസന്റെ നീരസം കൂടി കണക്കിലെടുത്തായിരിക്കുമോ?, ഹസനോട് തന്നെ സംശയനിവാരണം നടത്തി. 'അഖിലേഷ് ജി രാവിലെ 9 മണിക്ക് എന്നെ വിളിച്ചിരുന്നു. ഞാന് വീട്ടിലേക്ക് വരുന്നെന്ന് പറഞ്ഞു. വരുന്നതില് സന്തോഷം എന്നും പറഞ്ഞു. അദ്ദേഹം ആദ്യം വീട്ടിലേക്ക് വരാനാണ് നിശ്ചയിച്ചിരുന്നത്. അതിന് ശേഷം റാലിക്കായി കോളേജ് മൈതാനത്തേക്കും. എന്നാല് കാലാവസ്ഥ കണക്കുകൂട്ടലെല്ലാം തെറ്റിച്ചു.' താങ്കളും അങ്ങനെയായിരുന്നെങ്കില് റാലിയില് പങ്കെടുക്കുമായിരുന്നോയെന്ന ചോദ്യത്തിന്, അഖിലേഷ്ജി പറഞ്ഞാല് മറുവാക്കില്ലെന്നായിരുന്നു ഉത്തരം.
എന്നാല്, ശനിയാഴ്ച രാത്രിയില് അദ്ദേഹത്തെ കാണുമ്പോള് അദ്ദേഹം തികഞ്ഞ അതൃപ്തിയിലായിരുന്നു. രുചി വീരയ്ക്കായി പ്രചരണത്തിനിറങ്ങില്ലെന്ന് തീര്ത്തുപറഞ്ഞു. ഹസന് തന്നെ വീണ്ടും സീറ്റ് ലഭിക്കുമെന്നായിരുന്നു ആദ്യസൂചനകള്. നാമനിര്ദേശപത്രികാ സമര്പ്പണത്തിന്റെ അവസാനനിമിഷം വരെ നീണ്ട നാടകങ്ങള്ക്കൊടുവില് വാട്സാപ്പ് മെസേജിലൂടെയാണ് ഹസന്, താനല്ല സ്ഥാനാര്ഥിയല്ലെന്ന അറിയിപ്പ് ലഭിക്കുന്നത്. അതിന് പിന്നില് അയല്മണ്ഡലമായ രാംപൂരിലെ മുന് എം.പി കൂടിയായ, ഇപ്പോള് ജയിലിലുള്ള പാര്ട്ടി നേതാവ് അസംഖാന്റെ കരങ്ങളുണ്ടെന്ന സംശയമാണ് ഹസന്. അസംഖാന്റെ അടുത്ത അനുയായിയാണ് ബനിയ സമുദായക്കാരിയായ രുചി വീര.
സമാജ് വാദിക്കകത്ത് ഹസന് അനുയായികളുടെ നീരസം തിരഞ്ഞെടുപ്പില് എത്രത്തോളം പ്രതിഫലിക്കുമെന്ന് നിശ്ചയമില്ല. മുസ്ലിം, ദളിത് വോട്ടുകളെ ഒരു പരിധി വരെ വിഭജിച്ച് വരുതിയിലാക്കാന് ബി.എസ്.പി കളത്തിലിറക്കിയിരിക്കുന്നത് മുഹമ്മദ് ഇര്ഫാന് സൈഫിയെയാണ്. തിങ്കളാഴ്ച ഇദ്ദേഹത്തിനായി മൊറാദാബാദില് മായാവതിയുടെ റാലി. രാംപൂരില് നിന്നടക്കം പരമാവധി ദളിത് വോട്ടര്മാരെ കളത്തിലിറക്കിയാണ് ബി.എസ്.പിയുടെ കളി. പക്ഷേ ബി.ജെ.പി ഇതൊന്നും കൂസുന്നില്ല. കുന്വര് കുമാര് സര്വേശ് സിങ് ആണ് ബി.ജെ.പി സ്ഥാനാര്ഥി. ക്ഷത്രിയവിഭാഗം. ബനിയയായ രുചി വീരയും മുന്നാക്കത്തില് പെട്ടവര്. പക്ഷേ അവരുടെ ഭര്ത്താവ് ജാട്ടാണ്. ജാട്ടുവോട്ടുകളും പിന്നാക്ക, മുസ്ലിം, ദളിത് വോട്ടുകളും ഒപ്പം മുന്നാക്കത്തിലെ ഒരു വിഭാഗവും ചേരുമ്പോള് ജയിച്ചുപോരാമെന്ന് എസ്.പിയുടെ കണക്ക്.
എന്നാല് അതാവില്ല കളിയെന്ന് മാതൃഭൂമിയോട് ബി.ജെ.പി ജില്ലാ അധ്യക്ഷന് ആകാശ് പാല്: 'അവരുടെ സിറ്റിങ് എം.പി ഹസന് സാഹിബ് രോഷത്തിലാണ്. അതുകൊണ്ട് മുസ്ലിം വോട്ടുകള് എസ്.പിക്ക് കുറയും. മാത്രമല്ല, ബി.എസ്.പിയും കുറേ വോട്ടുകള് പിടിക്കും. ജാട്ട്, പിന്നാക്ക, മുന്നാക്ക വോട്ടര്മാരെല്ലാം ഇക്കുറി പൂര്ണമായും ബി.ജെ.പിക്കൊപ്പമാണ്. അഖിലേഷിന്റെ അനുനയത്തില് ഹസന്റെ മനസ്സ് മാറി രുചിവീരയ്ക്കായി പ്രചരണത്തിനിറങ്ങുമോയെന്നത് മൊറാദാബാദില് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഏതുതരം അടിയൊഴുക്കുകള് മൊറാദാബാദിന്റെ ഗതി നിയന്ത്രിക്കുമെന്നും കാത്തിരുന്ന് കാണണം.
പിത്തള ഉരുക്കിയെടുക്കുന്ന മൊറാദാബാദ് തിരക്കേറിയ വ്യവസായപട്ടണമാണ്. 9.15 ലക്ഷം മുസ്ലിങ്ങളുണ്ട്. 2.39 ലക്ഷം പട്ടികജാതിക്കാരും 1.48 ലക്ഷം ഠാക്കൂര്മാരുമുണ്ട്. പടിഞ്ഞാറന് യു.പിയിലെ പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ അവഗണനയാരോപിച്ച് ഠാക്കൂര്മാര് രംഗത്തെത്തിയത് അവസാനനിമിഷം തിരഞ്ഞെടുപ്പ് ഗോദയില് ചര്ച്ചയാണ്. 2019ല് എസ്.ടി. ഹസന്റെ ഭൂരിപക്ഷം 97,878 വോട്ടിന്റേത്.
ഹസന് മാതൃഭൂമിയോട്:
താങ്കളുടെ പേരാണ് ആദ്യം മൊറാദാബാദില് സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചത്. പക്ഷേ പെട്ടെന്ന് അട്ടിമറിക്കപ്പെട്ടു?
യഥാര്ഥത്തില് ഞാന് മത്സരിക്കാനാണ് അഖിലേഷ്ജി ആഗ്രഹിച്ചത്. പക്ഷേ അദ്ദേഹത്തിന് മേല് ഒഴിവാക്കാനാവാത്ത വലിയ സമ്മര്ദ്ദമുണ്ടായിട്ടുണ്ടാകുമെന്ന് ഞാന് കരുതുന്നു. വേറൊരു പേര് ഉയര്ന്നുവന്നപ്പോഴും നിങ്ങള് പേടിക്കേണ്ട, നിങ്ങള് തന്നെയാവും മത്സരിക്കുക എന്നാണ് അഖിലേഷ്ജി എന്നോട് ഉറപ്പുപറഞ്ഞത്. ദേശീയ പ്രസിഡന്റെന്ന നിലയില് നോമിനേഷന് പേപ്പറില് അദ്ദേഹം ഒപ്പിടുക വരെ ചെയ്തു. എന്നാല് മൊറാദാബാദിന് പുറത്തുള്ള ചില നേതാക്കളുടെ ഇടപെടല് വൈകിപ്പിക്കല് തന്ത്രം കളിച്ച് അവസാനം അട്ടിമറിക്കുകയായിരുന്നു. പത്രികാസമര്പ്പണത്തിന്റെ അവസാനദിവസത്തെ അവസാനസമയമായ മൂന്ന് മണി വരെയും എനിക്ക് പാര്ട്ടിയുടെ അനുമതി കിട്ടിയില്ല. അങ്ങനെ പത്രിക നല്കാനാവാതെ പോയി. ഇത് തനിക്കും പാര്ട്ടിക്കുമെതിരെ നടന്ന വലിയ ഗൂഢാലോചനയാണ്.
അസംഖാനെ പോലുള്ള നേതാക്കളുടെ സമ്മര്ദ്ദമായിരുന്നോ അഖിലേഷ് യാദവിലുണ്ടായിരുന്നത്?
എനിക്ക് അതേക്കുറിച്ച് വ്യക്തമായറിയില്ല. പക്ഷേ വരുന്ന മാധ്യമറിപ്പോര്ട്ടുകളെല്ലാം അത് പറയുന്നുണ്ട്. ചിലപ്പോള് ആകാം, അല്ലാതിരിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പില് താങ്കളും അസംഖാന്റെ നോമിനിയായിരുന്നു?
തീര്ച്ചയായും. അസംഖാന് കാരണമാണ് എനിക്ക് മൊറാദാബാദില് സീറ്റ് ലഭിച്ചത്. പക്ഷേ അഞ്ച് വര്ഷത്തിനിടയില് രംഗം മാറി. എനിക്കറിയില്ല, അദ്ദേഹത്തിന് എന്നെ വേണോ, വേണ്ടയോ എന്ന്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഞാനദ്ദേഹത്തോട് ഇതിന്റെ കാരണം തിരക്കുന്നുണ്ട്.
ജയിലിലുള്ള അസംഖാനെ താങ്കള് സന്ദര്ശിച്ചിരുന്നോ?
സാധിച്ചില്ല. വളരെ കുറച്ചുപേരെ മാത്രം കാണാനേ അദ്ദേഹത്തെ അനുവദിക്കുന്നുള്ളൂ. അതിലദ്ദേഹം മുന്ഗണന നല്കിയവരുടെ കൂട്ടത്തില് എന്നെ ഉള്പ്പെടുത്തിയില്ല. ഞാന് ശ്രമിച്ചിരുന്നു.
രുചി വീര അസംഖാന്റെ അടുത്ത അനുയായിയാണോ?
എല്ലാവര്ക്കും അറിയാവുന്നതല്ലേ അത്.
അതാണപ്പോള് സീറ്റ് കിട്ടാന് കാരണം?
ആയിരിക്കാം.
പത്രികാസമര്പ്പണവുമായി ബന്ധപ്പെട്ടതെല്ലാം പൂര്ത്തിയായ ശേഷം അഖിലേഷ് യാദവ് താങ്കളെ ബന്ധപ്പെട്ടിരുന്നോ?
ഇല്ല.
താങ്കള് അങ്ങോട്ടും ബന്ധപ്പെടാന് ശ്രമിച്ചില്ലേ?
ഇല്ല.
താങ്കള് പാര്ട്ടിയുടെ മുതിര്ന്ന നേതാവാണ്. അതിനാല് പാര്ട്ടിപ്രചരണത്തിനിറങ്ങാന് ബാധ്യതയുണ്ട്. രുചി വീരയ്ക്കായി പ്രചരണത്തിനിറങ്ങുമോ?
എനിക്ക് പാര്ട്ടിക്ക് വേണ്ടി പ്രവര്ത്തിക്കാനാവും. പക്ഷേ അവര്ക്കു വേണ്ടി ഇറങ്ങാനാവില്ല. ഇതെന്റെ മാതൃപാര്ട്ടിയാണ്. ഈ പാര്ട്ടിയാണെന്നെ ഇവിടത്തെ മേയറാക്കിയത്, എം.പിയാക്കിയത്. പക്ഷേ മൊറാദാബാദില് നിന്നുകൊണ്ട് എനിക്കവരെ പിന്തുണയ്ക്കാനാവില്ല. ഞാനും ഒരു മനുഷ്യനല്ലേ.
അവര് പറയുന്നത് താങ്കള് പാര്ട്ടി നേതാവാണ്, അതുകൊണ്ട് പ്രചരണത്തിനിറങ്ങാന് ബാധ്യസ്ഥനാണ് എന്നാണ്?
എന്റേത് വലിയ പാര്ട്ടിയാണ്. ഉത്തര്പ്രദേശിലെല്ലായിടത്തുമുണ്ട്. അവിടെ എവിടെ വേണമെങ്കിലും എനിക്ക് പ്രചരണത്തിനിറങ്ങാമല്ലോ.
രാംപൂരിലും ഇവിടെയും സ്ഥാനാര്ഥികളെ നിശ്ചയിക്കുന്നതില് അഖിലേഷും അസംഖാനും തമ്മിലുണ്ടാക്കിയ ധാരണയാണോ താങ്കള്ക്ക് പാരയായത്?
ആയിരിക്കാം. രാംപൂരില് അസംഖാന്റെ മനസ്സില് മറ്റൊരാളായിരുന്നു സ്ഥാനാര്ഥി. പക്ഷേ അത് നടന്നില്ല. അത് പരിഹരിക്കാനും അസംഖാനെ തൃപ്തിപ്പെടുത്താനുമായിരിക്കാം രുചിവീര ചിത്രത്തിലെത്തിയത്.
രുചിവീര ജയിക്കുമോ?
ഞാനെങ്ങനെ പ്രവചിക്കും. അത് ജനങ്ങള് തീരുമാനിക്കുന്നതല്ലേ.
Content Highlights: Moradabad loksabha seat-sp-bjp-Ruchi Veera-azam khan