മായാവതിയുടെ മൗനവും ബിഎസ്പിയുടെ പതനവും

''ബി.എസ്.പി. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുകയും മായാവതി പ്രധാനമന്ത്രിയാവുകയു ചെയ്താല്‍, പിന്നെ കുറെക്കാലത്തേക്ക് അധികാരത്തില്‍ തിരിച്ചെത്താനാകില്ലെന്ന് എന്റെ രാഷ്ട്രീയ എതിരാളികള്‍ക്കറിയാം. അതുകൊണ്ട്, ദളിതന്റെ മകള്‍ പ്രധാനമന്ത്രിയാകാതിരിക്കാനുള്ള ഗൂഢാലോചന നടത്തുകയാണവര്‍. പക്ഷേ, ഞാന്‍ പ്രധാനമന്ത്രിയാകുന്നതു തടയാന്‍ ഒരു ശക്തിക്കുമാകില്ല'' -ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.) നേതാവ് മായാവതി 2008-ല്‍ പറഞ്ഞതാണിത്. ആദ്യമായും അവസാനമായും ബി.എസ്.പി. ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതിന്റെ തൊട്ടടുത്തവര്ഷമായിരുന്നു അത്.
2009-ല്‍ മറ്റൊരു അഭിമുഖത്തില്‍ മായാവതി പറഞ്ഞു: ''ഞാന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ സതീഷ്ചന്ദ്രമിശ്ര, നസീമുദീന്‍ സിദ്ദിഖി, സ്വാമിപ്രസാദ് മൗര്യ എന്നിവരൊക്കെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാരാകും. പക്ഷേ, ബി.എസ്.പി.ക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച ഒരു ദളിതനെമാത്രമേ യു.പി. മുഖ്യമന്ത്രിയാക്കൂ.'' രാജ്യത്തെ ആദ്യത്തെ ദളിത് പ്രധാനമന്ത്രിയാകുമെന്ന തോന്നലുണ്ടാക്കും വിധം ഒരുകാലത്ത് രാഷ്ട്രീയപ്രതാപമാര്ജിച്ച മായാവതി ഇന്നു പക്ഷേ, ഏറക്കുറെ മൗനത്തിലാണ്. കൂടെയുള്ള നേതാക്കളും അണികളും വിട്ടുപോയിക്കൊണ്ടിരിക്കുന്നു. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എത്രത്തോളം സജീവമായി രംഗത്തുണ്ടാകുമെന്നത് ഇപ്പോഴും അനിശ്ചിതം. രാജ്യത്തെ ദളിത് രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും ഇതുയര്‍ത്തുന്നു.
ഉദയം, വളര്‍ച്ച
പഞ്ചാബില്‍ നിന്നുള്ള ദളിത് നേതാവ് കാന്‍ഷിറാം, കീഴാളരുടെ ഒരു പൊതുരാഷ്ട്രീയവേദി എന്നനിലയിലാണ് 1984-ല്‍
ബി.എസ്.പി.ക്കു രൂപംനല്കിയത്. ഡല്‍ഹിയിലെ ചേരിവാസികളുടെ യോഗത്തില്‍ ശൗര്യത്തോടെ സംസാരിച്ച ഒരു ചെറുപ്പക്കാരി ഇതിനകം കാന്‍ഷിറാമിന്റെ ശ്രദ്ധയില്പ്പതിഞ്ഞിരുന്നു. ബഹുജന്രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയര്‍ത്തി, അവളെ പിന്നീട് തന്റെ രാഷ്ട്രീയപിന്ഗാമിയുമാക്കി അദ്ദേഹം. രാജ്യത്തെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രിയായി ഉയര്‍ന്ന മായാവതിയായിരുന്നു ആ തീപ്പൊരിപ്പെണ്കുട്ടി.
1995-ല്‍ ബി.ജെ.പി. പിന്തുണയോടെയാണ് മായാവതി ആദ്യം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. സമാജ്വാദി പാര്‍ട്ടിയുടെ മുലായംസിങ് യാദവ് നയിച്ച കൂട്ടുകക്ഷിസര്ക്കാരിനുള്ള പിന്തുണ പിന്വലിച്ചതിനുപിന്നാലെയായിരുന്നു മായാവതിയുടെ ഈ നീക്കം. പിന്നെയും മൂന്നുതവണ അവര്‍ ആ പദവിയിലെത്തി. 2007-ല്‍ ബി.എസ്.പി. ഒറ്റയ്ക്കു ഭൂരിപക്ഷംനേടിയപ്പോഴായിരുന്നു നാലാമൂഴം. 2012-ല്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെ ബി.എസ്.പി.യുടെ ശക്തിക്ഷയവും ആരംഭിച്ചെന്നുപറയാം.
പോക്ക് താഴേക്ക്
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ 206 സീറ്റും 36.7 ശതമാനം വോട്ടുംനേടിയാണ് 2007-ല്‍ ബി.എസ്.പി. അധികാരത്തിലെത്തിയത്. സീറ്റുകളുടെ എണ്ണം 2012-ലെ തിരഞ്ഞെടുപ്പില്‍ എണ്പതായും 2017-ല്‍ പത്തൊമ്പതായും കുറഞ്ഞു. 2022-ലാകട്ടെ ഒറ്റസീറ്റാണു കിട്ടിയത്. 2022-ല്‍ പാര്‍ട്ടിയുടെ വോട്ടുവിഹിതം 12.88 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തെ ദളിത് ജനസംഖ്യ ഇരുപതുശതമാനമാണ് എന്നോര്‍ക്കണം. ദളിത് വോട്ടര്‍മാരില്‍ പകുതി മായാവതികൂടി ഉള്‍പ്പെട്ട ജാതവ് സമുദായത്തില്‍പ്പെട്ടവരുമാണ്.
2014-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ചപ്പോള്‍ ബി.എസ്.പി.ക്ക് ഒരുസീറ്റുപോലും കിട്ടിയില്ല. 2019-ല്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിച്ചപ്പോള്‍ പത്തുസീറ്റു കിട്ടി (സമാജ്വാദി പാര്‍ട്ടിക്ക് അഞ്ചും). പാര്‍ട്ടിയുടെ ഭാവിതന്നെ ചോദ്യചിഹ്നമായ സാഹചര്യത്തില്‍ എം.പി.മാര്‍ പലരും പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടി പൊയ്ക്കഴിഞ്ഞു. മായാവതിയാകട്ടെ, പൊതുജനദൃഷ്ടിയില്വരുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം. വല്ലപ്പോഴും എന്തെങ്കിലും ഉരിയാടിയാല്ത്തന്നെ ആരുമത് ഗൗരവത്തിലെടുക്കുന്നുമില്ല.
ദളിത് രാഷ്ട്രീയം
ദളിത് സമുദായങ്ങളിലെ പുതുതലമുറയെ ആകര്‍ഷിക്കാന്‍ മായാവതിക്കോ ബി.എസ്.പി.ക്കോ സാധിക്കുന്നില്ല എന്നതാണ് വര്ത്തമാനകാലയാഥാര്ഥ്യം. മായാവതിയുടെ സ്വന്തം വോട്ടുബാങ്കായി കരുതപ്പെട്ട ജാതവരുടെ ഇടയില്‍പ്പോലും ഇതാണു സ്ഥിതി. പഴയകാല ജാതവരുടെ പാര്‍ട്ടിയായി ബി.എസ്.പി. ചുരുങ്ങിപ്പോയിരിക്കുന്നു. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും ഉത്തര്‍പ്രദേശില്‍ പൊട്ടിമുളച്ചിട്ടുള്ള വിവിധ കീഴാളസംഘടനകളും ദളിത് യുവാക്കളെ ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശയില്‍ ഏറ്റെടുത്ത രാഷ്ട്രീയദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ ബി.എസ്.പി.ക്ക് ശേഷിയുണ്ടെന്നു കരുതാനാകില്ല. പുതുനാമ്പുകളാകാം ഇനി രാജ്യത്തെ ദളിത് രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കുന്നത്.
എന്തേ ഈ പതനം
നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷമുള്ള ബി.ജെ.പി.യുടെ വളര്‍ച്ചയും ഉത്തര്‍പ്രദേശിലെ വോട്ടുസമവാക്യങ്ങളില് അതുണ്ടാക്കിയ മാറ്റങ്ങളുമാണ് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ബി.എസ്.പി.യുടെ പിന്നോട്ടടിക്ക് ആക്കംകൂട്ടിയതെന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല. ദളിത് വിഭാഗങ്ങള്‍ക്കുപുറമേ ബ്രാഹ്മണര്‍, യാദവേതര പിന്നാക്കസമുദായങ്ങള്‍, മുസ്ലിങ്ങള്‍ എന്നിവര്‍ക്കിടയിലും വേരോട്ടമുണ്ടാക്കിയാണ് ബി.
എസ്.പി. വളര്‍ന്നത്. ബ്രാഹ്മണരെയും ദളിതരിലെ ജാതവരൊഴിച്ചുള്ള വിഭാഗങ്ങളെയും യാദവേതര പിന്നാക്കവിഭാഗങ്ങളെയും ബി.ജെ.പി. ആകര്‍ഷിച്ചുകഴിഞ്ഞു. ജാതവ വോട്ടുബാങ്കിലേക്കുപോലും ബി.ജെ.പി. കടന്നുകയറ്റം നടത്തിയതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മായാവതിയുടെ സമീപകാലനിലപാടുകള്‍ ബി.ജെ.പി.യുമായുള്ള ഒത്തുകളിയുടെ ഫലമാണോ എന്ന സംശയംനിമിത്തം മുസ്ലിങ്ങളും ബി.എസ്.പി.യില്നിന്ന് അകലുകയാണ്. ഈ സാഹചര്യത്തില്‍, 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 12.88 ശതമാനം വോട്ടുവിഹിതംപോലും നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് ഇന്നു കെല്പുണ്ടോ എന്നു സംശയമാണ്. ഇതു മനസ്സിലാക്കിത്തന്നെയാണ് മായാവതിയുടെ മൗനം. സി.ബി.ഐ. അന്വേഷിക്കുന്ന അഴിമതിക്കേസുകളും അവരെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതടക്കമുള്ള പല വിഷയങ്ങളിലും മായാവതി കേന്ദ്രാനുകൂലനിലപാടെടുത്തതിന്റെ രഹസ്യവും ഇതാണ്.
Content Highlights: Mayavathi and Utter pradesh politics