എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ആര്‍.എല്‍.ഡി ദേശീയ ഉപാധ്യക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ രാഷ്ട്രീയ ലോക്ദാളിന്റെ ദേശീയ ഉപാധ്യക്ഷന്‍ ഷാഹിദ് സിദ്ദിഖി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ആര്‍.എല്‍.ഡിയുടെ ദേശീയ ചെയര്‍മാനായ ജയന്ത് ചൗധരിയ്ക്ക് എക്സില്‍ കുറിപ്പ് പങ്കുവെച്ചാണ് ഷാഹിദ് രാജിപ്രഖ്യാപനം നടത്തിയത്.
താനും കുടുംബവും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കെതിരേ നിന്നവരാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കിയ സ്ഥാപനങ്ങളെ തുരങ്കം വെക്കുന്നത് നിശബ്ദമായി കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആര്‍.എല്‍.ഡിയുടെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ ഇന്നലെ രാജിവെച്ചു. ഞാനും കുടുംബവും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കെതിരേ നിന്നവരാണ്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കിയ സ്ഥാപനങ്ങളെ തുരങ്കം വെക്കുന്നത് നിശബ്ദമായി കാണാനാവില്ല. ജയന്തിനും പാര്‍ട്ടിയിലെ മറ്റു സഹപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു' ഷാഹിദ് പറഞ്ഞു.
മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുക്കമാണ് ജയന്ത് ചൗധരി എന്‍.ഡി.എ യില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കിയതിന് പിന്നാലെയാണ് ജയന്തിന്റെ കൂടുമാറ്റം. ആറ് വര്‍ഷം തങ്ങള്‍ പരസ്പര ബഹുമാനത്തോട് കൂടി പ്രവര്‍ത്തിച്ചെന്നും എന്നാല്‍ ബി.ജെ.പി നയിക്കുന്ന ഒരു മുന്നണിയില്‍ ചേരാന്‍ സാധിക്കില്ലെന്നും ഷാഹിദ് പറഞ്ഞു.
ആര്‍.എല്‍.ഡിയെഉള്‍പ്പെടുത്തി യുപിയില്‍ ശക്തമായ മുന്നണിക്കാണ് ബി.ജെ.പി നേതൃത്വം നല്‍കുന്നത്.പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടിയെ ചാക്കിലാക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കര്‍ഷകസമരം ഈ മേഖലകളില്‍ ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.
Content Highlights: Big Exit From Jayant Chaudharys Party rld After BJP Tie Up