നിരീക്ഷണത്തിന് ഭൂപേഷ് ബഘേലും ഗഹലോത്തും; അമേഠിയിലും റായ്ബറേലിയും മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ്

അശോക് ഗഹലോത്ത്, പ്രിയങ്ക ഗാന്ധി, ഭൂപേഷ് ബഘേല്‍ | Photo: PTI
അശോക് ഗഹലോത്ത്, പ്രിയങ്ക ഗാന്ധി, ഭൂപേഷ് ബഘേല്‍ | Photo: PTI

ന്യൂഡല്‍ഹി: റായ്ബറേലിയിലും അമേഠിയിലും തിരഞ്ഞെടുപ്പ് പ്രചാരണമേല്‍ന്നോട്ടത്തിന് മുതിര്‍ന്ന നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. റായ്ബറേലിയില്‍ ചത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനേയും അമേഠിയില്‍ അശോക് ഗഹലോത്തിനേയുമാണ് നിരീക്ഷകരായി പ്രഖ്യാപിച്ചത്. ഇരുമണ്ഡലങ്ങളിലും പ്രചാരണനേതൃത്വം പ്രിയങ്കയ്ക്ക് നല്‍കാന്‍ കഴിഞ്ഞദിവസം ധാരണയായിരുന്നു.

നീണ്ടനാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ചാണ്, നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാനദിവസം റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. സോണിയാഗാന്ധി രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് പോയ ഒഴിവില്‍ രാഹുലിനെ റായ്ബറേലിയില്‍നിന്ന് മത്സരിപ്പിക്കാനായിരുന്നു തീരുമാനം. രാഹുല്‍ കഴിഞ്ഞതവണ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

പ്രചാരണം അവസാനിക്കുന്നത് വരെ പ്രിയങ്ക ഇരുമണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. തെരുവുയോഗങ്ങള്‍ക്കും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രിയങ്ക നേതൃത്വം നല്‍കും. റായ്ബറേലിയില്‍ ഒരു ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക താമസിക്കുന്നത്. ബൂത്ത് തലംമുതലുള്ള പ്രചാരണങ്ങള്‍ പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും.

ഇരുമണ്ഡലങ്ങളിലേയും സാമൂഹികമാധ്യമപ്രചാരണങ്ങള്‍ പ്രിയങ്ക നിരീക്ഷിക്കും. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂപേഷ് ബഘേല്‍, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പ്രചാരണ പരിപാടികള്‍ പ്രിയങ്ക നേരിട്ടാവും തീരുമാനിക്കുക.

Content Highlights: Cong appoints ex-CMs Baghel, Gehlot as AICC observers for Rae Bareli, Amethi