അഞ്ചാംഘട്ടം കഴിഞ്ഞപ്പോള്‍ത്തന്നെ മോദി 310 സീറ്റ് കടന്നു, ജൂണ്‍ നാലിന് ഖാര്‍ഗെയുടെ പണിപോകും- അമിത് ഷാ

ലഖ്‌നൗ: ആദ്യ അഞ്ചുഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ ബി.ജെ.പി. 310 സീറ്റുകളില്‍ വിജയം ഉറപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് 40-ൽ കൂടുതല്‍ സീറ്റുകള്‍ നേടില്ലെന്നും ഫലംവന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പണിപോകുമെന്നും അമിത് ഷാ പറഞ്ഞു.
'ആദ്യ അഞ്ചുഘട്ടം തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ എന്റെ കൈയിലുണ്ട്. അതില്‍ത്തന്നെ മോദി 310 സീറ്റുകള്‍ പിന്നിട്ടുകഴിഞ്ഞു. രാഹുല്‍ 40-ലേറെ സീറ്റുകള്‍ നേടില്ല. അഖിലേഷ് യാദവിന് നാലുസീറ്റുപോലും കിട്ടില്ല', ഉത്തര്‍പ്രദേശിലെ ഖുശിനഗറിലെ ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് തോറ്റാല്‍ സഹോദരനേയും സഹോദരിയേയുമാകില്ല കുറ്റപ്പെടുത്തുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പണിപോകും. ഫലംവന്നാല്‍ രാഹുല്‍ഗാന്ധിയുടെ ആളുകള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും അമിത് ഷാ പരിഹസിച്ചു.
ഏഴുഘട്ടമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറുഘട്ടങ്ങളിലെ പോളിങ് നടന്നുകഴിഞ്ഞു. 57 മണ്ഡലങ്ങളിലേക്ക് അവസാനഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. നേരത്തെ, 58 മണ്ഡലങ്ങളിലേക്കുള്ള പോളിങ് ശനിയാഴ്ച ആറാംഘട്ടത്തില്‍ നടന്നിരുന്നു.
Content Highlights: Rahul, Priyanka will not be blamed for LS poll defeat: Amit Shah