അനന്തരവനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കി; പിന്‍ഗാമിയെന്ന സ്ഥാനവും നല്‍കുന്നില്ലെന്ന് മായാവതി

ആകാശ് ആനന്ദ്, മായാവതി | Photo: PTI
ആകാശ് ആനന്ദ്, മായാവതി | Photo: PTI

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംമുമ്പേ ബി.എസ്.പി.യുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍നിന്ന് അനന്തരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി അധ്യക്ഷ മായാവതി നീക്കി. തന്റെ പിന്‍ഗാമിയെന്ന സ്ഥാനവും ആകാശിന് നല്‍കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 'എക്‌സി'ലൂടെയായിരുന്നു പ്രഖ്യാപനം. അഞ്ചുമാസംമുമ്പാണ് അദ്ദേഹത്തെ ഈ രണ്ടുസ്ഥാനങ്ങളിലേക്കും മായാവതി നിയമിച്ചത്.

പാര്‍ട്ടിയുടെയും അംബേദ്കര്‍ പ്രസ്ഥാനത്തിന്റെയും താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ആനന്ദ് പൂര്‍ണ പക്വതയാര്‍ജിക്കുംവരെ അതുനിലനില്‍ക്കുമെന്നും അവര്‍ അറിയിച്ചു. തന്റെ സഹോദരനും ആനന്ദിന്റെ അച്ഛനുമായ ആകാശ് കുമാര്‍ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന ചുമതലകള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.

സിതാപുരിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് ആനന്ദിനെയും മറ്റുനാലുപേരെയും മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് കസ്റ്റഡിയിലെടുത്തിരുന്നു. ആനന്ദിന്റെ പ്രസംഗത്തിനെതിരേ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.

Content Highlights: mayawati removes nephew akash anand from party post